സിഡ്‌നിയിലെ ബെറേല ക്രിക്കറ്റ് ക്ലബ്ബിന്റെ കോച്ച് നീൽ ഡിക്കോസ്റ്റയുടെ കണ്ണുകൾ ഒരു പതിന്നാലുകാരന്റെ ത്രോയിലായിരുന്നു. വിക്കറ്റ് കീപ്പറായ അവന്റെ ത്രോയ്ക്ക് എന്തൊരു ശക്തിയാണ്! ഗ്ലൗ ഊരിവാങ്ങി, അവനോട് പന്തെറിയാൻ പറഞ്ഞു. ‘‘ഞാൻ വിക്കറ്റ് കീപ്പറാണ്’’ -അവൻ പറഞ്ഞു. ‘‘പറഞ്ഞത് ചെയ്യൂ...’’ എന്ന് കോച്ചിന്റെ മറുപടി. പിറ്റേന്നുമുതൽ പരിശീലനത്തിനെത്തുന്ന അവന് നാലു ബക്കറ്റ് നിറയെ പന്തുകൾ നൽകും. അത് എറിഞ്ഞുതീർത്തിട്ടേ പോകാൻ അനുവദിക്കൂ. ബൗളിങ് അവന് മടിയായിരുന്നു. കോച്ച് അവനെ വിളിച്ചിരുത്തി സംസാരിച്ചു. ‘‘ഒരിക്കൽ നീ ഓസ്ട്രേലിയക്കുവേണ്ടി കളിക്കും... അത് വേണോ അതോ ഗ്രൗണ്ടിനുപുറത്ത് വർത്തമാനം പറഞ്ഞിരിക്കുന്നവരെപ്പോലെയാകണോ...’’ അവന്റെ മനസ്സുമാറി, ഫാസ്റ്റ് ബൗളറാകാൻ തയ്യാറെടുപ്പു തുടങ്ങി. കോച്ചിന്റെ വാക്കുകൾ വെറുതേയായില്ല. 2010-ൽ അവൻ ഓസ്‌ട്രേലിയക്കുവേണ്ടി കളിച്ചു. ലോകത്തെ ഏറ്റവും മികച്ച ഇടംകൈയൻ പേസർമാരിലൊരാളായിമാറി, മിച്ചൽ സ്റ്റാർക്ക് എന്ന ‘ടെസ്റ്റ് സ്റ്റാർ’.

To advertise here,

സ്റ്റാർക്കിന് 2026 ജനുവരിയിൽ 36 വയസ്സാകും. 11 ടെസ്റ്റിൽ 55 വിക്കറ്റ് വീഴ്ത്തി സ്റ്റാർക് സൂപ്പർ സ്റ്റാറായ വർഷമാണ് കടന്നുപോകുന്നത്. വസീം അക്രത്തെ മറിടകന്ന്, ടെസ്റ്റിൽ കൂടുതൽ വിക്കറ്റ് നേടുന്ന ഇടംകൈയൻ പേസർ എന്ന റെക്കോഡും (428) നേടി.

കരിയറിലെ ഏറ്റവും മികച്ച ബൗളിങ് കണ്ടത് ഈ ആഷസ് പരമ്പരയിലാണ്. പെർത്ത് ടെസ്റ്റിൽ 58 റൺസിന് ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകൾ വീഴ്ത്തി. സമീപകാലത്ത് പേസ് അല്പം കുറച്ചെങ്കിലും ഇന്നും അദ്ദേഹം എറിയുന്ന പന്തുകൾക്ക് മണിക്കൂറിൽ 140 കിലോമീറ്ററിലേറെ വേഗമുണ്ട്.

ഓസ്‌ട്രേലിയക്കായി ടെസ്റ്റിൽ സ്റ്റാർക് എറിയുന്ന ആദ്യ ഓവറുകൾ ഒരു ഡോക്യുമെന്ററിയാക്കാവുന്നതാണ്. മിക്കപ്പോഴും ആദ്യ ഓവറിൽത്തന്നെ വിക്കറ്റ് വീഴും. കരിയറിൽ 26 തവണ ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തി. ഈ പ്രായത്തിലും സ്റ്റാർക് ഇത്ര വേഗത്തിലും കൃത്യതയിലും പന്തെറിയുന്നത് എങ്ങനെയെന്ന് ഓസ്‌ട്രേലിയൻ കോച്ച് ആൻഡ്രൂ മക്‌ഡോണാൾഡിനോട് ഒരു പോഡ്കാസ്റ്റിൽ ചോദിച്ചതിനുള്ള മറുപടി ഇങ്ങനെ: ‘‘എനിക്കറിയില്ല അയാൾക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്ന്. ടീം ഫിസിയോ എന്നോട് പറഞ്ഞത് സ്റ്റാർക് ഒരു പ്രതിഭാസമാണെന്നാണ്’’.

മിച്ചൽ സ്റ്റാർക് ബൗളിങ്@2025

ടെസ്റ്റ്: 11

എറിഞ്ഞ പന്തുകൾ: 1560

മെയ്ഡൻ ഓവറുകൾ: 37

വഴങ്ങിയ റൺസ്: 953

വിക്കറ്റ്: 55

മികച്ച ബൗളിങ്: 7/55

ശരാശരി: 17.32

ഇക്കോണമി: 3.66

അഞ്ചുവിക്കറ്റ്; മൂന്നുതവണ

10 വിക്കറ്റ്: ഒരുതവണ

ബാറ്റിങ്@2025

ഒൻപതാമനായി ഇറങ്ങി മൂന്ന് അർധസെഞ്ചുറി ഉൾപ്പെടെ 271 റൺസ്

ടെസ്റ്റ് ബൗളേഴ്‌സ്@2025

മിച്ചൽ സ്റ്റാർക് (ഓസ്‌ട്രേലിയ): 11 മത്സരം, 55 വിക്കറ്റ്

മുഹമ്മദ് സിറാജ് (ഇന്ത്യ): 10 മത്സരം, 43 വിക്കറ്റ്

ബ്ലെസ്സിങ് മുസറാബനി (സിംബാബ്‌വേ): 10 മത്സരം, 42 വിക്കറ്റ്

മിച്ചൽ സ്റ്റാർക് ടെസ്റ്റ് കരിയർ

2011-2025

മത്സരം: 104

പന്തുകൾ: 19,765

വിക്കറ്റ്: 428

ശരാശരി: 26.43

ഇക്കോണമി: 3.43

അഞ്ചുവിക്കറ്റ്: 18

10 വിക്കറ്റ് നേട്ടം:‌ 3

കൂടുതൽ വിക്കറ്റ് നേടിയ ഇടംകൈ പേസർമാർ

മിച്ചൽ സ്റ്റാർക്: 428

വസീം അക്രം: 414

ചാമിന്ദവാസ്: 355

ട്രെൻഡ് ബോൾട്ട്: 317

മിച്ചൽ ജോൺസൺ: 313

സഹീർഖാൻ: 311