ന്യൂഡൽഹി: ഐപിഎൽ മത്സരത്തിനിടെ ഡൽഹി പേസർ ലുംഗി എൻഗിഡിക്ക് ഗുരുതര പരിക്ക്. ഫീൽഡിങ്ങിനിടെ താരം മൈതാനത്ത് തലയിടിച്ചുവീഴുകയായിരുന്നു. ശനിയാഴ്ച പഞ്ചാബ്-ഡൽഹി മത്സരത്തിനിടെയാണ് സംഭവം.

To advertise here,

പഞ്ചാബ് ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലാണ് സംഭവം. ആദ്യം ബാറ്റുചെയ്ത ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു പഞ്ചാബ്. അക്ഷർ പട്ടേൽ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിൽ പ്രിയാൻഷ് ആര്യ കൂറ്റനടിക്ക് ശ്രമിച്ചു. ഉയർന്നുപൊങ്ങിയ പന്ത് കൈപ്പിടിയിലാക്കാനുള്ള ശ്രമത്തിലായിരുന്നു എൻഗിഡി. എന്നാൽ താരത്തിന് അത് സാധിച്ചില്ല. പന്ത് എൻഗിഡിയുടെ തലയ്ക്ക് മുകളിലൂടെ പിറകിലേക്ക് പോയി. താരം മൈതാനത്ത് തലയിടിച്ചുവീഴുകയും ചെയ്തു.

പരിക്കേറ്റ താരം ഏറെ നേരം മൈതാനത്ത് കിടന്നു. മത്സരം തടസ്സപ്പെട്ടു. ആംബുലൻസടക്കം മൈതാനത്ത് ഇരച്ചെത്തി. പിന്നാലെ മെഡിക്കൽ സംഘം താരത്തെ പരിശോധിച്ചു. ഏറെ നേരത്തെ പരിശോധനകൾക്ക് ശേഷം എൻഗിഡിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പകരക്കാരനായി ദുഷ്മന്ത ചമീരയാണ് കളത്തിലിറങ്ങിയത്.