മാഞ്ചെസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ നാലാംദിനം ആദ്യ സെഷനിൽ ഇംഗ്ലണ്ട് പുറത്ത്. 157.1 ഓവറിൽ 669 റൺസിനാണ് ഓൾഔട്ടായത്. 311 റൺസിന്റെ കൂറ്റൻ ലീഡ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ക്രിസ് വോക്സ് എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ ജയ്സ്വാളിനെയും (0) സായ് സുദർശനെയും (0) നഷ്ടമായി. ജയ്സ്വാളിനെ റൂട്ടിന്റെ കൈകളിലേക്കും സുദർശനെ ഹാരി ബ്രൂക്കിന്റെ കൈകളിലേക്കും നൽകിയാണ്  വോക്സ് രണ്ടാം ഇന്നിങ്സിലെ വേട്ടയ്ക്ക് തുടക്കമിട്ടത്. 

To advertise here,

തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച ഓപ്പണര്‍ കെ.എല്‍. രാഹുലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും നിലയുറപ്പിച്ചു കളിച്ചതോടെ ഇന്ത്യ നാലാംദിനം സ്റ്റമ്പെടുക്കുമ്പോൾ 63 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യക്ക് ഇനിയും 137 റൺസ് കൂടി വേണം. അര്‍ധസെഞ്ചുറിയോടെ ശുഭ്മാന്‍ ഗില്ലും (78) കെ.എല്‍. രാഹുലും (87) ക്രീസില്‍ തുടരുന്നു. 62 ഓവർ ക്രീസിൽ തുടർന്ന് ഇരുവരും ഇന്ത്യയുടെ രക്ഷകരാവുകയായിരുന്നു. 

നേരത്തേ ജോ റൂട്ടിന്റെയും(150) ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെയും (141) സെഞ്ചുറികളും ഓപ്പണർമാരായ സാക്ക് ക്രോളി (84), ബെൻ ഡക്കറ്റ് (94), ഒലീ പോപ്പ് (71) എന്നിവരുടെ അർധ സെഞ്ചുറികളുമാണ് ഇംഗ്ലണ്ടിന് വലിയ ടോട്ടൽ സമ്മാനിച്ചത്. സ്റ്റോക്സ് നേരത്തേ അഞ്ച് വിക്കറ്റുകളും നേടി മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ചു.

തലേന്നാള്‍ ക്രീസില്‍ തുടര്‍ന്നിരുന്ന ലിയാം ഡോസനെ (26) ആണ് നാലാംദിനം ആദ്യം മടക്കിയയച്ചത്. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. പിന്നാലെ ബ്രൈഡൻ കാർസിനെ മുഹമ്മദ് സിറാജും ബെൻ സ്റ്റോക്സിനെ രവീന്ദ്ര ജഡേജയും മടക്കി. ഇന്ത്യക്കായി ജഡേജ നാലും വാഷിങ്ടൺ സുന്ദർ, ബുംറ എന്നിവർ രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി. അരങ്ങേറ്റതാരം അൻഷുൽ കംബോജിനും സിറാജിനും ഓരോ വിക്കറ്റ്.  

റെക്കോർഡുകൾ പലത് കടപുഴക്കിയുള്ള ജോ റൂട്ടിന്റെ സെഞ്ചുറി ഇന്നിങ്സായിരുന്നു മൂന്നാംദിവസത്തെ ഇംഗ്ലണ്ട് ബാറ്റിങ്ങിലെ ഹൈലൈറ്റ്. 248 പന്തുകളിൽ 150 റൺസാണ് താരം നേടിയത്. നാലാംദിനം ക്യാപ്റ്റൻ സ്റ്റോക്സും സെഞ്ചുറിയുമായി നിറഞ്ഞാടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി. 198 പന്തുകളിൽനിന്ന് 11 ഫോറും മൂന്ന് സിക്സും സഹിതമാണ് സ്റ്റോക്സിന്റെ 141 റൺസ്. ഇതോടെ ഒരേ ടെസ്റ്റിൽ സെഞ്ചുറിയും അഞ്ചുവിക്കറ്റും നേടുന്ന താരമായി സ്റ്റോക്സ് മാറി. സെഞ്ചുറിക്കു ശേഷം സ്കോർവേഗം കൂട്ടിയ സ്റ്റോക്സ് ഒൻപതാമതാണ് മടങ്ങിയത്.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ 114.1 ഓവറില്‍ ഇന്ത്യ 358 റണ്‍സിന് പുറത്തായിരുന്നു. യശസ്വി ജയ്‌സ്വാളിന്റെയും സായ് സുദര്‍ശന്റെയും പരിക്ക് വലച്ച ഋഷഭ് പന്തിന്റെയും അര്‍ധ സെഞ്ചുറി മികവാണ് ഇന്ത്യന്‍ സ്‌കോര്‍ 350 കടത്തിയത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അഞ്ചുവിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് മികച്ച മുന്നേറ്റമാണ് നടത്തിയത്. ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 166 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. റൂട്ടും ഒലീ പോപ്പും ചേര്‍ന്ന മൂന്നാംവിക്കറ്റ് കൂട്ടുകെട്ടില്‍ 144 റണ്‍സ് പിറന്നു. അഞ്ചാം വിക്കറ്റില്‍ റൂട്ടും ബെന്‍ സ്‌റ്റോക്‌സും ചേര്‍ന്ന് 150 റണ്‍സ് കൂടി ചേര്‍ത്തതോടെ ഇന്ത്യ ലീഡ് വഴങ്ങി.