കൗമാരക്രിക്കറ്റിന്റെ ലോകവേദിയിൽ ഒരു പതിന്നാലുകാരന്റെ അസാമാന്യപ്രകടനത്തിൽ പിറന്നത് പുതുചരിത്രം. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ വൈഭവ് സൂര്യവംശിയെന്ന പേര് മാത്രം മുഴങ്ങി. 175 റൺസുമായി ഫൈനലിൽ വൈഭവ് കത്തിക്കയറിയപ്പോൾ ഇന്ത്യക്ക് ആറാം ലോകകപ്പ് കിരീടം. അപരാജിതക്കുതിപ്പ് നടത്തിയാണ് ആയുഷ് മാത്രെയും സംഘവും കിരീടത്തിൽ മുത്തമിട്ടത്. ചിരവൈരികളായ പാകിസ്താനും ബംഗ്ലാദേശിനും കണക്കിന് മറുപടി കൊടുത്ത് മുന്നേറിയാണ് ഇന്ത്യൻ കൗമാരപ്പട കലാശപ്പോരിലേക്കെത്തിയത്. കലാശപ്പോരിലെ ചിത്രം വൈഭവിന്റെ പേരിൽ മാത്രം ചുരുങ്ങി. ഇന്ത്യൻ കൗമാരപ്പടയുടെ സ്വപ്നക്കുതിപ്പിന് കിരീടത്തോടെ പര്യവസാനം.
തകർപ്പൻ ജയത്തോടെയാണ് ഇന്ത്യ അണ്ടർ-19 ലോകകപ്പ് ടൂർണമെന്റ് തുടങ്ങിയത്. യുഎസ്സിനെതിരേ ആധികാരിക വിജയമാണ് ആയുഷ് മാത്രെയും സംഘവും സ്വന്തമാക്കിയത്. ആറുവിക്കറ്റിന് ഇന്ത്യയുടെ കൗമാരപ്പട ജയിച്ചുകയറി. ആദ്യം ബാറ്റുചെയ്ത യുഎസ്സിനെ ഇന്ത്യ 107 റൺസിന് എറിഞ്ഞിട്ടു. അഞ്ചുവിക്കറ്റെടുത്ത ഹെനിൽ പട്ടേലാണ് യുഎസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. താരം ഏഴോവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ലക്ഷ്യം 37 ഓവറിൽ 96 റൺസാക്കി പുതുക്കി. 17.2 ഓവറിൽ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയതീരമണിഞ്ഞു.
ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിൽ ത്രില്ലർ പോരിനൊടുക്കമാണ് ആയുഷ് മാത്രെയും സംഘവും വിജയത്തിലെത്തിയത്. മഴ രസംകൊല്ലിയായെത്തിയ മത്സരത്തിൽ 18 റൺസിനായിരുന്നു ജയം. ടോസിന് മുൻപേ തന്നെ വിവാദം പൊട്ടിപ്പുറപ്പെട്ടു. ബംഗ്ലാദേശിനായി വൈസ് ക്യാപ്റ്റനാണ് ടോസിടാനെത്തിയത്. മാത്രമല്ല, ക്യാപ്റ്റന്മാർ തമ്മിലുള്ള ഹസ്തദാനവുമുണ്ടായിരുന്നില്ല. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്ര, ബംഗ്ലാദേശിന്റെ വൈസ് ക്യാപ്റ്റൻ സവാദ് അബ്രാർ എന്നിവരാണ് ടോസ് ഇടാനെത്തിയത്. ഇതിനിടെ സൗഹൃദസംഭാഷണവുമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് വിശദീകരണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരുന്നു. ടോസ് സമയത്ത് ഹസ്തദാനം ചെയ്യാതിരുന്നത് ശ്രദ്ധക്കുറവ് കൊണ്ട് സംഭവിച്ചതാണെന്നും അതിൽ അനാദരവില്ലെന്നും ബിസിബി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ക്യാപ്റ്റൻ എത്താതിരുന്നത് അസുഖബാധിതനായതിനാലാണെന്നും ബോർഡ് വിശദീകരിച്ചു. ബിസിബിയും ബിസിസിഐയും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ടോസ് സമയം ഹസ്തദാനം ചെയ്യാത്തത് വിവാദമായത്.
വിവാദങ്ങൾക്കപ്പുറം മൈതാനത്തും വാശിയേറിയ പോരാട്ടമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 48.4 ഓവറിൽ 238 റൺസിന് പുറത്തായിരുന്നു. ഇന്ത്യക്കായി വൈഭവ് സൂര്യവംശിയും അഭിഗ്യാനും അർധ സെഞ്ചുറി നേടി തിളങ്ങി. ബംഗ്ലാദേശിന്റെ അൽ ഫഹദ് അഞ്ച് പേരെ പുറത്താക്കി മികവ്കാട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 28.3 ഓവറിൽ 146 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. മത്സരം മഴയെത്തുടർന്ന് തടസ്സപ്പെട്ടതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചിരുന്നു. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 29 ഓവറിൽ 165 റൺസായിരുന്നു ബംഗ്ലാദേശിന്റെ പുതിയ ലക്ഷ്യം. ഒരുഘട്ടത്തിൽ 106-ന് രണ്ട് എന്ന നിലയിൽ ശക്തമായി നിലയുറപ്പിച്ച ബംഗ്ലാദേശിനെ ബൗളർമാർ പിടിച്ചുകെട്ടി, ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ടീം 146 റൺസിന് പുറത്തായതോടെ 18 റൺസിന് ഇന്ത്യ ജയിച്ചു. ഇന്ത്യയുടെ വിഹാൻ മൽഹോത്ര നാലുവിക്കറ്റുകളെടുത്തു.
ഇന്ത്യൻ ബൗളിങ് നിരയുടെ കരുത്ത് ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മൂന്നാം മത്സരവും. ന്യൂസിലൻഡിനെതിരായ മത്സരത്തിലും എതിരാളികളുടെ പത്ത് വിക്കറ്റും ഇന്ത്യൻ ബൗളർമാർ വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 36.2 ഓവറിൽ 135 റൺസിന് ഓൾഔട്ടായി. ആർ.എസ്. ആംബ്രിഷ് നാലുവിക്കറ്റും ഹെനിൽ പട്ടേൽ മൂന്ന് വിക്കറ്റുമെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറിൽ 130 റൺസായി പുനർനിശ്ചയിച്ചു. തകർത്തടിച്ച ഇന്ത്യൻ സംഘം വെറും 13.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും വൈഭവ് സൂര്യവംശിയുടെയും കടന്നാക്രമണമാണ് ജയം എളുപ്പമാക്കിയത്. 27 പന്തിൽ നിന്ന് ആറു സിക്‌സും രണ്ട് ഫോറുമടക്കം 53 റൺസെടുത്ത മാത്രെയാണ് ടോപ് സ്‌കോറർ. 23 പന്തുകൾ നേരിട്ട വൈഭവ് 40 റൺസെടുത്തു. മൂന്ന് സിക്‌സും രണ്ട് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ബിയിൽ മൂന്നു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പർ സിക്‌സിലെത്തി.
സൂപ്പർ സിക്സിലും ആധിപത്യം പുലർത്തുന്ന ഇന്ത്യൻ കൗമാരപ്പടയെ ആണ് മൈതാനത്ത് കണ്ടത്. റൗണ്ടിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വേയെ ഇന്ത്യ തകർത്തെറിഞ്ഞു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു. വിഹാൻ മൽഹോത്രയുടെ അപരാജിത സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തുപകർന്നത്. താരം 109 റൺസെടുത്ത് പുറത്താവാതെനിന്നു. വൈഭവ് സൂര്യവംശി, അഭിഗ്യാൻ കുണ്ഡു എന്നിവർ അർധസെഞ്ചുറികളുമായി തിളങ്ങി. അഭിഗ്യാൻ 61 റൺസെടുത്തപ്പോൾ വൈഭവ് 30 പന്തിൽ നിന്ന് 52 റൺസുമായി വെടിക്കെട്ട് നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയെ ഇന്ത്യ എറിഞ്ഞിട്ടു. ക്യാപ്റ്റൻ ആയുഷ് മാത്രെയും ഉദ്ധവ് മോഹനും മൂന്ന് വീതം വിക്കറ്റുകളുമായി തിളങ്ങിയപ്പോൾ ടീം 148 റൺസിന് കൂടാരം കയറി.
സൂപ്പർ സിക്‌സിലെ രണ്ടാം മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിനിർണായകമായിരുന്നു. എതിരാളികളായ പാകിസ്താനും സെമി സാധ്യത അവശേഷിക്കുന്നതിനാൽ പോരാട്ടം തീപാറുമെന്നുറപ്പായിരുന്നു. പാകിസ്താനോട് വലിയ മാർജിനിൽ ഇന്ത്യ തോറ്റാൽ സെമി കാണാതെ പുറത്താകുമെന്ന സ്ഥിതി. എന്നാൽ മൈതാനത്ത് ആയുഷ് മാത്രെയും സംഘവും ഉണർന്നുകളിച്ചു. ചിരവൈരികളായ പാകിസ്താനെ 58 റൺസിന് കീഴടക്കി ഇന്ത്യ ആധികാരികമായി സെമിയിലേക്ക് മുന്നേറി. തോൽവിയോടെ പാകിസ്താൻ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് പുറത്തായിരുന്നു. 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 46.2 ഓവറിൽ 194 റൺസിന് ഓൾഔട്ടായി.
സെമിയിൽ അഫ്ഗാനിസ്ഥാനായിരുന്നു എതിരാളികൾ. ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയർത്തിയാണ് അഫ്ഗാനിസ്ഥാൻ ബാറ്റേന്തിയത്.
നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് അടിച്ചുകൂട്ടി. ഫൈസൽ ഷിനോസാദ (110), ഉസൈറുള്ള നിയാസായ് (101) എന്നിവരുടെ രണ്ട് തകർപ്പൻ സെഞ്ചുറികളിൽ ഇന്ത്യൻ ബൗളർമാർ അൽപ്പം പതറി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 148 റൺസിന്റെ കൂട്ടുകെട്ടുയർത്തി. 93 പന്തുകളിൽനിന്ന് 15 ഫോറുകൾ ഉൾപ്പെടുന്നതാണ് ഷിനോസാദയുടെ ഇന്നിങ്‌സെങ്കിൽ, 86 പന്തിൽ 12 ഫോറും രണ്ട് സിക്‌സും ചേർന്നതാണ് ഉസൈറുള്ളയുടെ ഇന്നിങ്‌സ്. ഇന്ത്യക്ക് മുന്നിൽ 311 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം.
അഫ്ഗാനിസ്ഥാന്റെ ബാറ്റിങ്ങിന് അതേ നാണയത്തിൽ ഇന്ത്യൻ ബാറ്റർമാർ മറുപടി കൊടുത്തു. ബാറ്റെടുത്തവരെല്ലാം തകർത്തടിച്ചതോടെ 311 റൺസെന്ന കൂറ്റൻ ലക്ഷ്യം ടീം അനായാസം മറികടന്നു. 41.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ജയത്തിലെത്തി.
മലയാളി താരം ആരോൺ ജോർജിന്റെ സെഞ്ചുറിയാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. 104 പന്തുകളിൽനിന്ന് 15 ഫോറുകളും 2 സിക്‌സറുകളും അടക്കം 115 റൺസ് നേടിയാണ് താരം പുറത്തായത്. ആരോൺ പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. വൈഭവ് സൂര്യവംശി (33 പന്തിൽ 68), നായകൻ ആയുഷ് മാത്രെ (59 പന്തിൽ 62) എന്നിവരും ഇന്ത്യൻ നിരയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. അതോടെ ഫൈനൽ ടിക്കറ്റുമെടുത്തു. കലാശപ്പോരിൽ ഇംഗ്ലണ്ടായിരുന്നു എതിരാളികൾ.
ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ കൗമാരപ്പട കലാശപ്പോരിനിറങ്ങിയത്. ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ പതിയെ ആണ് തുടങ്ങിയത്. പിന്നീട് ഇന്ത്യൻ ബാറ്റിങ് ഒരു പതിന്നാലുകാരനിലൂടെ കുതിച്ചുയർന്നു. വൈഭവ് സൂര്യവംശിയെന്ന ബിഹാറുകാരനിലൂടെ. ഹരാരെ സ്പോർട്സ് ക്ലബ് സാക്ഷ്യം വഹിച്ചത് വൈഭവിന്റെ സ്ഫോടനാത്മകമായ ബാറ്റിങ്ങിനാണ്. ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. ഹരാരെയിൽ അക്ഷരാർഥത്തിൽ വൈഭവിന്റെ സിക്സർ പൂരമായിരുന്നു. 32 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിൽ സെഞ്ചുറിയും തികച്ചു. സെഞ്ചുറിക്ക് പിന്നാലെയും വൈഭവ് കത്തിക്കയറി. ഇംഗ്ലണ്ട് ബൗളർമാർക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. 23-ാം ഓവർ കഴിയുമ്പോഴേക്കും താരം 150 റൺസും തികച്ചു. എന്നാൽ 175 റൺസിൽ നിൽക്കേ വൈഭവ് പുറത്തായി. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന് കാഴ്ചവെച്ചാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരൻ മടങ്ങിയത്. 15 വീതം ഫോറുകളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. വൈഭവിന്റെ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യയാകട്ടെ 411 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് റൺമല താണ്ടാനായില്ല. 40.2 ഓവറിൽ 311 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ട് നിരയിൽ എല്ലാവരും കീഴടങ്ങി. 115 റൺസുമായി കാലേബ് ഫാൽക്കണർ പൊരുതിനോക്കിയെങ്കിലും വിജയതീരത്തെത്തിക്കാനായില്ല. അതോടെ നൂറ് റൺസിന്റെ ആധികാരിക ജയത്തോടെ ഇന്ത്യക്ക് കിരീടം. ആറാം ലോകകപ്പുമായി കൗമാരപ്പട ചരിത്രമെഴുതി.
Content Highlights: indian under 19 team world cup performance
Published: 06 Feb 2026, 09:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented