ജയ്പുർ: ഐപിഎൽ മത്സരത്തിൽ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയതിന് പിന്നാലെ ആക്രോശിച്ച ഡൽഹി ക്യാപിറ്റൽസ് പേസർ കൈൽ ജാമിസണെതിരേ നടപടിയെടുത്ത് ബിസിസിഐ. ഒരു ഡിമെറിറ്റ് പോയന്റ് ചുമത്തിയ ബോർഡ് ജാമിസണിന് താക്കീതും നൽകി. എതിർ താരത്തെ പ്രകോപിക്കുന്ന തരത്തിൽ രൂക്ഷമായ പ്രതികരണം നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടിയെടുത്തത്. രാജസ്ഥാൻ റോയൽസ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെയായിരുന്നു സംഭവം.

To advertise here,

രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ വൈഭവിനെ ബൗൾഡാക്കിയ ശേഷമായിരുന്നു വിക്കറ്റ് നേട്ടം ജാമിസൺ ഏറെ വൈകാരികമായി ആഘോഷിച്ചത്. മത്സരത്തിന്റെ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ഒരു മനോഹരമായ ഇൻസ്വിങ് യോർക്കറിലൂടെയാണ് ജാമിസൺ സൂര്യവംശിയെ ക്ലീൻ ബൗൾഡാക്കിയത്. പന്ത് സൂര്യവംശിയുടെ ബാറ്റിന്റെ അറ്റത്ത് തട്ടിയ ശേഷം സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. വിക്കറ്റ് ലഭിച്ചതിന് തൊട്ടുപിന്നാലെ ജാമിസൺ വളരെ രൂക്ഷമായ രീതിയിലാണ് 15 വയസ്സുകാരനായ സൂര്യവംശിയെ നോക്കി ആക്രോശിച്ചത്. ഈ പന്തിനു തൊട്ടുമുമ്പ് സൂര്യവംശി ജാമിസണെ ഒരു ബൗണ്ടറി അടിച്ചിരുന്നു. ഇതാണ് ജാമിസണെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

തങ്ങൾ ആസൂത്രണം ചെയ്ത പദ്ധതി നടപ്പിലാക്കാനായതിൽ സന്തോഷമുണ്ടെന്നും ഒരു പതിനഞ്ചുകാരനെ ഇതിന് മുൻപ് ഇത്രത്തോളം ഭയപ്പെട്ടിട്ടില്ലെന്നും ജാമിസൺ മത്സരശേഷം പറഞ്ഞു. എൻ്റെ ജീവിതത്തിൽ ഒരു 15 വയസ്സുള്ള കുട്ടിയെ ഇത്രയധികം ഭയന്നിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, മത്സരത്തിന് മുമ്പ് ഞങ്ങൾ കുറച്ച് ആസൂത്രണം ചെയ്തിരുന്നു. അത് നടപ്പിലാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.- ജാമിസൺ പ്രതികരിച്ചു.

അതേസമയം ജാമിസണെ പിന്തുണച്ച് സഹതാരം ലോക്കി ഫെർഗൂസൺ രംഗത്തെത്തി. ജാമിസൺ വളരെ ആവേശഭരിതനായിരുന്നുവെന്നും ഇത് കളിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരാധകർക്ക് ഈ അഭിനിവേശം കാണാൻ ഇഷ്ടമാണെന്ന് ഞാൻ കരുതുന്നു. ഭരണതലത്തിലുള്ള ഒരു കമ്മറ്റിയുടെ കാഴ്ചപ്പാടിൽ ഇതെങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ എനിക്ക് ഒന്നും പറയാൻ കഴിയില്ല. പക്ഷെ ഒരു കളിക്കാരനെന്ന നിലയിൽ, പുറത്തുവരുന്ന ഈ ആവേശം മത്സരത്തെ സംബന്ധിച്ച് മികച്ചതാണ്.- ഫെർഗൂസൺ വ്യക്തമാക്കി.