ജൊഹാനസ്ബര്‍ഗ്: ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറിക്കരുത്തും കുല്‍ദീപ് യാദവിന്റെ അഞ്ചുവിക്കറ്റ് പ്രകടനവും ഇന്ത്യക്ക് തുണയായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20-യില്‍ ജയം ഇന്ത്യക്കൊപ്പം. ഇതോടെ പരമ്പര സമനിലയില്‍ (1-1). ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം ഭേദിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്ക 95 റണ്‍സ് മാത്രമാണ് നേടിയത്. ഇതിനിടെതന്നെ പത്തുപേരും മടങ്ങി. ഇതോടെ ഇന്ത്യക്ക് 106 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
13.5 ഓവറേ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിവന്നുള്ളൂ. അതിനകംതന്നെ പത്തുപേരും മടങ്ങി. ഡേവിഡ് മില്ലറാണ് ആതിഥേയര്‍ക്കുവേണ്ടി അല്പമെങ്കിലും ചെറുതുനിന്നത് (25 പന്തില്‍ 35 റണ്‍സ്). ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (25), ഡോണോവന്‍ ഫെറെയ്റ (12 റണ്‍സ്) എന്നിവരും രണ്ടക്കം കടന്നു. ബാക്കിയുള്ളവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. രണ്ടുപേര്‍ ഡക്കായും മൂന്നുപേര്‍ ഒരു റണ്ണുമെടുത്തും തിരികെപ്പോയി.
നേരത്തേ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴുവിക്കറ്റിന് 201 റണ്‍സെടുത്തു. 56 പന്തുകള്‍ നേരിട്ട് 100 റണ്‍സ് നേടിയാണ് സൂര്യകുമാര്‍ പുറത്തായത്. ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ അര്‍ധസെഞ്ച്വറിയും (41 പന്തില്‍ 60 റണ്‍സ്) ഇന്ത്യന്‍ സ്കോറില്‍ നിര്‍ണായകമായി. ട്വന്റി20-യില്‍ കുല്‍ദീപിന്റെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടമാണിത്.
എട്ട് സിക്സും ഏഴ് ഫോറും അടങ്ങിയതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്. മൂന്ന് സിക്സും ആറ് ഫോറുമാണ് യശസ്വി ജയ്സ്വാള്‍ നേടിയത്. കേശവ് മഹാരാജിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ശുഭ്മാന്‍ ഗില്‍ (8 റണ്‍സ്) വിക്കറ്റിനു മുന്നില്‍ കുടുങ്ങി ഇന്ത്യന്‍ നിരയില്‍നിന്ന് ആദ്യം മടങ്ങി. പിന്നാലെയെത്തിയ തിലക് വര്‍മ നേരിട്ട ആദ്യ പന്തില്‍ത്തന്നെ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച് നല്കി തിരികെപ്പോയി. ടീം സ്കോര്‍ 29-ല്‍ രണ്ട്. കേശവ് മഹാരാജാണ് ഇരുവരെയും മടക്കിയയച്ചത്.
കൈവിട്ടുപോവുകയാണെന്ന് തോന്നിച്ച കളി, പിന്നീട് സൂര്യകുമാര്‍ യാദവും യശസ്വി ജയ്സ്വാളും ചേര്‍ന്നാണ് നെഞ്ചിടിപ്പില്ലാതെ കാണാനാവുന്ന വിധത്തിലേക്ക് വഴിതിരിച്ചത്. ഇന്ത്യന്‍ സ്കോര്‍ 141-ല്‍ എത്തിയപ്പോഴാണ് ദക്ഷിണാഫ്രിക്ക പിന്നീടൊരു വിക്കറ്റ് കണ്ടത്. തബ്രീസ് ഷംസിയുടെ പന്തില്‍ റീസ ഹെന്‍ട്രിക്സിന് ക്യാച്ച് നല്കി ഓപ്പണര്‍ ജയ്സ്വാള്‍ മടങ്ങി. 112 റണ്‍സാണ് സൂര്യ - ജയ്സ്വാള്‍ കൂട്ടുകെട്ടില്‍ പിറന്നത്. പിന്നീടെത്തിയവരില്‍ റിങ്കു സിങ് മാത്രമാണ് രണ്ടക്കം കടന്നത് (14 റണ്‍സ്). ജിതേഷ് ശര്‍മ (നാല്), രവീന്ദ്ര ജഡേജ (നാല്) എന്നിവര്‍ നിരാശപ്പെടുത്തി.
നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ മഴ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.
Content Highlights: india south africa cricket t20
Published: 14 Dec 2023, 11:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented