ന്യൂഡൽഹി: കൗമാരതാരം വൈഭവ് സൂര്യവംശിയുൾപ്പെടെ ഇന്ത്യൻ സീനിയർ ടീമിലെ മൂന്ന് താരങ്ങൾ ദുലീപ് ട്രോഫി ഫൈനൽ കളിക്കുന്നത് സംബന്ധിച്ച് ആശങ്ക. വൈഭവിനെ കൂടാതെ ഇഷാൻ കിഷൻ, തിലക് വർമ എന്നിവർക്ക് പരിശീലകൻ ഗൗതം ഗംഭീറിന്റെ അനുമതി ലഭിച്ചാൽ മാത്രമേ കലാശപ്പോരിൽ കളിക്കാനാകൂ. അതേസമയം കെ.എൽ. രാഹുൽ, ദേവദത്ത് പടിക്കൽ, മുഹമ്മദ് സിറാജ് എന്നിവർ ഫൈനൽ കളിക്കും. സെപ്റ്റംബർ ആറിന് ചെന്നൈയിലാണ് സൗത്ത് സോണും ഈസ്റ്റ് സോണും തമ്മിലുള്ള ഫൈനൽ.

To advertise here,

രാഹുലിനും പടിക്കലിനും സിറാജിനും ഇപ്പോൾ ദേശീയ ടീമിനൊപ്പം മത്സരങ്ങളില്ല. ദേശീയ ടീമിനൊപ്പം മത്സരങ്ങളില്ലാത്ത ഇന്ത്യൻ താരങ്ങൾ ദുലീപ് ട്രോഫി ഫൈനൽ കളിക്കണമെന്ന് സെലക്ടർമാർ ആഗ്രഹിക്കുന്നു. ഈ മൂന്ന് പേരും അവസാനമായി കളിച്ചത് ഓഗസ്റ്റ് 27നാണ്. ഇനി അവർ കളിക്കുന്നത് സെപ്റ്റംബർ 27ന് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിലാണ്. ഇപ്പോൾ പടിക്കൽ ഏകദിന ടീമിന്റെ ഭാഗമല്ലാത്തതിനാൽ അദ്ദേഹം ഇന്ത്യ എ പരമ്പര കളിച്ചേക്കാം. എന്നാൽ ദുലീപ് ട്രോഫി ഫൈനലിൽ അവസരമുണ്ടെങ്കിൽ അവർ കളിക്കണം," ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ വൈഭവ്, ഇഷാൻ കിഷൻ, തിലക് എന്നിവരുടെ കാര്യത്തിൽ, അത് കോച്ച് ഗംഭീറിന്റെ തീരുമാനമായിരിക്കും."ഇന്ത്യൻ ടി20 ടീം സെപ്റ്റംബർ 9 അല്ലെങ്കിൽ 10 തീയതികളിൽ ഡൽഹിയിൽ ഒത്തുകൂടും. മൂന്ന് താരങ്ങളോടും റിപ്പോർട്ട് ചെയ്യാൻ മുഖ്യപരിശീലകൻ ആവശ്യപ്പെട്ടാൽ, ഈ മൂന്ന് പേർക്കും കളിക്കാൻ കഴിയില്ല. എന്നാൽ ഫൈനൽ കളിച്ച് സെപ്റ്റംബർ 10ന് വൈകുന്നേരത്തോടെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യാനാണ് കോച്ച് ആവശ്യപ്പെടുന്നതെങ്കിൽ, അവർക്ക് കളിക്കാം." - ബിസിസിഐ വൃത്തങ്ങലെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

ഇഷാൻ കിഷൻ ഈസ്റ്റ് സോണിനെ നയിക്കുമ്പോൾ തിലക് വർമയാണ് സൗത്ത് സോണിനെ നയിക്കുന്നത്. സെമിയിൽ സെൻട്രൽ സോണിനെ നാലുവിക്കറ്റിന് തകർത്താണ് ഈസ്റ്റ് സോൺ ഫൈനൽ ടിക്കറ്റെടുത്തത്. രണ്ട് ഇന്നിങ്‌സിലും വൈഭവ് സൂര്യവംശിയാണ് ഈസ്റ്റ് സോണിന്റെ ടോപ് സ്‌കോറർ. സെമിയിൽ നോർത്ത് സോണിനെ ഏഴുവിക്കറ്റിന് തകർത്താണ് സൗത്ത് സോൺ ഫൈനലിലെത്തിയത്. മത്സരത്തിൽ തിലക് വർമ സെഞ്ചുറി നേടിയിരുന്നു.