റാഞ്ചി: ഇന്ത്യ ഉയർത്തിയ റൺമലയ്ക്ക് മുന്നിൽ പകച്ചുനിൽക്കാതെ ക്യാപ്റ്റൻ ഷായ് ഹോപും ഷെർഫാനെ റുഥർഫോഡും അടിച്ചുതകർത്തതോടെയാണ് വിൻഡീസ് രണ്ടാം ടി20 യിൽ റെക്കോഡ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 249 റൺസെടുത്തു. വിൻഡീസ് 18.3 ഓവറിൽ നാല് വിക്കറ്റിന് 252 റൺസെടുത്ത് ലക്ഷ്യത്തിലെത്തി. ഒട്ടേറെ റെക്കോഡുകളാണ് വെസ്റ്റിൻഡീസ് ടീം ഈ ചേസിലൂടെ സ്വന്തമാക്കിയത്.

To advertise here,

ടി20 ക്രിക്കറ്റിൽ ഇന്ത്യക്കെതിരായ ഏറ്റവും ഉയർന്ന റൺ ചേസ് വിജയമാണ് റാഞ്ചിയിലേത്. ഓസ്‌ട്രേലിയയുടെ റെക്കോഡാണ് വിൻഡീസ് മറികടന്നത്. ഓസീസ് 2023 ൽ 223 റൺസ് ചെസ് ചെയ്ത് വിജയിച്ചിരുന്നു. മാത്രമല്ല, വിൻഡീസിന്റെ ഉയർന്ന റൺ ചേസ് ജയവുമാണിത്. 2015 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 232 റൺസ് ലക്ഷ്യം പിന്തുടർന്ന് വിജയിച്ചതാണ് ഇതിന് മുൻപ് വെസ്റ്റിൻഡീസിന്റെ ഉയർന്ന ചേസിങ്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ പിന്തുടർന്ന് ജയിക്കുന്ന ഉയർന്ന രണ്ടാമത്തെ സ്‌കോറാണിത്. ദക്ഷിണാഫ്രിക്കയുടെ പേരിലാണ് ഉയർന്ന റൺ ചേസിന്റെ റെക്കോഡ്. 2023 ൽ വെസ്റ്റിൻഡീസിനെതിരേയാണ് ദക്ഷിണാഫ്രിക്ക ഈ റെക്കോഡ് ജയം സ്വന്തമാക്കിയത്. അന്ന് വിൻഡീസ് ഉയർത്തിയ 259 റൺസ് ലക്ഷ്യം 18.5 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു.

രണ്ടിന് അഞ്ച് റൺസെന്ന നിലയിൽനിന്ന് അവിശ്വസനീയമായ തിരിച്ചുവരവാണ് വിൻഡീസ് നടത്തിയത്. നാലാം വിക്കറ്റിൽ ഹോപും റുഥർഫോഡും ചേർന്ന 120 റൺസാണ് ജയത്തിൽ നിർണായകമായത്. 45 പന്തിൽ 102 റൺസുമായി പുറത്താകാതെ നിന്ന ഹോപും 37 പന്തിൽ 84 റൺസെടുത്ത റുഥർഫോഡും ചേർന്നാണ് വിൻഡീസ് ജയം അനായാസമാക്കിയത്. 24 പന്തിൽ അർധസെഞ്ചുറിയിലെത്തിയ ഹോപ് 21 പന്തിൽ അടുത്ത അർധശതകം കണ്ടെത്തി. സിക്‌സോടെയാണ് സെഞ്ചുറിയും ജയവും താരം പൂർത്തിയാക്കിയത്. ഒൻപത് സിക്‌സും ആറ് ഫോറുമുള്ള ഇടിവെട്ട് ഇന്നിങ്‌സ്. റുഥർഫോഡിന്റെ ഇന്നിങ്‌സിൽ ഏഴുവീതം സിക്‌സും ഫോറുമുണ്ട്. റൊമാരിയോ ഷെപ്പേർഡ് 13 പന്തിൽ 34 റൺസുമായി പുറത്താകാതെ നിന്നു.

മലയാളിതാരം സഞ്ജു സാംസൺ, ഒപ്പം ഇഷാൻ കിഷനും ശ്രേയസ് അയ്യരും തിലക് വർമയും കൂടിയപ്പോഴാണ് ഇന്ത്യ കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. 41 പന്തിൽ 82 റൺസെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. തിലക് വർമ (18 പന്തിൽ 44), ഇഷാൻ കിഷൻ (22 പന്തിൽ 43), ശ്രേയസ് അയ്യർ (18 പന്തിൽ 40) എന്നിവരും തിളങ്ങി. അഭിഷേക് ശർമ (20) പെട്ടെന്ന് പുറത്തായി.

കരിയറിലെ ഒൻപതാം അർധശതകമാണ് സഞ്ജു നേടിയത്. 21 പന്തിൽ 50 കടന്നതോടെ താരത്തിന്റെവേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയുമായി. അഭിഷേക് ശർമയുമൊത്ത് നാല് ഓവറിൽ 42 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമിടാൻ സഞ്ജുവിനായി. അഭിഷേക് പുറത്തായതോടെ പകരമെത്തിയ ഇഷാൻ കിഷനുമായി 43 പന്തിൽ 97 റൺസാണ് സഞ്ജു കണ്ടെത്തിയത്. ഇഷാന്റെ ഇന്നിങ്‌സിൽ ആറ് ഫോറും രണ്ട് സിക്സുമുണ്ട്. ഒൻപത് ഫോറും നാല് സിക്സും സഞ്ജു നേടി. അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും തിലക് വർമയും ഒരുമിച്ചതോടെ സ്‌കോർ കുതിച്ചുകയറി. 33 പന്തിൽ 83 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ശ്രേയസും തിലകും മൂന്നുവീതം സിക്സും ഫോറും നേടി. വിൻഡീസിനായി റോസ്റ്റൺ ചേസ് മൂന്നുവിക്കറ്റെടുത്തു.