എക്കോ എന്ന ചിത്രത്തിലെ പോത്തൻ എന്ന കഥാപാത്രത്തിന്റെ ഡബിൾ ഡോസ് പ്രകടനമാണ് സാമുവലിലൂടെ വിനീത് കാഴ്ചവെയ്ക്കുന്നത്.

രണ്ടുതരത്തിലുള്ള ചിത്രങ്ങളുണ്ട്. ഒന്ന്, തിരക്കഥയെഴുതി കൃത്യമായി സ്ക്രീനിലെത്തിക്കുന്നവ. രണ്ടാമത്തേത്, തിരക്കഥയെഴുതുകയും ഇതെങ്ങനെ ഉദ്ദേശിച്ച അതേ അളവിൽ സ്ക്രീനിലെത്തിക്കും എന്ന് തോന്നിക്കുന്നവ. ഇതിൽ രണ്ടാമത്തേതാണ് കുറച്ചധികം വെല്ലുവിളി ഉയർത്തുന്നത്. കാരണം എഴുതിവെയ്ക്കുന്ന അതേ ദൃശ്യഭംഗിയോടെ കഥ ഷൂട്ട് ചെയ്യണമെന്നതുതന്നെ. ആ വെല്ലുവിളി അനായാസം മറികടക്കുന്ന ചിത്രമാണ് റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിച്ച ഭൗമ. വിനീത്, രേവതി ശർമ, സാഗർ സൂര്യ, ദിലീഷ് പോത്തൻ എന്നിവരാണ് ഈ ഡാർക് ത്രില്ലറിൽ മുഖ്യവേഷങ്ങളിലെത്തിയിരിക്കുന്നത്. കഥാവഴിയെന്തെന്ന വ്യക്തമായ സൂചന നൽകാതെ ഓരോ നിമിഷവും പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റോസ് വില്ല എന്ന എസ്റ്റേറ്റ് ബംഗ്ലാവിനെ ചുറ്റിപ്പറ്റിയാണ് ഭൗമയുടെ കഥാപരിസരം വികസിക്കുന്നത്. വർഷങ്ങൾക്കുമുന്നേ സംഭവിച്ച ചില ദുരൂഹമരണങ്ങളുടെ കറ പുരണ്ട ചരിത്രംകൂടി റോസ് വില്ലയുടെ ചുവരുകൾക്ക് പറയാനുണ്ട്. ഈ ബംഗ്ലാവിന്റെ ഇപ്പോഴത്തെ ഏക അവകാശി താനാണെന്ന് അറിയാനിടവരികയാണ് സെലിൻ എന്ന ക്ലബ് ഗായികയ്ക്ക്. റോസ് വില്ലയിലേക്ക് സെലിനും സുഹൃത്ത് ജേക്കബും നടത്തുന്ന യാത്രയാണ് ഭൗമ എന്ന ചിത്രത്തെ ഉദ്വേഗജനകമാക്കുന്നത്. അടുത്തതായി സംഭവിക്കാൻ പോകുന്നതെന്തെന്ന ആകാംക്ഷയാണ് ചിത്രത്തെ നയിക്കുന്ന പ്രധാനഘടകം.
കഥാവഴിയിൽ ചിത്രം ഭൂതകാലത്തേക്കും വർത്തമാനകാലത്തേക്കും ഒരേപോലെ വന്നുപോകുന്നുണ്ട്. അത് പക്ഷേ ത്രില്ലർ സിനിമകളിൽ സ്ഥിരം കാണുന്നതുപോലെ സസ്പെൻസ് വെളിപ്പെടുന്ന കുറച്ചുഭാഗം മാത്രം ഫ്ലാഷ് ബാക്ക് എന്ന പോലെയല്ല. ചിത്രത്തിന്റെ ചടുലമായ അവതരണത്തിനൊപ്പം ഇഴുകിച്ചേർന്നുനിൽക്കുന്നുണ്ട് ഭൂതകാലവും വർത്തമാനകാലവും. ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും റോസ് വില്ല എന്ന ബംഗ്ലാവുമായി ബന്ധപ്പെടുത്തി നിർത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. റോസ് വില്ലയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾക്കൊപ്പം സമാന്തരമായി ഈശോ എന്ന പോലീസ് കഥാപാത്രം നടത്തുന്ന കുറ്റാന്വേഷണവും ഭൗമയിലെ സസ്പെൻസിനെ മുറുക്കുന്നുണ്ട്.
രേവതി ശർമ അവതരിപ്പിക്കുന്ന ‘സൺസെറ്റ്’ ആണ് ചിത്രത്തിലെ പ്രധാനകഥാപാത്രം. പലതലങ്ങളുള്ള ഈ കഥാപാത്രത്തെ രേവതി ഗംഭീരമാക്കിയിട്ടുണ്ട്. ഇതിനൊപ്പം നിൽക്കുന്ന വേഷമാണ് വിനീത് അവതരിപ്പിച്ച സാമുവൽ. വിനീത് ഇന്നേവരെ ചെയ്യാത്ത കഥാപാത്രമാണ് സാമുവലെന്ന് നിസ്സംശയം പറയാം. കണ്ണുകളിൽ ക്രൗരവും ദുരൂഹതയും ഒളിപ്പിച്ച സാമുവൽ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. എക്കോ എന്ന ചിത്രത്തിലെ പോത്തൻ എന്ന കഥാപാത്രത്തിന്റെ ഡബിൾ ഡോസ് പ്രകടനമാണ് സാമുവലിലൂടെ വിനീത് കാഴ്ചവെയ്ക്കുന്നത്. ഞെട്ടിക്കുന്ന മറ്റൊരു പ്രകടനം മധുപാലിന്റേതാണ്. ഈ കഥാപാത്രത്തിന് സംവിധായകൻ നൽകിയിരിക്കുന്ന ബിൽഡപ്പ് അതിഗംഭീരമെന്നേ പറയാനാകൂ. ബെത്ഷേബയെ അവതരിപ്പിച്ച മെറിൻ ഫിലിപ്പും കയ്യടി അർഹിക്കുന്നുണ്ട്.
സാഗർ സൂര്യ, അതിഥി ബാലൻ, ലെന, മോക്ഷ സെൻഗുപ്ത,രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ്. ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ എന്നിവരും മികച്ച പ്രകടനംതന്നെ പുറത്തെടുത്തു.
റോസ് വില്ല സ്ഥിതി ചെയ്യുന്ന അന്തരീക്ഷത്തെ തനിമ ചോരാതെ ഒപ്പിയെടുത്ത ഛായാഗ്രാഹകൻ ശരൺ വേലായുധനും സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യറും പ്രശംസയർഹിക്കുന്നു. പ്രകൃതിയെ ഒരു കഥാപാത്രമായി ഒരുക്കുന്നതിൽ ഇരുവരും വഹിച്ച പങ്ക് ചില്ലറയല്ല. സംവിധായകനെന്ന നിലയിൽ ആദ്യചിത്രമായ പെൻഡുലത്തിൽനിന്ന് ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട് റെജിൻ. ആദ്യ അഞ്ച് മിനിറ്റിൽത്തന്നെ ചിത്രത്തിന്റെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തിരക്കഥയിലെ പ്രധാന ട്വിസ്റ്റ് ഞെട്ടിക്കുംവിധം ഒരുക്കുന്നതിലും റെജിൻ വിജയിച്ചിട്ടുണ്ട്. മലയാളസിനിമയിൽ ഇന്നേവരെ കാണാത്തവിധമുള്ള ഒരു ത്രില്ലർ ഒരുക്കിയതിൽ അദ്ദേഹത്തിന് അഭിമാനിക്കാം.
ഒരുപാട് ത്രില്ലറുകൾ വരുന്ന മലയാളസിനിമയിലെ ധീരവും വേറിട്ടതുമായ പരീക്ഷണമാണ് ഭൗമ. വ്യത്യസ്തമായ മിസ്റ്ററി ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഭൗമ ധൈര്യമായി കാണാം.
Content Highlights: There are two types of films: those that follow a script precisely and those that challenge by capturing the intended vision on screen. "Bouma," written and directed by Rejin S. Babu, excels in the latter. Set around the mysterious Rose Villa, the film intertwines past and present, maintaining suspense without revealing too much.
Published: 12 Nov 2026, 02:31 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്‍.ടി
anjaydas@mpp.co.inRelated Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented