
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ വീണ്ടും പരിശീലക സ്ഥാനത്തേക്ക് തിരികെ എത്തിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികൾ ശ്രമിക്കുന്നതായി റിപ്പോർട്ട്. നിലവിൽ 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന് ബിസിസിഐയുമായുള്ള കരാറെങ്കിലും, 2028 ഐപിഎൽ സീസണിന് മുന്നോടിയായി അദ്ദേഹത്തെ ഉപദേശകനായോ (മെന്റർ) കോച്ചായോ ഒപ്പം കൂട്ടാൻ നാല് ഐപിഎൽ ഫ്രാഞ്ചൈസികൾ ആഭ്യന്തര ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഗംഭീറിന്റെ മുൻ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു പുറമെ രാജസ്ഥാൻ റോയൽസുമായും ഗംഭീറിന്റെ പ്രതിനിധികൾ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. കൂടാതെ, ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഒരു ടീമും ഇതുവരെ കിരീടം നേടാത്ത മറ്റൊരു ടീമും ഗംഭീറിനെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാൽ ബിസിസിഐ ഗംഭീറുമായുള്ള കരാർ ദീർഘിപ്പിക്കുകയാണെങ്കിൽ ഫ്രാഞ്ചൈസികൾക്ക് തങ്ങളുടെ പദ്ധതികൾ മാറ്റിവെക്കേണ്ടി വരും. നിലവിൽ ഗംഭീറിന്റെ കരാർ 2027 ലോകകപ്പ് വരെയാണെങ്കിലും 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സ് വരെ നീട്ടാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.
2024-ൽ കെകെആർ ഐപിഎൽ കിരീടം നേടിയതിന് ശേഷമാണ് രാഹുൽ ദ്രാവിഡിന് പകരക്കാരനായി ഗംഭീർ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായി സ്ഥാനമേറ്റത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, കെകെആർ എന്നീ ടീമുകളുടെ മെന്ററായി പ്രവർത്തിച്ച ഗംഭീർ, മികവുറ്റ ഒരു തന്ത്രജ്ഞനായാണ് അറിയപ്പെടുന്നത്. 2022, 2023 സീസണുകളിൽ ലഖ്‌നൗവിനെ പ്ലേഓഫിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. തുടർന്ന് ഷാരൂഖ് ഖാന്റെ വ്യക്തിപരമായ ക്ഷണപ്രകാരം കെകെആറിലേക്ക് തിരിച്ചെത്തിയ അദ്ദേഹം, ശ്രേയസ് അയ്യരുടെ നായകത്വത്തിൽ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം കെകെആറിന് 2024 ഐപിഎൽ കിരീടം നേടിക്കൊടുത്തു.
ഗംഭീർ പോയതിനുശേഷം കെകെആറും ലഖ്‌നൗവും തിരിച്ചടികൾ നേരിട്ടു. കെകെആറിന് തുടർന്നുള്ള രണ്ട് സീസണുകളിൽ ഏഴ്, എട്ട് സ്ഥാനങ്ങളിലൊതുങ്ങി പ്ലേഓഫ് യോഗ്യത നേടാനായില്ല. ലഖ്‌നൗ ടീം 2024, 2025 സീസണുകളിൽ ഏഴാം സ്ഥാനത്തും 2026-ൽ പത്താം സ്ഥാനത്തുമായി ഒതുങ്ങി.
റെഡ് ബോൾ ക്രിക്കറ്റിൽ ഗംഭീറിന്റെ പ്രകടനം ചില വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഏറെ ബഹുമാനിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യൻ ടീം രണ്ട് ഐസിസി കിരീടങ്ങളും ഏഷ്യാ കപ്പും ഏഷ്യൻ ഗെയിംസ് സ്വർണമെഡലും നേടിയിട്ടുണ്ട്.
Content Highlights: Four IPL franchises have started internal discussions to sign Gautam Gambhir as coach or mentor ahead of the 2028 IPL season., Gambhir's current contract with the BCCI runs until the 2027 ODI World Cup, with a possibility of extension., KKR and Rajasthan Royals are among the interested franchises, along with two other unnamed teams., Gambhir previously led KKR to the 2024 IPL title as a mentor before taking over as India's head coach.
Published: 30 Oct 2026, 11:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented