സിഡ്‌നി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ താരം ഉസ്മാൻ ഖ്വാജ. 2018-ൽ കേപ്ടൗണിൽ നടന്ന 'സാൻഡ്‌പേപ്പർഗേറ്റി'നെ കുറിച്ച് മുഴുവൻ ടീമംഗങ്ങൾക്കും അറിയാമായിരുന്നെന്നും പോർട്ട് എലിസബത്തിൽ നടന്ന ടെസ്റ്റിലും ഈ തന്ത്രം ഉപയോഗിച്ചിരുന്നെന്നും ഖ്വാജ വ്യക്തമാക്കി.

To advertise here,

പന്തിൽ കൃത്രിമം കാണിക്കാനുള്ള പദ്ധതിയെ കുറിച്ച് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് മാത്രമാണ് മുൻകൂട്ടി അറിവുണ്ടായിരുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. സ്മിത്തിനെ ഒരു വർഷത്തേക്ക് വിലക്കുകയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. വാർണർക്കും ഒരു വർഷമാണ് വിലക്ക് ലഭിച്ചത്. ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ശിക്ഷയായി ലഭിച്ചു.

എന്നാൽ ഈ മൂന്നു പേർക്ക് മാത്രമല്ല, ഓസീസ് ടീമിലെ മുഴുവൻ അംഗങ്ങൾക്കും ഇത് അറിയാമായിരുന്നുവെന്നാണ് ഖ്വാജ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത ആഴ്ച പുറത്തിറങ്ങുന്ന തന്റെ ആത്മകഥയിൽ ഈ വിഷയത്തിനായി ഒരു അധ്യായം മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ എന്നീ താരങ്ങളെല്ലാം തങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് 2021-ൽ പരസ്യമായി നിഷേധിച്ചിരുന്നു. വാർണർ, സ്മിത്ത്, ബാൻക്രോഫ്റ്റ് എന്നിവരെ ബലിയാടുകളാക്കുന്നതിന് പകരം കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ടീമിനോട് ആവശ്യപ്പെട്ട് കേപ്ടൗൺ ടെസ്റ്റിനുശേഷം താൻ ഡ്രസ്സിങ് റൂമിൽ സംസാരിച്ചിരുന്നുവെന്നും ഖ്വാജ പറഞ്ഞു. ഡേവിഡ് വാർണറെങ്കിലും സത്യം വെളിപ്പെടുത്തുമെന്ന് താൻ കരുതിയിരുന്നുവെന്നും ഖ്വാജ കൂട്ടിച്ചേർത്തു.