ന്യൂഡൽഹി: ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്‌മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നാലെ വിവാദങ്ങൾ തുടരുകയാണ്. ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ ഐപിഎൽ സംപ്രേഷണത്തിന് സർക്കാർ വിലക്കുമേർപ്പെടുത്തി. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ലേലത്തിൽ ലഭിച്ച തുക കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് പേസർക്ക് നൽകേണ്ടിവരില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ താരം നിയമപരമായ വഴികൾ തേടിയാൽ വിഷയം സങ്കീർണമാകും.

To advertise here,

കൊൽക്കത്ത ടീമിൽ നിന്ന് ഒഴിവാക്കിയ മുസ്താഫിസുർ റഹ്‌മാന് യാതൊരു നഷ്ടപരിഹാരവും ലഭിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരം. ബിസിസിഐയുടെ നിർദേശപ്രകാരമാണ് ഫ്രാഞ്ചൈസി താരത്തെ പുറത്താക്കിയത്. പുറത്തേക്ക് നയിച്ച സാഹചര്യങ്ങളിൽ മുസ്താഫിസുറിന് യാതൊരു പങ്കുമില്ലാതിരുന്നിട്ടും ബിസിസിഐയുടെ ഉന്നത തലത്തിൽ നിന്ന് കടുത്ത തീരുമാനമെടുക്കുകയായിരുന്നു. ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത ടീമിലെത്തിച്ചത്. സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് ടീമുകളിൽ കളിച്ചിട്ടുള്ള മുസ്താഫിസുർ 60 മത്സരങ്ങളിൽനിന്ന് 65 വിക്കറ്റും നേടിയിട്ടുണ്ട്.

"എല്ലാ ഐ.പി.എൽ കളിക്കാർക്കും ഇൻഷുറൻസ് ഉണ്ട്. വിദേശ താരങ്ങളെ സംബന്ധിച്ചിടത്തോളം, ക്യാമ്പിൽ ചേർന്നതിന് ശേഷമോ ടൂർണമെന്റിന്റെ ഇടയിലോ അവർക്ക് പരിക്കേറ്റാൽ സാധാരണയായി ഫ്രാഞ്ചൈസി പണം നൽകും. ഇൻഷുറൻസിൽ നിന്ന് 50 ശതമാനം വരെ നൽകും. കരാറുള്ള ഇന്ത്യൻ താരങ്ങൾക്ക് പരിക്കേറ്റാൽ ബിസിസിഐ പണം നൽകുകയാണ് ചെയ്യാറുള്ളത്." ഐ.പി.എൽ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

എന്നാൽ, മുസ്താഫിസുറിന്റെ കാര്യത്തിൽ സാധാരണ ഇൻഷുറൻസ് വ്യവസ്ഥകൾ ബാധകമല്ല. കാരണം പരിക്കോ ലീഗിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട മറ്റു കാരണങ്ങളോ കൊണ്ടല്ല താരം പുറത്തായത്. അതിനാൽ കൊൽക്കത്തയ്ക്ക് കരാർ പ്രകാരം പണം നൽകേണ്ട ബാധ്യതയില്ല."ഇൻഷുറൻസ് ക്ലെയിമിന്റെ കാര്യത്തിൽ, നിലവിലെ സാഹചര്യം ഇതിൽ ഉൾപ്പെടുന്നില്ല. അതിനാൽ കെ.കെ.ആറിന് ഒരു പൈസ പോലും നൽകാൻ ഔദ്യോഗികമായി ബാധ്യതയില്ല.- ഐപിഎൽ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

അതായത് ലേലത്തിൽ കോടിക്കണക്കിന് രൂപ ലഭിച്ചിട്ടും മുസ്താഫിസുറിന് വെറും കയ്യോടെ മടങ്ങേണ്ടിവരുമെന്നർഥം. എന്നാൽ മറ്റു നിയമപരമായ വഴികളിലേക്ക് മുസ്താഫിസുർ കടക്കുമോ എന്നാണ് അറിയാനുള്ളത്. പരിമിതമായ വഴികൾ മാത്രമേ താരത്തിന് മുന്നിൽ നിലനിൽക്കുന്നുള്ളൂ. ഐപിഎൽ ടൂർണമെന്റ് ഇന്ത്യൻ നിയമപരിധിക്കുള്ളിൽ വരുന്നതാണ്. അതേസമയം താരം കായിക തർക്കപരിഹാര കോടതിയെ സമീപിച്ചാൽ നിയമപ്രശ്നങ്ങളിലേക്ക് വഴിവെക്കും. അതിന് മുതിരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ സാഹചര്യങ്ങളാണ് പ്രധാന കാരണം. ഇന്ത്യയ്ക്ക് ബംഗ്ലാദേശുമായുള്ള ബന്ധം പാകിസ്താനുമായുള്ളതുപോലെയല്ല. അ‍ടുത്ത വർഷമാകുമ്പോഴേക്കും ഇതിന് മാറ്റം വരാം. അതിനാൽ നിയമപരമായ വഴികളിലേക്ക് കടന്ന് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.