ന്യൂഡല്‍ഹി: 2007-ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പ് ഫൈനല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവില്ല. അവസാന ഓവറിലേക്ക് നീണ്ട കലാശപ്പോരില്‍ അഞ്ച് റണ്‍സിന് പാകിസ്താനെ കീഴടക്കിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. അന്ന് കപ്പുയര്‍ത്തിയ നായകന്‍ മഹേന്ദ്ര സിങ് ധോനിയും ഇന്ത്യയുടെ അവസാന ഓവര്‍ എറിഞ്ഞ് ഹീറോയായ ജൊഗീന്ദര്‍ ശര്‍മയും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കണ്ടുമുട്ടി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രം ജൊഗീന്ദര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ധോനിയെ കാണുന്നതെന്നും സന്തോഷമുണ്ടെന്നും ചിത്രം പങ്കുവെച്ചുകൊണ്ട് ജൊഗീന്ദര്‍ ശര്‍മ കുറിച്ചു.

To advertise here,

നീണ്ട ഇടവേളയ്ക്ക് ശേഷം ധോനിയെ കാണാനായതില്‍ സന്തോഷമുണ്ട്. 12-വര്‍ഷങ്ങള്‍ക്ക് ശേഷം താങ്കളുമായുള്ള കണ്ടുമുട്ടല്‍ വ്യത്യസ്തമായ അനുഭവമായിരുന്നു. -ജൊഗീന്ദര്‍  ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നിര്‍ണായകമായ അവസാന ഓവറില്‍ പാക് ബാറ്റര്‍ മിസ്ബാ ഉള്‍ ഹഖിനെ പുറത്താക്കി ജയവും ലോകകപ്പും സമ്മാനിച്ചതോടെയാണ് ജൊഗീന്ദര്‍ ഹീറോയായി മാറിയത്. ടി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു പാകിസ്താന്റെ വിജയലക്ഷ്യം. 19 ഓവര്‍ അവസാനിക്കുമ്പോള്‍ പാകിസ്താന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ്. ക്രീസില്‍ നിലയുറപ്പിച്ച മിസ്ബാ ഉള്‍ ഹഖിലായിരുന്നു പാക് പ്രതീക്ഷ മുഴുവന്‍.

നായകന്‍ ധോനി അവസാന ഓവര്‍ മീഡിയം പേസറായ ജൊഗീന്ദറിനെ ഏല്‍പ്പിച്ചു. ആദ്യ പന്ത് വൈഡായി. പിന്നാലെ ഡോട്ട് ബോളും. രണ്ടാം പന്ത് അതിര്‍ത്തികടത്തി മിസ്ബാ പാകിസ്താന് ജയപ്രതീക്ഷ സമ്മാനിച്ചു. നാല് പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ്. എന്നാല്‍ അടുത്ത പന്തില്‍ കളി മാറി. ഫൈന്‍ ലെഗില്‍ ബൗണ്ടറി ലക്ഷ്യമിട്ട മിസ്ബായ്ക്ക് പിഴച്ചു. മിസ്ബായുടെ ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ നിലയുറപ്പിച്ച ശ്രീശാന്ത് കൈയിലൊതുക്കി. അഞ്ച് റണ്‍സ് ജയത്തോടെ ഇന്ത്യ പ്രഥമ ടി20 ലോകകപ്പില്‍ മുത്തമിട്ടു. ജൊഗീന്ദര്‍ 2023-ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. നിലവില്‍ കല്‍ക അസിസ്റ്റന്റ് പോലീസ് കമ്മിഷണറാണ്.