ന്യൂഡൽഹി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ ബാറ്റർമാരിൽ ഒരാളാണ് ശിഖർ ധവാൻ. വിവിധ ഫ്രാഞ്ചൈസികൾക്കായി കളിച്ചിട്ടുള്ള ധവാൻ ഐപിഎല്ലിൽ ആറായിരത്തിലധികം റൺസും നേടിയിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ഐപിഎൽ ലേലത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ധവാൻ. 2018 ലെ ലേലത്തിൽ താൻ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ തുകയ്ക്കാണ് എസ്.ആർ.എച്ച് തന്നെ സ്വന്തമാക്കിയതെന്നും അത് തന്നെ നിരാശപ്പെടുത്തിയെന്നും ധവാൻ തുറന്നുപറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് ധവാന്റെ വെളിപ്പെടുത്തൽ.

To advertise here,

"ആ സമയത്ത് ഞാൻ എൻ്റെ കരിയറിൻ്റെ പീക്കിലായിരുന്നു. കുറഞ്ഞത് 12 കോടി രൂപയെങ്കിലും എനിക്ക് അർഹതയുണ്ടെന്ന് ഞാൻ കരുതി. ഞാൻ ഇന്ത്യക്കായി സ്ഥിരമായി കളിക്കുകയും മത്സരങ്ങൾ ജയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നിട്ടും, ലേലത്തിൽ എൻ്റെ പേര് ആദ്യം വന്നു, അതിൽ വെറും 5.2 കോടി രൂപയ്ക്ക് കൈമാറ്റം നടന്നു. ആ തുകയുമായി പൊരുത്തപ്പെടാൻ എനിക്ക് കുറച്ചു സമയം വേണ്ടിവന്നു."- ധവാൻ പറഞ്ഞു. ലേലത്തിൽ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ചാണ് ഹൈദരാബാദ് ധവാനെ ടീമിൽ തിരിച്ചെത്തിച്ചത്.

"അന്നത്തെ എസ്‌.ആർ.എച്ചിന്റെ മുഖ്യ പരിശീലകനായ വി.വി.എസ് ലക്ഷ്മൺ എൻ്റെ അടുത്ത് വന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു. സംഭവിച്ചതിൽ എനിക്ക് സന്തോഷമില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഞങ്ങൾ അതിനെക്കുറിച്ച് ദീർഘമായി സംസാരിച്ചു. പിന്നീട്, ആ സീസണിൽ ഞാൻ എസ്‌.ആർ.എച്ചിനായി കളിച്ചു, ഞങ്ങൾ ഫൈനലിൽ എത്തി. ഞാൻ അഞ്ഞൂറിലധികം റൺസ് നേടുകയും ഒരുപക്ഷേ ടീമിന്റെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനാവുകയും ചെയ്തു."- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തന്റെ കരിയറിൽ എടുത്ത തീരുമാനങ്ങളിൽ തനിക്ക് പശ്ചാത്താപമില്ലെന്നും ധവാൻ വ്യക്തമാക്കി. കരിയറിലെ തീരുമാനങ്ങളിൽ എനിക്ക് ഖേദമില്ല. ഇന്ന്, എൻ്റെ കാഴ്ചപ്പാടുകളിൽ മാറ്റം വന്നിട്ടുള്ളതിനാൽ ഞാൻ ആ സാഹചര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുമായിരുന്നു. എന്നാൽ എൻ്റെ മുൻകാല തീരുമാനങ്ങളിൽ എനിക്ക് പശ്ചാത്താപമില്ല." അദ്ദേഹം പറഞ്ഞു. 2024-ലാണ് ഐ.പി.എല്ലിൽ ധവാൻ അവസാനമായി കളിച്ചത്. ആ വർഷം അദ്ദേഹം പഞ്ചാബ് കിങ്സിനെ നയിച്ചു.