തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡിഷയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിൽ കേരളത്തിന് 404 റൺസ്. സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടേയും അസ്ഹറുദ്ദീന്റേയും പ്രകടനമാണ് കേരളത്തിന് തുണയായത്. 235 പന്തിൽ 11 ഫോറും ഒരു സിക്‌സും സഹിതം സച്ചിൻ 112 റൺസെടുത്തു. 263 പന്തിൽ 11 ഫോറിന്റെ സഹായത്തോടെ 139 റൺസുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു.

To advertise here,

ആറ് വിക്കറ്റിന് 245 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിനായി ഏഴാം വിക്കറ്റിൽ അസ്ഹറുദ്ദീനും ആദിത്യ സർവാതേയും 99 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 77 പന്തിൽ ഏഴ് ഫോറിന്റെ സഹായത്തോടെ 53 റൺസ് അടിച്ച ആദിത്യയെ പുറത്താക്കി രാജേഷാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് കേരളത്തിന് അധികം പിടിച്ചുനിൽക്കാനായില്ല. അഭിജിത് പ്രവീൺ 14 റൺസിനും വൈശാഖ് ചന്ദ്രൻ ഒരു റണ്ണിനും പുറത്തായി. എം.ഡി നിധീഷിന്റെ സമ്പാദ്യം 15 റൺസായിരുന്നു.

നേരത്തെ ആദ്യ ദിനം കേരളത്തിനായി സച്ചിൻ ബേബി സെഞ്ചുറി കണ്ടെത്തിയിരുന്നു. സ്‌കോർ ബോർഡിൽ മൂന്ന് റൺസെത്തിയപ്പോൾ തന്നെ കേരളത്തിന് ഓപ്പണർമാരെ നഷ്ടമായി. അഭിഷേക് പി നായർ അക്കൗണ്ട് തുറക്കും മുമ്പും അഭിഷേക് ജെ നായർ 11 റൺസിനും പുറത്തായി. ജലജ് സക്സേനയും റൺ കണ്ടെത്തുന്നതിന് മുമ്പ് ക്രീസ് വിട്ടു. വിഷ്ണു വിനോദും സൽമാൻ നിസാറും 21 റൺസ് വീതമെടുത്തു. ഇതോടെ കേരളം അഞ്ച് വിക്കറ്റിന് 101 റൺസ് എന്ന അവസ്ഥയിലായി. തുടർന്ന് സച്ചിനും അസ്ഹറുദ്ദീനും ഒത്തുചേരുകയായിരുന്നു. ഇരുവരും ആറാം വിക്കറ്റിൽ 141 റൺസാണ് കൂട്ടിച്ചേർത്തത്. ഒഡിഷയ്ക്കായി ലളിത് യാദവ് മൂന്ന് വിക്കറ്റെടുത്തു. രാജേഷ്, സൗമ്യ രഞ്ജൻ, നിനദ് എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ബാദൽ ഒരു വിക്കറ്റും നേടി.