ഹൈദരാബാദ്: ഐപിഎല്ലിൽ പ്ലേ ഓഫ് ടിക്കറ്റെടുക്കാൻ മത്സരിക്കുകയാണ് ടീമുകൾ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺ റൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾ പ്ലേ ഓഫിന് യോഗ്യത നേടിക്കഴിഞ്ഞു. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി നാല് ടീമുകളാണ് പോരടിക്കുന്നത്. രാജസ്ഥാൻ, പഞ്ചാബ്, കൊൽക്കത്ത, ഡൽഹി ടീമുകളാണ് പ്ലേ ഓഫ് ടിക്കറ്റെടുക്കാൻ മത്സരിക്കുന്നത്.

To advertise here,

അതേസമയം ക്വാളിഫയർ വൺ യോഗ്യതയ്ക്കായും കടുത്ത മത്സരമാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവരാണ് ക്വാളിഫയർ വണ്ണിലെത്തുക. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺ റൈസേഴ്‌സ് ബെംഗളൂരുവും തമ്മിൽ നടക്കുന്ന മത്സരം നിർണായകമാണ്. വൻ മാർജിനിൽ ജയിച്ചാൽ ഹൈദരാബാദിനും ക്വാളിഫയർ വൺ ടിക്കറ്റെടുക്കാം. അതിന് സാധിച്ചില്ലെങ്കിൽ ബെംഗളൂരുവും ഗുജറാത്തും യോഗ്യത നേടും.

നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 18 പോയന്റോടെ ആർസിബിയാണ് പട്ടികയിൽ ഒന്നാമത്. ബെംഗളൂരുവിന് +1.065 ആണ് നെറ്റ് റൺ റേറ്റ്. 14 മത്സരങ്ങളിൽ നിന്ന് 18 പോയന്റോടെ ഗുജറാത്ത് രണ്ടാമതും 13 മത്സരങ്ങളിൽ നിന്ന് 16 പോയന്റുമായി എസ്ആർഎച്ച് മൂന്നാമതുമാണ്. ഹൈദരാബാദിന്റെ റൺ റേറ്റ് 0.350 ആണ്. വെള്ളിയാഴ്ച നടക്കുന്ന ആർസിബി-എസ്ആർഎച്ച് മത്സരം അതിനിർണായകമാണ്. മത്സരത്തിൽ ബെംഗളൂരുവിനെ തോൽപ്പിച്ചാൽ ഹൈദരാബാദിനും 18 പോയന്റാകും. പിന്നീട് കാര്യങ്ങൾ തീരുമാനിക്കുക നെറ്റ് റൺ റേറ്റാകും. വൻ മാർജിനിൽ ജയിച്ചാൽ ആർസിബിയെ മറികടന്ന് ഹൈദരാബാദിനും ആദ്യ രണ്ടിലെത്തി ക്വാളിഫയർ വൺ ടിക്കറ്റെടുക്കാം.

ഹൈദരാബാദാണ് ആദ്യം ബാറ്റുചെയ്യുന്നതെങ്കിൽ കുറഞ്ഞത് 87 റൺസിനെങ്കിലും ജയിക്കണം. ഹൈദരാബാദിന്റെ ടീം ടോട്ടൽ 180 അല്ലെങ്കിൽ 200 ആണെങ്കിൽ ആണ് 87 റൺസ് ജയം വേണ്ടത്. 220 റൺസാണ് ടോട്ടലെങ്കിൽ 88 റൺസിനും 240 റൺസ് ആണ് എസ്ആർഎച്ച് ടോട്ടലെങ്കിൽ 89 റൺസിനും ജയിക്കണം. എന്നാൽ മാത്രമേ റൺറേറ്റിൽ ആർസിബിയെ മറികടക്കാനാവൂ.

മറിച്ച് ഹൈദരാബാദ് ചേസ് ചെയ്യുകയാണെങ്കിൽ 11 ഓവറിനുള്ളിൽ കളി ജയിക്കണം. ബെംഗളൂരുവിനെതിരേ വിജയലക്ഷ്യം 181 ആണെങ്കിൽ 11 ഓവറിൽ ജയിക്കണം. 11 ഓവറിൽ സ്‌കോർ സമനിലയാണെങ്കിൽ പിന്നീടുള്ള മൂന്ന് പന്തിൽ സിക്‌സർ നേടിയാലും ടീമിന് നെറ്റ് റൺറേറ്റിൽ ബെംഗളൂരുവിനെ മറികടക്കാം.