ലിങ്കൺ (ന്യൂസീലൻഡ്): ടെസ്റ്റിൽ 113 റൺസിന് പുറത്ത്. അതും ഇന്ത്യൻ ടീം. അഞ്ച് പേർ മടങ്ങിയത് ഡക്കായി. പൂജ്യത്തിന് പുറത്തായവർ ചില്ലറക്കാരല്ല. കെ.എൽ. രാഹുൽ, സായി സുദർശൻ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, മുകേഷ് ചൗധരി. ക്യാപ്റ്റൻ ധ്രുവ് ജുറൽ മടങ്ങിയത് ഒരു റൺമാത്രം സംഭാവന ചെയ്താണ്. ന്യൂസീലൻഡ് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിലാണ് ഇന്ത്യ എ ടീമിന്റെ ഈ ദയനീയ പ്രകടനം. 44 റൺസെടുത്ത് പുറത്താകാതെ നിന്ന യാഷ് റത്തോഡാണ് പേരിനെങ്കിലും മാനം കാത്തത്. ദേവ്ദത്ത് പടിക്കൽ 32 റൺസെടുത്തു.

To advertise here,

പച്ചപ്പുൽ പിച്ചിൽ സംഹാരതാണ്ഡവമാടിയ കിവീസ് പേസർമാർക്കെതിരെ ആകെ 39.3 ഓവറാണ് ഇന്ത്യൻ ടീമിന് ക്രീസിൽ നിൽക്കാൻ കഴിഞ്ഞത്. അഞ്ച് വിക്കറ്റെടുത്ത സിമോൺ കീനും മൂന്ന് വിക്കറ്റെടുത്ത സാക് ഗിബ്‌സണുമാണ് ബേർട്ട് സട്ട്ക്ലിഫ് സ്‌റ്റേഡിയത്തിൽ ഇന്ത്യാവധം പൂർത്തിയാക്കിയത്.

ഈ ദയനീയ പ്രകടനം വലിയ വിമർശനത്തിനും പരിഹാസത്തിനുമാണ് വഴിവെച്ചത്. കിവീസ് മണ്ണിലെ ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്ന വലിയ തകർച്ചയുടെ ട്രെയ്‌ലറാണ് ഇത് എന്നതാണ് പ്രധാന വിമർശനം.

ഇന്ത്യൻ ടീമിന്റെ ടിട്വന്റി പരമ്പര ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ആദ്യത്തേതിൽ ഇന്ത്യ ജയിച്ചുകഴിഞ്ഞു. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ നാലിന് ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര നവംബർ 19നും.