ധർമശാല: അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിലെ മഴ വില്ലനായ ആദ്യ മത്സരത്തിൽ കളി ഇന്ത്യ കൊണ്ടുപോയി. മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം ഇന്ത്യ 7 വിക്കറ്റുകൾ ബാക്കിനിൽക്കേ മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത അഫ്ഗാൻ 24.5 ഓവറിൽ 194 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 22.5 ഓവറിൽ ലക്ഷ്യം മറികടന്നു. സ്‌കോർ: 195/3. ഗില്ലിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയം സാധ്യമാക്കിയത്.

To advertise here,

മഴമാറിയ ക്രീസിൽ ഓപ്പണർ റഹ്‌മാനുള്ള ഗുർബാസിന്റെ കൊടുങ്കാറ്റു കണക്കെയുള്ള ബാറ്റിങ് അഫ്ഗാനെ തുണച്ചില്ല. 51 പന്തിൽ എട്ടുവീതം ഫോറും സിക്‌സുമായി 102 റൺസാണ് ഗുർബാസ് നേടിയത്. ഇന്ത്യക്കായി ഗുർനൂർ ബ്രാറും ഹർഷ് ദുബെയും മൂന്നുവീതം വിക്കറ്റുകൾ നേടി തങ്ങളുടെ അരങ്ങേറ്റം ഗംഭീരമാക്കി. ഇരുവരുടെയും അന്താരാഷ്ട്ര ഏകദിനത്തിലെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്ന്.

ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മുന്നിൽനിന്ന് നയിച്ച് ഇന്ത്യയെ ജയത്തിലേക്ക് കൈപ്പിടിക്കുകയായിരുന്നു. 66 പന്തിൽ 84 റൺസാണ് താരം പുറത്താവാതെ നേടിയത്. 11 ബൗണ്ടറിയും രണ്ട് സിക്‌സും ഉൾപ്പെടുന്നതാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. നന്നായി തുടങ്ങിയതായിരുന്നു ഗില്ലും രോഹിത് ശർമയും. ഇരുവരും തമ്മിലുണ്ടായ ധാരണാപ്പിശക് മൂലം ഇന്ത്യക്ക് രോഹിത്തിനെ (16 പന്തിൽ 16) റണ്ണൗട്ട് രൂപത്തിൽ ആദ്യം നഷ്ടമായി. ഗില്ലിന്റെ മുഖത്തുപോലും നോക്കാതെ ദേഷ്യം പ്രകടിപ്പിച്ചാണ് രോഹിത് പവലിയനിലേക്ക് മടങ്ങിയത്.

പിറകെയെത്തിയ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ 34 റൺസും ശ്രേയസ് അയ്യർ 12 റൺസും നേടി. തുടർന്ന് കെ.എൽ. രാഹുലും ഗില്ലും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് കൈപ്പിടിച്ചത്. അവസാന നിമിഷങ്ങളിലെ കെ.എൽ. രാഹുലിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ജയം നേരത്തെയാക്കിയത്. രാഹുൽ 19 പന്തിൽ 39 റൺസ് നേടി പുറത്താവാതെ നിന്നു. മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടുന്നു.

നേരത്തേ ഓപ്പണർ റഹ്‌മാനുള്ള ഗുർബാസിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് അഫ്ഗാന് മികച്ച സ്കോർ സമ്മാനിച്ചത്. 51 പന്തിൽ എട്ടുവീതം ഫോറും സിക്‌സുമായി 102 റൺസാണ് ഗുർബാസിന്റെ സമ്പാദ്യം. ഇന്ത്യക്കായി അരങ്ങേറ്റ താരങ്ങളായ ഗുർനൂർ ബ്രാറും ഹർഷ് ദുബെയും മൂന്നുവീതം വിക്കറ്റുകൾ നേടി.

പവർപ്ലേയ്ക്കു മുന്നേ 26-ന് മൂന്ന് എന്ന നിലയിൽ തകർന്നിരുന്നു അഫ്ഗാൻ. വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോഴും മറുവശത്ത് നിർഭയമായ ഇന്നിങ്‌സ് കാഴ്ചവെച്ച് ഗുർബാസ് ടീം സ്‌കോറുയർത്തി. സ്‌കോർ 14-ൽ നിൽക്കെ ഗുർബാസിനെതിരെയുള്ള എൽ.ബി.ഡബ്ല്യു അപ്പീൽ ഇന്ത്യ റിവ്യൂ ചെയ്യാതിരുന്നതിലൂടെ ലഭിച്ച ഭാഗ്യം അദ്ദേഹം കൃത്യമായി വിനിയോഗിച്ചു.

നാലാംവിക്കറ്റിൽ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയുമായി ചേർന്ന് 116 റൺസിന്റെ കൂട്ടുകെട്ടുയർത്തി തകർച്ചയിൽനിന്ന് ടീമിനെ രക്ഷിച്ചു. ഒരുഘട്ടത്തിൽ അഫ്ഗാൻ ഇരുന്നൂറും കടന്ന് മുന്നേറുമെന്ന് തോന്നിച്ചെങ്കിലും ഗുർബാസിന്റെ പുറത്താകൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നു. ഗുർബാസിന്റെ സെഞ്ചുറിക്കു പുറമേ, ഷാഹിദി 27 റൺസും അസ്മത്തുള്ള ഒമർസായി 26 റൺസും നേടിയതൊഴിച്ചാൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

ആദ്യ ഓവറുകളിൽ തല്ലുവാങ്ങിയെങ്കിലും പിന്നീട് മികച്ച രീതിയിൽ തിരിച്ചുവന്ന അരങ്ങേറ്റ താരങ്ങളായ ഗുർനൂർ ബ്രാറും ഹർഷ് ദുബെയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും നേടി.

അതിനിടെ നായകൻ ശുഭ്മാൻ ഗിൽ ഏകദിനത്തിൽ 3,000 റൺസ് തികച്ചു. രോഹിത് ശർമ ഇന്ത്യക്കുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന അപൂർവ റെക്കോഡിന് ഉടമയായി. 39 വയസ്സും 44 ദിവസവുമാണ് മുൻ ക്യാപ്റ്റന്റെ പ്രായം. 39 ദിവസവും 36 ദിവസവുമുള്ളപ്പോൾ കളിച്ച മൊഹീന്ദർ അമർനാഥിന്റെ റെക്കോഡാണ് വഴിമാറിയത്.