സിഡ്‌നി: സാൻഡ്‌പേപ്പർ വിവാദത്തിൽ മുൻതാരം ഉസ്മാൻ ഖ്വാജയുടെ വെളിപ്പെടുത്തലുകളെ പിന്തുണച്ച് ഓസ്‌ട്രേലിയയുടെ മുൻ ഓപ്പണർ ഡേവിഡ് വാർണർ രംഗത്ത്. സത്യം പുറത്തുവരേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ വാർണർ അന്നത്തെ അന്വേഷണരീതിയേയും ചോദ്യം ചെയ്തു. തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് വാർണർ, ഖ്വാജയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്.

To advertise here,

വിഷയം എട്ട് വർഷത്തിന് ശേഷം വീണ്ടും ചർച്ചയാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പകരം ഉന്നയിക്കപ്പെട്ട വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. 'ഈ വിഷയത്തിൽ സംസാരിച്ചിട്ട് എട്ട് വർഷമായി. ഉസ്മാൻ ഖ്വാജ, ഞാൻ നിങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നു. നിങ്ങൾ ചെയ്തതിന് നന്ദി പറയുന്നു. നിങ്ങൾ പറഞ്ഞത് 100 ശതമാനം കൃത്യമാണ്. ഇപ്പോൾ എല്ലാവർക്കും സത്യം അറിയാം, അത് പുറത്തുവന്നിരിക്കുന്നു. ആളുകൾ അത് അറിയാൻ ആഗ്രഹിച്ചു, നിങ്ങൾ അത് തുറന്നുപറഞ്ഞു.'-വാർണർ വ്യക്തമാക്കി.

2018 ലെ പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷമുള്ള അന്വേഷണ പ്രക്രിയയെയും വാർണർ ചോദ്യം ചെയ്തു. കാമറൂൺ ബാൻക്രോഫ്റ്റിനൊപ്പം ഉസ്മാൻ ഖ്വാജയും ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തെ ചോദ്യം ചെയ്തില്ലെന്ന് വാർണർ ചൂണ്ടിക്കാണിച്ചു. 'ഈ അന്വേഷണ പ്രക്രിയ മുഴുവൻ തിരക്കുപിടിച്ച് അപൂർണ്ണമായി ചെയ്ത ഒന്നായിരുന്നു. കാമറൂൺ ബാൻക്രോഫ്റ്റിന്റെ തൊട്ടടുത്താണ് ഉസ്മാൻ ഇരുന്നത്. എന്നാൽ ഉസ്മാനെ ചോദ്യം ചെയ്തില്ല. അതൊരു സമഗ്രമായ അന്വേഷണമാകുന്നത് എങ്ങനെ? ഇത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഞങ്ങൾ ഇവിടെ ആരെയും കുറ്റപ്പെടുത്താനല്ല വന്നിരിക്കുന്നത്. ഉത്തരവാദിത്തത്തെക്കുറിച്ചും സുതാര്യതയെക്കുറിച്ചും സത്യം ശരിയായി പരിശോധിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനെക്കുറിച്ചുമാണ് ഞാൻ പറയുന്നത്.'-വാർണർ വ്യക്തമാക്കി.

ഈ വിവാദം തന്റെ കുടുംബത്തിലുണ്ടാക്കിയ വ്യക്തിപരമായ ആഘാതത്തെക്കുറിച്ചും മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ സംസാരിച്ചു. വിവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് മക്കൾ ചോദിച്ചപ്പോൾ താൻ അടുത്തിടെ ആ സംഭവങ്ങൾ മകൾക്ക് വിശദീകരിച്ചുകൊടുത്തതായി അദ്ദേഹം വെളിപ്പെടുത്തി.

'കഴിഞ്ഞ എട്ട് വർഷമായി മാധ്യമങ്ങളിൽ ആളുകൾ നൽകിയ നിരവധി പ്രസ്താവനകളും തെറ്റായ വിവരങ്ങളും ഉണ്ടായിരുന്നു, പലരും മൗനം പാലിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ എന്റെ പെൺമക്കളോട് സംസാരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഈ വീഡിയോ പുറത്തുവിടാൻ എനിക്ക് രണ്ട് ദിവസമെടുത്തത്. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ഞാൻ അവരോട് പറയേണ്ടതുണ്ടായിരുന്നു. പ്രത്യേകിച്ച് എന്റെ 12 വയസ്സുള്ള മകൾ ഐവി, ഞങ്ങൾ അവളെ എന്തുകൊണ്ടാണ് തടഞ്ഞുവെച്ചതെന്നും, എന്തുകൊണ്ടാണ് ഇത്രയധികം ക്യാമറകൾ ഉണ്ടായിരുന്നതെന്നും, എന്തുകൊണ്ടാണ് ഞങ്ങൾ ടിവിയിൽ കരഞ്ഞതെന്നും അറിയാൻ ആഗ്രഹിച്ചു.'- വാർണർ പറഞ്ഞു.

തന്റെ കുടുംബവും സ്റ്റീവ് സ്മിത്തിന്റെയും കാമറൂൺ ബാൻക്രോഫ്റ്റിന്റെയും കുടുംബങ്ങളും നേരിട്ട പ്രയാസകരമായ കാലഘട്ടത്തെക്കുറിച്ചും വാർണർ ഓർത്തു. 'എന്റെ കുടുംബത്തിനും സ്റ്റീവിനും കാമറൂണിനും ഇത് കഠിനമായ സമയമായിരുന്നു, സംശയമില്ല, പക്ഷേ ഇത് പുറത്തുവരേണ്ടതുണ്ടായിരുന്നു. ഞാൻ അതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നു, ഉസ്മാൻ,' അദ്ദേഹം പറഞ്ഞുനിർത്തി.

2018-ലെ പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയയും (സിഎ) ബന്ധപ്പെട്ടവരും ഇതുവരെ നൽകിയിരുന്ന വിശദീകരണം, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർ മാത്രമാണ് ഇതിന് ഉത്തരവാദികൾ എന്നതായിരുന്നു. സ്മിത്തിനും വാർണർക്കും അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് 12 മാസത്തെ വിലക്ക് ലഭിച്ചപ്പോൾ, ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ സസ്‌പെൻഷൻ ലഭിച്ചു.