
തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ്. തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി. 14 ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ തസ്തികകളിലും അധിക ചുമതലകളിലും മാറ്റംവരുത്തി സർക്കാർ ഉത്തരവിറങ്ങി. പുതിയ എക്സൈസ് കമ്മീഷണറായി ഡോക്ടർ എസ്. കാർത്തികേയന് ചുമതല നൽകി. എം.ജി. രാജമാണിക്യത്തിന് ഇൻഫർമേഷൻ കേരള മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നൽകിയപ്പോൾ, ജെറോമിക് ജോർജിനെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി നിയമിക്കാൻ ഉത്തരവായി. ഡോക്ടർ ഷർമിള മേരി ജോസഫിന് കെ.ടി.ഡി.എഫ്.സി. ചെയർപേഴ്സൺ സ്ഥാനത്തിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് ശ്രീറാം സാംബശിവറാവുവിനെയും കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെയും മാറ്റിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ വകുപ്പുകളിൽ ഈ പുനഃസംഘടന ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം മന്ത്രിമാരും ഉദ്യോഗസ്ഥരുമായുള്ള തർക്കങ്ങളും അഴിമതി ആരോപണങ്ങളും ഉദ്യോഗസ്ഥതലത്തിലെ എതിർപ്പുകളും ഭരണതലത്തിൽ വലിയ ചർച്ചയായിരുന്നു.
- ഡോ. ശർമിള മേരി ജോസഫ് ഐ.എ.എസ്.: ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ശർമിള മേരി ജോസഫിന്, നിലവിലെ അധിക ചുമതലകൾക്ക് പുറമെ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC) ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നൽകി. ഇതോടെ കെറ്റിഡിഎഫ്സി മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയിൽനിന്ന് ബാലമുരളി ഡി. ഐ.എ.എസിനെ ഒഴിവാക്കി.
- പ്രശാന്ത് എൻ. ഐ.എ.എസ്.: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രശാന്ത് എൻ. ഐ.എ.എസിന്, നിലവിലെ അധിക ചുമതലയ്ക്ക് പുറമെ മ്യൂസിയം, മൃഗശാല, പുരാവസ്തു, ആർക്കൈവ്സ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ പൂർണ്ണ അധിക ചുമതല കൈമാറി. ഈ വകുപ്പിന്റെ അധിക ചുമതലയിൽനിന്ന് ഗോപാലകൃഷ്ണൻ കെ. ഐ.എ.എസിനെ ഒഴിവാക്കിയിട്ടുണ്ട്.
- എം. ജി. രാജമാണിക്യം ഐ.എ.എസ്. : തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായ എം. ജി. രാജമാണിക്യത്തിന്, നിലവിലെ അധിക ചുമതലകൾക്ക് പുറമെ ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നൽകി.
- ഡോ. കാർത്തികേയൻ എസ്. ഐ.എ.എസ്.: അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. കാർത്തികേയൻ എസ്. ഐ.എ.എസിനെ ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ഇതിനു പുറമെ എക്സൈസ് കമ്മീഷണർ, ഭവന നിർമ്മാണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്നീ പൂർണ്ണ അധിക ചുമതലകളും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഭവന നിർമ്മാണ വകുപ്പിന്റെ അധിക ചുമതലയിൽനിന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ ഐ.എ.എസിനെ ഒഴിവാക്കി.
- ബാലമുരളി ഡി. ഐ.എ.എസ്. : ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ ബാലമുരളി ഡി. ഐ.എ.എസിന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നൽകി.
- സുഹാസ് എസ്. ഐ.എ.എസ്.: ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ സുഹാസ് എസ്. ഐ.എ.എസ്., കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയിൽ തുടരും.
- അബ്ദുൽ നാസർ ബി. ഐ.എ.എസ്.: സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ അബ്ദുൽ നാസർ ബി. ഐ.എ.എസിന് പാർലമെന്ററി കാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ പൂർണ്ണ അധിക ചുമതല നൽകി.
- സുഭാഷ് ടി. വി. ഐ.എ.എസ്. : നവംബർ 2-ലെ ഉത്തരവ് പ്രകാരം കെ.എം.എസ്.സി.എൽ. എം.ഡി.യായി സ്ഥലംമാറ്റിയിരുന്ന കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സുഭാഷ് ടി. വി. ഐ.എ.എസ്., കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിത്തന്നെ തുടരും. ഇതിനു പുറമെ സാമൂഹിക സന്നദ്ധസേന ഡയറക്ടർ, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ചെയർപേഴ്സൺ എന്നീ പൂർണ്ണ അധിക ചുമതലകളും അദ്ദേഹം വഹിക്കും.
- ജെറോമിക് ജോർജ് ഐ.എ.എസ്. : ജെറോമിക് ജോർജ് ഐ.എ.എസിന്റെ സേവനം തുറമുഖ വകുപ്പിന് വിട്ടുനൽകുകയും അദ്ദേഹത്തെ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പൂർണ്ണ അധിക ചുമതലയിലും അദ്ദേഹം തുടരും.
- അഫ്സാന പർവീൺ ഐ.എ.എസ്. : മിൽമ മാനേജിംഗ് ഡയറക്ടറായി ക്ഷീരവികസന വകുപ്പിന് കീഴിൽ സേവനമനുഷ്ഠിക്കുന്ന അഫ്സാന പർവീൺ ഐ.എ.എസിന് നോർക്ക ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നൽകി. പൊതുഭരണ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ തുടരുന്ന അഡീഷണൽ സെക്രട്ടറി രാജേഷ് എം.നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തുടരും.
- ദേവിദാസ് എൻ. ഐ.എ.എസ്. : നവംബർ 2-ലെ ഉത്തരവ് പ്രകാരം എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടറായി മാറ്റിയിരുന്ന ദേവിദാസ് എൻ. ഐ.എ.എസിനെ തദ്ദേശ സ്വയംഭരണ (ഗ്രാമീണ) വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഇംപാക്ട് കേരള മാനേജിംഗ് ഡയറക്ടർ എന്നീ പൂർണ്ണ അധിക ചുമതലകൾ അദ്ദേഹം വഹിക്കും. സഫ്ന നസറുദ്ദീൻ ഐ.എ.എസ്. അവധിയിലായ ഒഴിവിലെ ലേബർ കമ്മീഷണറുടെ ചുമതലയിലും അദ്ദേഹം തുടരും.
- രാഹുൽ കൃഷ്ണ ശർമ്മ ഐ.എ.എസ്. : സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പ് സ്പെഷ്യൽ കമ്മീഷണറായ രാഹുൽ കൃഷ്ണ ശർമ്മ ഐ.എ.എസിന്, നിലവിലെ ചുമതലകൾക്ക് പുറമെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല കൈമാറി.
- ഡോ. മിഥുൻ പ്രേംരാജ് ഐ.എ.എസ്. : മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടറായ ഡോ. മിഥുൻ പ്രേംരാജിന്, നിലവിലെ ചുമതലകൾക്ക് പുറമെ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നൽകി.
- അപൂർവ ത്രിപാഠി ഐ.എ.എസ്. : തദ്ദേശ സ്വയംഭരണ (ഗ്രാമീണ) വകുപ്പ് ഡയറക്ടറായ അപൂർവ ത്രിപാഠി ഐ.എ.എസിനെ വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മാറ്റി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പൂർണ്ണ അധിക ചുമതലയും ഇവർ വഹിക്കും.
Content Highlights: The Kerala government has announced a major bureaucratic reshuffle involving 14 IAS officers, assigning new roles including the excise commissioner and port managing director positions.
Published: 12 Nov 2026, 03:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented