മുംബൈ: ഐപിഎല്‍ താരലേലം ഇത്തവണയും ഗള്‍ഫില്‍ വച്ചെന്ന്‌ റിപ്പോര്‍ട്ട്. ഐപിഎല്‍ 2026 സീസണിന് മുന്നോടിയായുള്ള താരലേലത്തിന് ഇത്തവണ അബുദാബി വേദിയാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ പകുതിയോടെയാകും ലേലം. ഡിസംബര്‍ 15, 16 തീയതികളിലൊന്നാകും ലേലത്തീയതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

To advertise here,

ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ നിലവില്‍ ഇക്കാര്യത്തില്‍ അന്തിമ ചര്‍ച്ചകളിലാണ്. വരും ദിവസങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം പ്രതീക്ഷിക്കുന്നു. 2024-ലെ ലേലം ദുബായിലും 2025-ലെ മെഗാതാരലേലം ജിദ്ദയിലുമാണ് നടന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിദേശത്ത് നടക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ലേലമാകും ഇത്തവണത്തേത്.

മാര്‍ക്വീ ഇവന്റുകള്‍ ഗള്‍ഫില്‍ നടത്തുന്ന പ്രവണത ഐപിഎല്‍ തുടരുന്നതിനാല്‍ അബുദാബിയെ വേദിയായി തീരുമാനിച്ചതായി വിവിധ ഫ്രാഞ്ചൈസി പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ജിദ്ദയില്‍ കഴിഞ്ഞ തവണ നടന്നത് മെഗാതാരലേലമായതിനാല്‍ ഇത്തവണത്തേത് മിനി ലേലമാകും. ഫ്രാഞ്ചൈസികള്‍ നിലവിലെ ടീമിന്റെ ശക്തി വര്‍ധിപ്പിക്കാനും ദുര്‍ബലമായ മേഖലകളിലേക്ക് ഉചിതമായ പകരക്കാരെ കണ്ടെത്താനുമുള്ള തയ്യാറെടുപ്പികളിലാണ്.

അടിസ്ഥാന സൗകര്യങ്ങളാണ് അബുദാബിയെ തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല സമീപകാലത്ത് വിവിധ അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്കും പരമ്പരകള്‍ക്കും ആതിഥേയത്വം വഹിക്കാനായതും അബുദാബിയുടെ സാധ്യത വര്‍ധിപ്പിച്ചു. ഇന്ത്യയുമായി അടുത്തുകിടക്കുന്ന സ്ഥലമായതും ടീമുകള്‍ക്കും പ്രക്ഷേപകര്‍ക്കും സൗകര്യപ്രദമായ വേദിയായതും അബുദാബിയുടെ തിരഞ്ഞെടുപ്പിലേക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.