ചെന്നൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ലീഗ് ഘട്ട മത്സരങ്ങൾ അവസാനിക്കാനിരിക്കേ വീണ്ടും എം.എസ് ധോനിയുടെ വിരമിക്കൽ ചർച്ചയാകുന്നു. തിങ്കളാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ ഈ സീസണിലെ അവസാന ഹോം മത്സരം. അതിനാൽ തന്നെ ഹൈദരാബാദിനെതിരേ കളത്തിലിറങ്ങി ധോനി ഐപിഎല്ലിൽ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

To advertise here,

സീസണിലെ അവസാന ഹോം മത്സരത്തിന് ചെന്നൈ ഒരുങ്ങുമ്പോൾ തങ്ങളുടെ 'തല' കളിക്കാനിറങ്ങുമോ എന്ന ആകാംഷയിലാണ് ആരാധകരും. ഇത്തവണ പരിക്ക് കാരണം ഒരു മത്സരത്തിൽ പോലും ധോനി കളത്തിലിറങ്ങിയിട്ടില്ല. കാൽമുട്ടിന് താഴെയുള്ള പേശിക്കേറ്റ പരിക്കാണ് താരത്തിന് വില്ലനായത്. ഇടയ്ക്കുവെച്ച് പരിശീലനത്തിനിടെ പരിക്ക് ഗുരുതരമായതോടെ സീസൺ തന്നെ ധോനിക്ക് നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ധോനി കളത്തിലിറങ്ങാത്തതിനു കാരണം പരിക്ക് മാത്രമല്ലെന്ന റിപ്പോർട്ടുകളും ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവന്നിട്ടുണ്ട്.

2021-ൽ ചെന്നൈയിൽ നടന്ന ഐപിഎൽ കിരീടാഘോഷത്തിനിടെ, തന്റെ അവസാന ടി20 മത്സരം ചെന്നൈയിൽ കളിക്കണമെന്ന ആഗ്രഹം ധോനി പ്രകടിപ്പിച്ചിരുന്നു. 'എന്റെ അവസാന ടി20 ചെന്നൈയിലായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് അടുത്ത വർഷമാണോ അതോ അഞ്ച് വർഷത്തിന് ശേഷമാണോ എന്ന് നമുക്കറിയില്ല,' എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ആ അഞ്ച് വർഷത്തെ കാലയളവ് ഈ സീസണോടെ പൂർത്തിയാകുകയാണ്. ഇതാണ് ധോനിയുടെ വിരമിക്കൽ ഇപ്പോൾ വീണ്ടും ചർച്ചയാകാൻ കാരണം.

അതേസമയം ധോനി ഹൈദരാബാദിനെതിരേ കളിക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ മുൻ സഹതാരം ആർ. അശ്വിൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടോ മൂന്നോ മത്സരങ്ങളായി ധോനി കളിക്കാൻ പൂർണ സജ്ജനാണെന്നും അശ്വിൻ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ധോനി കളിക്കാൻ തയ്യാറാണെന്ന കാര്യം സിഎസ്‌കെ ക്യാമ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭാവിയിലേക്കുള്ള ടീമിനെ സജ്ജമാക്കുന്നതിനും ടീം കോമ്പിനേഷനിൽ മാറ്റങ്ങൾ വരാതിരിക്കാനുമാണ് 44-കാരനായ ധോണി മാറിനിൽക്കുന്നതെന്ന ചില നിരീക്ഷണങ്ങളും നിലവിലുണ്ട്.