2027-ലെ ഐപിഎൽ മിനിലേലത്തിൽ പങ്കെടുത്തേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് പാകിസ്താൻ മുൻ പേസ് ബൗളർ മുഹമ്മദ് ആമിർ. അടുത്തിടെ യുകെ പാസ്‌പോർട്ട് നേടിയ 34-കാരനായ ഇടംകൈയൻ പേസ് ബൗളർ അഫ്ഗാനിസ്താൻ പ്രീമിയർ ലീഗിന്റെ ഡ്രാഫ്റ്റിൽ യുകെ പൗരനായി രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഐപിഎല്ലിലേക്ക് എത്തുമെന്ന ചർച്ചകൾ ഉയർന്നത്.

To advertise here,

ഡിസംബർ 16ന് ഗോവയിൽ ഐപിഎൽ 2027 മിനി ലേലം നടക്കാനിരിക്കെ മുൻ പാകിസ്താൻ താരം ലേലത്തിനായി രജിസ്റ്റർ ചെയ്‌തേക്കാമെന്നും ഇത് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിൽ പുതിയൊരു അധ്യായം തുറക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ഊഹാപോഹങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ആമിർ രംഗത്തെത്തി.

'ഐപിഎല്ലുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.'-എക്‌സിൽ ആമിർ കുറിച്ചു. 2024ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് ആമിർ പാകിസ്താനുവേണ്ടി 36 ടെസ്റ്റുകളിലും 61 ഏകദിനങ്ങളിലും 62 ട്വന്റി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. നേരത്തെ 2020ൽ അദ്ദേഹം വിരമിക്കൽ തീരുമാനം പിൻവലിച്ചിരുന്നു.

ബ്രിട്ടീഷ് പൗരനായി ആമിറിന്റെ പുതിയ തുടക്കം

2026 മേയ് മാസത്തിൽ ബ്രിട്ടീഷ് പൗരത്വം നേടിയത് ആമിറിന്റെ പ്രൊഫഷണൽ കരിയറിൽ പുതിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. യുകെ പാസ്‌പോർട്ട് ലഭിച്ചതിനെ തുടർന്ന് ജൂണിൽ 2026-ലെ ട്വന്റി 20 ബ്ലാസ്റ്റ് ടൂർണമെന്റിൽ കളിക്കാനായി ആമിർ നോട്ടിംഗ്ഹാംഷെയറിൽ ചേർന്നു. തുടർന്ന് 'ദി ഹൺഡ്രഡ്' ടൂർണമെന്റിൽ ട്രെന്റ് റോക്കറ്റ്‌സിനെ പ്രതിനിധീകരിച്ച അദ്ദേഹം ഇംഗ്ലീഷ് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കൂടുതൽ സജീവമായി.

അഫ്ഗാനിസ്താൻ പ്രീമിയർ ലീഗിൽ ബ്രിട്ടീഷ് പൗരനായി അദ്ദേഹം രജിസ്റ്റർ ചെയ്തത് കരിയറിലെ മറ്റൊരു ചുവടുവെപ്പാണ്. നവംബർ മൂന്നിന് ദുബായിലാണ് ലേലം നടക്കുന്നത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് എൻഒസി ലഭിക്കുന്നതിനെ ആശ്രയിച്ചാണ് പാക് താരങ്ങളുടെ ലഭ്യത. ഇതിനിടയിലാണ് ആമിറിന്റെ ഈ നീക്കം.

ബ്രിട്ടീഷ് പൗരത്വം നേടിയശേഷം ഒരു മുൻ പാകിസ്താൻ താരം ഐപിഎല്ലിൽ കളിച്ച മുൻകാല മാതൃകകൾ നിലവിലുണ്ട്. 2012-നും 2015-നും ഇടയിൽ അസ്ഹർ മഹമൂദ് കിങ്‌സ് ഇലവൻ പഞ്ചാബിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.