വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ മൂന്നാം ടി20-യിൽ 199 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. വെറും 15 പന്തിൽ നിന്ന് അർധ സെഞ്ചുറിയും 35 പന്തിൽ നിന്ന് സെഞ്ചുറിയും തികച്ച അഭിഷേക് ശർമയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 10 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെന്ന നിലയിലാണ് ഇന്ത്യയിപ്പോൾ. അഭിഷേക് 38 പന്തിൽ നിന്ന് 11 സിക്‌സും ഒമ്പത് ഫോറുമടക്കം 113 റൺസെടുത്ത് പുറത്തായി.

To advertise here,

തകർത്തടിച്ച കൗമാര താരം വൈഭവ് സൂര്യവംശി വെറും 19 പന്തിൽ നിന്ന് നാലു വീതം സിക്‌സും ഫോറുമടക്കം 45 റൺസെടുത്ത് പുറത്തായി. അഭിഷേകും വൈഭവും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ വെറും 43 പന്തിൽ നിന്ന് 133 റൺസാണ് അടിച്ചെടുത്തത്.

ഇരുവരും തകർത്തടിച്ചതോടെ വെറും ആറ് ഓവറിൽ ഇന്ത്യൻ സ്‌കോർ 118 റൺസിലെത്തി. വെറും 2.2 ഓവറിൽ ഇന്ത്യൻ സ്‌കോർ 50 കടന്നിരുന്നു. അന്താരാഷ്ട്ര ടി20-യിൽ ഏറ്റവും വേഗത്തിൽ 50 റൺസിലെത്തുന്ന ടീമെന്ന റെക്കോഡ് റൊമാനിയ, പാപ്പുവ ന്യൂ ഗിനിയ എന്നിവർക്കൊപ്പം ഇന്ത്യ സ്വന്തമാക്കി. വെറും അഞ്ച് ഓവറിൽ ഇന്ത്യൻ സ്‌കോർ 100-ൽ എത്തി. ഇതോടെ അന്താരാഷ്ട്ര ടി20-യിൽ ഏറ്റവും വേഗത്തിൽ 100 റൺസ് അടിച്ചെടുക്കുന്ന ടീം എന്ന റെക്കോഡും ഇന്ത്യയ്ക്ക് സ്വന്തമായി. പവർപ്ലേയിൽ 118 റൺസെടുത്ത ഇന്ത്യ, അന്താരാഷ്ട്ര ടി20-യിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്‌കോർ എന്ന റെക്കോഡും തൂക്കി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തിരുന്നു. അർധ സെഞ്ചുറിയുമായി പുറത്താകാതെനിന്ന ഡാരിൽ മിച്ചലിന്റെ ഇന്നിങ്‌സാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. 52 പന്തുകൾ നേരിട്ട മിച്ചൽ അഞ്ചു വീതം സിക്‌സുകളും ഫോറുകളുമുൾപ്പടെ 89 റൺസോടെ പുറത്താകാതെ നിന്നു. ടി20-യിൽ താരത്തിന്റെ ഉയർന്ന സ്‌കോറാണിത്.

23 പന്തിൽ 39 റൺസോടെ പുറത്താകാതെ നിന്ന ബെവൺ ജേക്കബ്‌സ് ഡാരിൽ മിച്ചലിന മികച്ച പിന്തുണ നൽകി.