മുംബൈ: താരങ്ങളിൽ നിന്നും പരിശീലകരിൽ നിന്നും കടുത്ത വിമർശനം നേരിട്ടെങ്കിലും, ഇന്ത്യൻ പ്രീമിയർ ലീഗിലെ 'ഇംപാക്ട് പ്ലെയർ' നിയമം അടുത്ത സീസണിലും തുടർന്നേക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, വരാനിരിക്കുന്ന ഐപിഎൽ 2027 ലേലത്തിനായുള്ള ഫ്രാഞ്ചൈസികളുടെ ചർച്ചകളും മുൻകൂട്ടിയുള്ള ആസൂത്രണങ്ങളും ഇംപാക്ട് പ്ലെയർ നിയമം നിലനിൽക്കുമെന്ന ധാരണയിലാണ് മുന്നോട്ട് പോകുന്നത്.

To advertise here,

അടുത്ത മെഗാ ലേലത്തിന് മുൻപുള്ള അവസാന പതിപ്പാണിത് എന്നതിനാൽ, ഈ ഘട്ടത്തിൽ നിയമത്തിൽ മാറ്റം വരുത്തുന്നത് വൈകിപ്പോകുമെന്നും ടീമുകളുടെ തന്ത്രങ്ങളെ ബാധിക്കുമെന്നും ഐപിഎൽ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ ഐപിഎൽ അധികൃതർ ഫ്രാഞ്ചൈസികളുടെ അഭിപ്രായം തേടിയപ്പോൾ, ഈ സമയത്ത് നിയമം പിൻവലിക്കുന്നത് തങ്ങളുടെ തന്ത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കുറഞ്ഞത് നാല് ടീമുകളെങ്കിലും അറിയിച്ചിരുന്നു. ഉദാഹരണത്തിന്, ബാറ്റിങ് നിരയുടെ കരുത്തിൽ ടീമിനെ ഒരുക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിന് ഇംപാക്ട് പ്ലെയർ ഇല്ലെങ്കിൽ ബൗളിങ് നിര ശക്തിപ്പെടുത്താൻ മിനി ലേലത്തിൽ വലിയ പ്രയാസം നേരിടേണ്ടിവരും.

പരിക്കേൽക്കുന്ന പ്രമുഖ താരങ്ങൾക്ക് ബാറ്ററായി മാത്രം മത്സരങ്ങളിൽ പങ്കാളികളാകാൻ ഈ നിയമം വഴി തുറക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഹാംസ്ട്രിങ്ങിന് പരിക്കേറ്റ രോഹിത് ശർമ ബാറ്ററായി തിരിച്ചെത്തിയതും, 2026 സീസണിൽ പരിക്കിന്റെ പിടിയിലായിരുന്ന എം.എസ്. ധോണി ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയതും ആരാധകർക്കിടയിൽ വലിയ താത്പര്യം ഉണ്ടാക്കിയിരുന്നു. നിയമം പിൻവലിച്ചാൽ പൂർണ കായികക്ഷമതയില്ലാത്ത പ്രമുഖ താരങ്ങളുടെ സാന്നിധ്യം ടൂർണമെന്റിൽ നഷ്ടമാകും.

ഈ നിയമം നിലവിൽ വന്നതോടെ മത്സരങ്ങളിൽ റൺവേട്ട ഗണ്യമായി ഉയർന്നിട്ടുണ്ട്. 2008 മുതൽ 2022 വരെയുള്ള ആദ്യ 15 സീസണുകളിൽ 133 തവണ മാത്രമാണ് ടീമുകൾ 200-ന് മുകളിൽ സ്‌കോർ ചെയ്തതെങ്കിൽ, നിയമം വന്ന ശേഷം 2023 മുതലുള്ള നാല് പതിപ്പുകളിൽ മാത്രം 200 പ്ലസ് സ്‌കോറുകൾ 195 തവണയായി ഉയർന്നു. 2008-ൽ ഓവറിൽ 7.48 ആയിരുന്ന സ്‌കോറിങ് നിരക്ക് 2022-ൽ 8.54 ആയും, 2026 സീസണിൽ 9.85 ആയും വർധിച്ചു.