ന്യൂഡൽഹി: രഞ്ജി ട്രോഫിയിൽ തുടർച്ചയായി രണ്ട് ഇന്നിങ്‌സിലും ഇരട്ട സെഞ്ചുറി നേടിയ ഡൽഹി താരം ആയുഷ് ബദോനിക്ക് റെക്കോർഡ്. വിരാട് കോലിക്കും ഗൗതം ഗംഭീറിനും ശേഷം ഈ നേട്ടത്തിലെത്തുന്ന ഡൽഹി താരമാണ് ആയുഷ് ബദോനി. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെതിരെ 217 റൺസ് അടിച്ച ബദോനി തൊട്ടടുത്ത മത്സരത്തിൽ ഝാർഖണ്ഡിനെതിരെ ഒന്നാമിന്നിങ്‌സിൽ 228 പന്തിൽ നിന്ന് പുറത്താകാതെ 210 റൺസാണ് നേടിയത്.

To advertise here,

ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ട ഡൽഹിയെ ബദോനിയും 150 റൺസുമായി പുറത്താകാതെ നിന്ന സുമിത് മാഥുറും ചേർന്നാണ് കര കയറ്റിയത്. ഇരുവരും 334 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ഡൽഹി ഒന്നാമിന്നിങ്‌സിൽ 515 റൺസിന് ഡിക്ലയർ ചെയ്തു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 60-ൽ അധികം ശരാശരിയുള്ള ബദോനി തുടർച്ചയായ ഇന്നിങ്‌സുകളിൽ ഇരട്ട സെഞ്ചുറി നേടുന്ന 21-ാമത്തെ ബാറ്ററാണ്. 2024-25 രഞ്ജി സീസണിൽ ഗോവൻ താരം സ്‌നേഹൽ കൗതങ്കറും രണ്ടിന്നിങ്‌സിൽ ഇരട്ട സെഞ്ചുറി നേടിയിരുന്നു.