ഹാമിൽട്ടൺ: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യൻ പ്ലെയിങ് ഇലവനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുമായി അമ്പാട്ടി റായിഡുവും മുരളി കാർത്തിക്കും. ബാറ്റിങ് നിരയുടെ മോശം പ്രകടനത്തെ തുടർന്ന് നമൻ ധീറിന് പകരം ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് അമ്പാട്ടി റായിഡുവിന്റെ അഭിപ്രായം. എന്നാൽ മുരളി കാർത്തിക്കിന് ഇതിനോട് യോജിപ്പില്ല. ഇഷാൻ കിഷൻ ഓപ്പണറായോ മൂന്നാം നമ്പറിലോ ആണ് ബാറ്റ് ചെയ്യേണ്ടതെന്നാണ് മുരളി കാർത്തിക്കിന്റെ നിലപാട്.
രണ്ട് മത്സരങ്ങളിലും അക്‌സർ പട്ടേലിനെ അഞ്ചാം നമ്പറിലേക്ക് ഉയർത്തിക്കളിപ്പിക്കാൻ ഇന്ത്യ ശ്രമിച്ചെങ്കിലും താരത്തിന് പ്രതീക്ഷയ്‌ക്കൊത്ത് തിളങ്ങാൻ കഴിഞ്ഞില്ല. ആദ്യ ഏകദിനത്തിൽ രണ്ട് പന്തുകൾ നേരിട്ട് പൂജ്യത്തിന് പുറത്തായ താരം, രണ്ടാം മത്സരത്തിൽ 17 പന്തിൽ നിന്ന് ഏഴ് റൺസാണ് നേടിയത്.
'ഈ സാഹചര്യങ്ങളിൽ അക്‌സർ പട്ടേൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഒരുപക്ഷേ തയ്യാറായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ആറ് അല്ലെങ്കിൽ ഏഴാം നമ്പറിൽ അദ്ദേഹത്തിന് വന്ന് തന്റെ ജോലി ഭംഗിയായി ചെയ്യാൻ കഴിയും, എന്നാൽ അഞ്ചാം നമ്പറിൽ ഈ സാഹചര്യങ്ങളെ നേരിടാൻ കഴിയുന്ന ഒരു യഥാർത്ഥ ബാറ്ററെയാണ് നമുക്ക് ആവശ്യം. ശ്രേയസ് അയ്യർക്കും കെ.എൽ രാഹുലിനുമൊപ്പം ബാറ്റ് ചെയ്യാൻ നമുക്ക് ഉറപ്പുള്ള ഒരു ബാറ്ററെ ആവശ്യമായതിനാൽ, അക്‌സർ ആറ് അല്ലെങ്കിൽ ഏഴാം നമ്പറിലേക്ക് ഇറങ്ങുകയാണെങ്കിൽ ഭാവിയിൽ നമുക്ക് ഇഷാൻ കിഷനെ പരിഗണിക്കാം. ഒന്നെങ്കിൽ നമുക്ക് നമൻ ധീറിനെ മുകളിലേക്ക് കൊണ്ടുവരാം. അല്ലെങ്കിൽ ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്താം, കാരണം അവിടെ മാത്രമാണ് ചെറിയൊരു കുറവ് ഞാൻ കണ്ടത്.'- ക്രിക്ക്ബസ്സിലെ ഒരു വീഡിയോയിൽ റായിഡു പറഞ്ഞു.
എന്നാൽ കാർത്തിക് ഇതിനോട് യോജിച്ചില്ല. ഇതിന് മറുവാദവുമായി കാർത്തിക് പറഞ്ഞത് ഇങ്ങനെയാണ്, 'നമൻ ധീറിന്റെ ചില ഷോട്ടുകളുടെ ടൈമിങ് വളരെ മികച്ചതായിരുന്നു. നോക്കൂ, ഇഷാൻ കിഷന്റെ സ്ഥാനം മൂന്നാം നമ്പറിലാണ്. മൂന്നാം നമ്പറിൽ വിരാട് കോലിയുണ്ട്, തുടർന്ന് നാലാം നമ്പറിൽ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുണ്ട്, സാധാരണയായി അഞ്ചാം നമ്പറിലാണ് കെ.എൽ രാഹുൽ ബാറ്റ് ചെയ്യാൻ വരുന്നത്. അതിനാൽ ഇഷാൻ കിഷനെ ആറാം നമ്പറിൽ ഇറക്കുന്നത് സമയനഷ്ടമാണ്. ഒന്നെങ്കിൽ ഇഷാൻ കിഷൻ ഓപ്പൺ ചെയ്യണം, അല്ലെങ്കിൽ മൂന്നാം നമ്പറിൽ ഇറങ്ങണം. ബാറ്റിംഗ് നിരയുടെ താഴേക്ക് ഇറക്കാൻ പറ്റിയ ബാറ്ററല്ല അദ്ദേഹം.'
Content Highlights: India leads the ODI series 2-0 against New Zealand after narrow wins., Ambati Rayudu suggested bringing in Ishan Kishan for Naman Dhir and dropping Axar Patel from number 5., Murali Kartik opposed Rayudu's suggestion, arguing Kishan should only bat as an opener or at number 3.
Published: 09 Nov 2026, 10:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented