വെല്ലിങ്ടൺ: യുവരാജ് സിങ്ങിന്റെ റെക്കോർഡ് മറികടക്കുക എളുപ്പമല്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി 20യിലെ മികച്ച ബാറ്റിങ് പ്രകടനത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അഭിഷേക്. മത്സരത്തിൽ 15 പന്തിൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ അഭിഷേക് 35 പന്തിൽ സെഞ്ചുറിയിലെത്തിയിരുന്നു.

To advertise here,

എന്നാൽ 12 പന്തിൽ 50 റൺസ് എന്ന യുവരാജിന്റെ റെക്കോർഡ് തകർക്കാൻ അഭിഷേകിന് കഴിഞ്ഞിരുന്നില്ല. മത്സരത്തിന് പിന്നാലെ യുവരാജ് സോഷ്യൽ മീഡിയയിൽ തമാശരൂപേണ അഭിഷേകിനോട് വെല്ലുവിളി നടത്തുകയും ചെയ്തിരുന്നു.

'12 പന്തിൽ 50 റൺസ് അടിക്കാൻ നിനക്ക് ഇപ്പോഴും കഴിയുന്നില്ലല്ലേ...രണ്ട് ഇടങ്കയ്യൻ ബാറ്റർമാർ അവരുടെ ബാക്ക് യാർഡിൽ കളിക്കുന്നത് പോലെയുണ്ടായിരുന്നു' എന്നാണ് യുവരാജ് എക്‌സിൽ കുറിച്ചത്. 2007 ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു യുവരാജിന്റെ അർദ്ധ സെഞ്ചുറി ഇന്നിങ്‌സ്. അന്ന് സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിലെ ആറ് പന്തിലും സിക്‌സറുകൾ പറത്തി യുവരാജ് ചരിത്രമെഴുതിയിരുന്നു.

മത്സരശേഷം പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെയാണ് അഭിഷേക് യുവരാജിന് മറുപടി നൽകിയത്. 'അന്ന് യുവരാജ് ആ റെക്കോർഡ് എങ്ങനെ നേടി എന്ന് എനിക്കറിയില്ല. അത് എത്ര എളുപ്പമുള്ള കാര്യമല്ല. ഏതൊരു ബാറ്റർക്കും അങ്ങനെ ബാറ്റ് ചെയ്യാൻ കഴിയില്ല. 12 പന്തിൽ 50 റൺസ് എന്നതെല്ലാം അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്.'- അഭിഷേക് പറഞ്ഞു.