പട്‌ന: ഇന്ത്യയുടെ യുവ ക്രിക്കറ്റ് സെൻസേഷൻ വൈഭവ് സൂര്യവംശി ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതില്ല. ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം പരിശീലന ക്യാമ്പുകളും ടൂർണമെന്റുകളും കാരണമാണ് പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചത്. ബിഹാറിലെ താജ്പുർ സ്വദേശിയായ വൈഭവ് അവിടത്തെ മോഡസ്റ്റി സ്‌കൂളിലെ വിദ്യാർഥിയാണ്.
ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടക്കുന്ന പരീക്ഷ വൈഭവ് എഴുതേണ്ടതായിരുന്നു. എന്നാൽ തുടർച്ചയായ ക്രിക്കറ്റ് മത്സരങ്ങളും അതുമായി ബന്ധപ്പെട്ട യാത്രകളും ക്യാമ്പുകളും ഉളളത് കാരണം താരത്തിന് വീട്ടിൽ നിന്നും സ്‌കൂളിൽ നിന്നും മാറി നിൽക്കേണ്ടിവന്നു. ഇതോടെ താരത്തിന് പഠനത്തിൽ ശ്രദ്ധിക്കാനായില്ല. ഇത് ബോർഡ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളെ ബാധിക്കുകയും ചെയ്തു. ഇതാണ് ഇത്തവണ പരീക്ഷ എഴുതാതിരിക്കാനുള്ള കാരണമെന്നും താജ്പുർ മോഡസ്റ്റി സ്‌കൂൾ ഡയറക്ടർ ആദർശ് കുമാർ പിന്റു പറഞ്ഞു.
വൈഭവ് പരീക്ഷ ഫോം പൂരിപ്പിക്കുകയും താരത്തിന് അഡ്മിറ്റ് കാർഡ് ലഭിക്കുകയും ചെയ്തിരുന്നു. ബിഹാർ സമസ്തിപുരിലെ പോഡാർ ഇന്റർനാഷണൽ സ്‌കൂളായിരുന്നു വൈഭവിന്റെ പരീക്ഷാകേന്ദ്രം. എന്നിരുന്നാലും കുടുംബത്തോട് സംസാരിച്ച ശേഷമാണ് പരീക്ഷ എഴുതുന്നില്ലെന്ന തീരുമാനം വൈഭവ് എടുത്തതെന്ന് താരത്തിന്റെ പിതാവ് സഞ്ജീവ് സൂര്യവംശി പറഞ്ഞു.
ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായത്. 15 ഫോറും 15 സിക്സും അടങ്ങിയതായിരുന്നു ഇന്നിങ്സ്. ടൂർണമെന്റിലെ താരവും വൈഭവായിരുന്നു. ഏഴ് കളികളിൽ നിന്നായി 62.71 ശരാശരിയിലും 169.49 സ്ട്രൈക്ക് റേറ്റിലും 439 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. 2022-ൽ ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ് സ്ഥാപിച്ച റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്.
Content Highlights: Young Indian cricket sensation Vaibhav Suryavanshi will not appear for his 10th CBSE board exams this year due to intense training and tournaments. Learn more about his decision and cricket achievements.
Published: 15 Feb 2026, 03:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented