ന്യൂ‌ഡൽഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി മഹാരാഷ്ട്രയിലെ നവി മുംബൈയ്ക്ക്. തുടർച്ചയായി എട്ടുവർഷം ഒന്നാം സ്ഥാനം നിലനിർത്തിയ ഇൻഡോറിനെ പിന്തള്ളിയാണ് ഈ നേട്ടം. കേന്ദ്രസർക്കാരിന്റെ 2025-26 ശുചിത്വ സർവേയിലാണ് നവി മുംബൈ ഒന്നാമതെത്തിയത്. സൂറത്ത് രണ്ടാം സ്ഥാനവും വിജയവാഡ മൂന്നാം സ്ഥാനവും നേടി. ഏറ്റവും വൃത്തിയുള്ള നദീതീര നഗരമായി മധ്യപ്രദേശിലെ രേവയും ഹിമാലയൻ മേഖലയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഉത്തരാഖണ്ഡിലെ റുദ്രാപുരും തിരഞ്ഞെടുക്കപ്പെട്ടു.

To advertise here,

പുതുതായി ആരംഭിച്ച സ്വച്ഛ് ഷഹർ ജോഡി പദ്ധതിയുടെ ഭാഗമായ മെന്റർ സിറ്റി വിഭാഗത്തിൽ അഹമ്മദാബാദും സനന്ദും ഒന്നാം സ്ഥാനം നേടി.

രാജ്യത്തെ 4,700-ലധികം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർവേയിൽ പങ്കെടുത്തിരുന്നു.  ഏറ്റവും വൃത്തിയുള്ള തീരദേശ നഗരങ്ങളുടെ വിഭാഗത്തിൽ ഒഡിഷയിലെ പുരി ഒന്നാം സ്ഥാനം നേടി. ആലപ്പുഴ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. പരിശീലനം ലഭിച്ച 3,000-ത്തിലധികം ഉദ്യോഗസ്ഥർ നേരിട്ടെത്തി നഗരങ്ങളിലെ ശുചിത്വനിലവാരം വിലയിരുത്തിയതായി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം അറിയിച്ചു. ജിപിഎസ് വഴിയായിരുന്നു പരിശോധന. എല്ലാ നടപടികളും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് പൂർത്തിയാക്കിയത്.

2024-25-ലെ സ്വച്ഛ് സർവേക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ 2025-26-ൽ നഗരങ്ങളിലെ ശുചിത്വപ്രവർത്തനങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടായതായും മന്ത്രാലയം വ്യക്തമാക്കി. നഗരങ്ങളിലെ വീടുകളിൽ നിന്നുള്ള മാലിന്യശേഖരണത്തിന്റെ തോത് 52 ശതമാനമായിരുന്നത് 74 ശതമാനമായി വർധിച്ചിട്ടുണ്ട്. മാലിന്യം ഉറവിടത്തിൽത്തന്നെ വേർതിരിക്കുന്നതിന്റെ തോത് 16-ൽനിന്ന് 30 ശതമാനമായി മാറിയിട്ടുണ്ട്. ശുചിത്വസൗകര്യങ്ങളുടെ ലഭ്യതയിലും മലിനജലത്തിന്റെ സംസ്കരണത്തിലും മുൻവർഷത്തേക്കാൾ പുരോഗതിയുണ്ടായി. ബോധവത്കരണ പ്രവർത്തനങ്ങളും നല്ലരീതിയിൽ വർദ്ധിച്ചിട്ടുണ്ട്.

ശുചിത്വത്തിന്റെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നഗരങ്ങളുടെ മാർഗനിർദേശവും പിന്തുണയും ലഭിച്ചതിലൂടെ, മുൻപ് മോശം പ്രകടനം കാഴ്ച്ചവെച്ച നഗരങ്ങളിലെ ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. ശുചിത്വത്തിന് പുതിയ തുടക്കം; കൈകോർക്കാം, ഒരുമിച്ച് ശുചീകരിക്കാം എന്നതായിരുന്നു ഈ വർഷത്തെ സർവേയുടെ പ്രമേയം.