ചെന്നൈ: 2026 ഐപിഎൽ സീസണിനിടെ തന്റെ അമ്മയെ നഷ്ടപ്പെട്ട ചെന്നൈ സൂപ്പർകിങ്‌സ് പേസർ മുകേഷ് ചൗധരിക്ക് താങ്ങായത് എം.എസ്. ധോനി. അമ്മയുടെ വിയോഗത്തിൽ മുകേഷിന് ആശ്വാസവും പിന്തുണയുമായി ധോനി കൂടെയുണ്ടായിരുന്നു. മുകേഷിന്റെ മാതാവ് പ്രേം ദേവി ഒരു വർഷത്തോളമായി അസുഖബാധിതയായിരുന്നു. മുംബൈയിലെ ടാറ്റ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അവരുടെ വിയോഗം.

To advertise here,

ഈ വിഷമഘട്ടത്തിൽ ധോനി, മുകേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. കൂടാതെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുകേഷിന്റെ മാതാവിനെ സന്ദർശിക്കാനും ധോനി സമയം കണ്ടെത്തി. ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം മുകേഷ് തന്റെ ജന്മനാടായ രാജസ്ഥാനിലെ ഭീൽവാരയിലേക്ക് പോയി. അവിടെ ചേട്ടൻ ഡോ. രാജേഷ് ചൗധരിക്കൊപ്പം മാതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കുകൊണ്ടു.

ഈ സീസണിൽ കാലിലെ പേശീവലിവ് കാരണം ധോനിക്ക് ഇതുവരെ കളിക്കാൻ സാധിച്ചിട്ടില്ല. എങ്കിലും അദ്ദേഹം പരിശീലന സെഷനുകളിൽ സജീവമാണ്. ചൊവ്വാഴ്ച ധോനി വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങും പരിശീലിച്ചിരുന്നു. ബുധനാഴ്ചയും അദ്ദേഹം നെറ്റ്‌സിൽ സമയം ചെലവഴിച്ചിരുന്നു. ധോനിയുടെ മത്സരത്തിലെ പങ്കാളിത്തം ടീം മെഡിക്കൽ സ്റ്റാഫിന്റെ നിർദേശപ്രകാരമായിരിക്കും തീരുമാനിക്കുക.