
ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറുടെ വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യ സഹതാരങ്ങൾക്കൊപ്പം ആഹ്ലാദം പങ്കിടുന്നു | ഫോട്ടോ - എപി
കട്ടക്: ഹാര്‍ദിക് പാണ്ഡ്യയാണ് ചൊവ്വാഴ്ചത്തെ ഹീറോ. പ്രതിസന്ധി ഘട്ടത്തില്‍ നിര്‍ഭയത്വം നിറഞ്ഞ ബാറ്റിങ്ങും പിന്നീട് വിക്കറ്റും നേടി ഹാര്‍ദിക് നടത്തിയ പോരാട്ടത്തിന്റെ ആകെ പൊരുളാണ് ഇന്ത്യയുടെ ജയം. അര്‍ഷ്ദീപ് സിങ്ങും അക്ഷര്‍ പട്ടേലും തിലക് വര്‍മയും ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും ആ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് നേടിയത് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ്. ദക്ഷിണാഫ്രിക്കയുടെ മറുപടിയിന്നിങ്‌സ് വെറും 74 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 101 റണ്‍സ് ജയം. എടുത്ത റണ്‍സിനെക്കാള്‍ വലിയ റണ്‍സിനാണ് പ്രോട്ടീസിന്റെ പരാജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നില്‍.
ഇന്ത്യ കുറിച്ച ടോട്ടല്‍ ഭേദിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കയെ അര്‍ഷ്ദീപ് സിങ് തുടക്കത്തിലേ അടക്കിനിര്‍ത്തി. രണ്ടാം പന്തില്‍തന്നെ ഡി കോക്ക് ഔട്ട്! അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി ഡക്കായി മടങ്ങി. മൂന്നാം ഓവറില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലേക്ക് നല്‍കി അര്‍ഷ്ദീപ് വക അടുത്ത പ്രഹരം. 9 പന്തില്‍ 14 റണ്‍സാണ് സ്റ്റബ്‌സിന്റെ സമ്പാദ്യം. പിന്നീട് മാര്‍ക്രം (14), ഡേവിഡ് മില്ലര്‍ (1), ഡെനോവന്‍ ഫെറെയ്‌റ (5), മാര്‍ക്കോ ജാന്‍സന്‍ (12) എന്നിങ്ങനെ തുടരത്തുടരേ വിക്കറ്റുകള്‍ വീണതോടെ ദക്ഷിണാഫ്രിക്ക പതറി.
ഒരറ്റത്ത് പിടിച്ചുനിന്ന് 14 പന്തില്‍ 22 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസ് (22) ഏഴാമനായി പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ വീര്യം കെട്ടു. പിന്നീടെത്തിയ കേശവ് മഹാരാജ് (0), ആന്റച്ച് നോര്‍ക്യെ (1), ലുതോ സിപംല (2), ലുങ്കി എന്‍ഗിഡി (2) എന്നിവര്‍ക്കും ഫലപ്രദമായി ഒന്നും ചെയ്യാനായില്ല. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും അക്ഷര്‍ പട്ടേലും രണ്ടുവീതം വിക്കറ്റുകള്‍ നേടി. ഹാര്‍ദിക് പാണ്ഡ്യയ്്ക്ക് ഒരു വിക്കറ്റ്. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലൂടെയാണ് നാലുപേര്‍ മടങ്ങിയത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരുന്നു. പതറിത്തുടങ്ങിയ ഇന്ത്യയെ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരാണ് ഏറക്കുറെ രക്ഷിച്ചത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ടോട്ടല്‍ കണ്ടെത്തിയത്.
വിക്കറ്റ് വീഴ്ചകള്‍ക്കിടയിലും ഹാര്‍ദിക് പുലര്‍ത്തിയ നിര്‍ഭയത്വം നിറഞ്ഞ ഇന്നിങ്‌സ് ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത ടോട്ടല്‍ നല്‍കി. 28 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 59 റണ്‍സ് നേടി. 25 പന്തുകളിലാണ് ഫിഫ്റ്റി കുറിച്ചത്. നാല് സിക്‌സും ആറ് ഫോറും ഹാര്‍ദിക്കിന്റെ ഇന്നിങ്‌സിലുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് 38 റണ്‍സിന്റെ കൂട്ടുകെട്ടാണ് അവസാനം പടുത്തുയര്‍ത്തിയത്. മത്സരത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. സഞ്ജു സാംസണ് പകരക്കാരനായെത്തിയ ജിതേഷ് അഞ്ച് പന്തില്‍ പത്ത് റണ്‍സുമായി ഹാര്‍ദിക്കിന് മികച്ച പിന്തുണ നല്‍കി.
പരിക്കില്‍നിന്ന് മുക്തനായി തിരിച്ചെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കേവലം രണ്ടു പന്തുകള്‍ നേരിട്ട് ഒരു ബൗണ്ടറി നേടി ആദ്യം പുറത്തായി. ലുങ്കി എന്‍ഗിഡി എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാംപന്തില്‍ മാര്‍ക്കോ ജാന്‍സന് ക്യാച്ചായാണ് മടക്കം. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും എന്‍ഗിഡിയുടെ ബൗളിങ്ങിനിരയായി. അല്പം പന്തുകള്‍ വിട്ടുകളഞ്ഞ ശേഷം കത്തിക്കയറാന്‍ ശ്രമിച്ച സൂര്യയെ എന്‍ഗിഡി പ്രോട്ടീസ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിന്റെ കൈകളിലേക്ക് അയച്ചു. എന്‍ഗിഡിയെറിഞ്ഞ മൂന്നാം ഓവറില്‍ ഒരു ഫോറും സിക്‌സും നേടിയ ശേഷം തൊട്ടടുത്ത പന്തിലായിരുന്നു ഈ പുറത്താവല്‍. താരം 11 പന്തുകള്‍ നേരിട്ട് 12 റണ്‍സ് നേടി.
ഈ ഘട്ടങ്ങളിലെല്ലാം മറ്റേയറ്റത്ത് കരുതലോടെ കളിച്ച ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് പിന്നീട് പുറത്തായത്. ലുതോ സിപംല എറിഞ്ഞ ഏഴാം ഓവറില്‍ അഭിഷേക് തൊടുത്ത ഷോട്ട് ജാന്‍സന്റെ കൈകളിലേക്ക് (12 പന്തില്‍ 17 റണ്‍സ്). ഇതോടെ ഇന്ത്യ 48-ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്നു. പിന്നീട് തിലക് വര്‍മയും അക്ഷര്‍ പട്ടേലും ചേര്‍ന്ന് 30 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 12-ാം ഓവറില്‍ തിലക് വര്‍മയേയും പുറത്താക്കി ലുന്‍ഗി എന്‍ഗിഡി തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി. 32 പന്തില്‍ 26 റണ്‍സാണ് തിലക് നേടിയത്. അഞ്ചാമനായി അക്ഷര്‍ പട്ടേലും (21 പന്തില്‍ 23) പുറത്തായി. സിപംലയ്ക്കാണ് വിക്കറ്റ്. ഇതിനിടെ ഇന്ത്യന്‍ ടോട്ടല്‍ 100 കടന്നിരുന്നു. ശിവം ദുബെ (11) ആറാമനായും പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡി മൂന്നും സിപംല രണ്ടും വിക്കറ്റുകള്‍ നേടി. ഫെറെയ്‌റയ്ക്ക് ഒരു വിക്കറ്റ്.
Content Highlights: india vs south africa t20 first match
Published: 09 Dec 2025, 10:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented