കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയാകുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് അതീവ ജാഗ്രതയില്‍. വെള്ളിയാഴ്ചയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.

To advertise here,

അതീവ ജാഗ്രതയിലാണെന്നും ഡല്‍ഹിയിലെ സ്‌ഫോടനം കണക്കിലെടുത്ത്, പ്രത്യേകവും അധികവുമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കൊല്‍ക്കത്ത പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ലോക്കല്‍ പോലീസിനൊപ്പം സുരക്ഷയ്ക്ക് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിനെയും (എസ്ടിഎഫ്) വിന്യസിച്ചിട്ടുണ്ട്.

ഈഡന്‍ ഗാര്‍ഡന്‍സിന് ചുറ്റുമുള്ള പ്രദേശങ്ങളും പശ്ചിമ ബംഗാള്‍ നിയമസഭ, രാജ്ഭവന്‍, കല്‍ക്കട്ട ഹൈക്കോടതി, ഓള്‍ ഇന്ത്യ റേഡിയോ തുടങ്ങിയ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം സുരക്ഷാവലയത്തിലാണ്.

ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ താമസിക്കുന്ന ഹോട്ടലുകളും കര്‍ശന നിരീക്ഷണത്തിലാണ്. സുരക്ഷ കണക്കിലെടുത്ത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കാളിഘട്ട് ക്ഷേത്ര സന്ദര്‍ശനം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റിവെച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഈഡന്‍ ഗാര്‍ഡന്‍സിന്റെ ചുറ്റുവട്ടവും പ്രവേശന കവാടങ്ങളും കാണികളുടെ സ്റ്റാന്‍ഡുകളും എല്ലാം സുരക്ഷാ വലയത്തിലാണ്. ത്രീ ലെയര്‍ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിനകത്തും ചുറ്റുപാടുമുള്ള എല്ലാ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. ഹാന്‍ഡ്ഹെല്‍ഡ് സ്‌കാനറുകളും മെറ്റല്‍ ഡിറ്റക്ടറുകളും ഉപയോഗിച്ച് പ്രവേശന പരിശോധനകള്‍ ശക്തമാക്കും.