
റായ്പുര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യ ലെജന്റ്‌സ് ടീമിന് ജയം. റായ്പുരില്‍വെച്ചു നടന്ന ഫൈനലില്‍ ശ്രീലങ്ക ലെജന്റ്‌സിനെ 14 റണ്‍സിന് തോല്‍പ്പിച്ചാണ് ടീം കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: ഇന്ത്യ ലെജന്റ്‌സ് 20 ഓവറില്‍ നാലിന് 181, ശ്രീലങ്ക ലെജന്റ്‌സ് 20 ഓവറില്‍ ഏഴിന് 167.
ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. എന്നാല്‍ ദില്‍ഷന്റെ തീരുമാനം തെറ്റാണ് എന്ന തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. 19 റണ്‍സെടുക്കുന്നതിനിടെ സെവാഗിനെ (10) നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് പിന്നാലെ വന്ന ബദ്രിനാഥിനെയും അതിവേഗത്തില്‍ നഷ്ടമായി (7). പിന്നീട് ഒന്നിച്ച സച്ചിനും യുവരാജും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് രക്ഷിച്ചു. സച്ചിന്‍ 23 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 30 റണ്‍സെടുത്ത് പുറത്തായി.
സച്ചിന്‍ പുറത്തായതിനുശേഷം ക്രീസിലെത്തിയ യൂസഫ് പഠാനും യുവരാജും ചേര്‍ന്ന് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. ഇരുവരും 85 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
യുവരാജ് 41 പന്തില്‍ 60 റണ്‍സെടുത്തു. യൂസഫ് പഠാന്‍ 36 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. യൂസഫ് അഞ്ചു സിക്‌സും നാലു ഫോറും അടിച്ചപ്പോള്‍ യുവരാജ് നാലു സിക്‌സും നാലു ഫോറും നേടി.
181 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി ഉഗ്രന്‍ തുടക്കമാണ് ദില്‍ഷനും സനത് ജയസൂര്യയും ചേര്‍ന്ന് നല്‍കിയത്. ദില്‍ഷന്‍ 18 പന്തുകളില്‍ നിന്നും 21 റണ്‍സെടുത്തപ്പോള്‍ ജയസൂര്യ 35 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 43 റണ്‍സെടുത്തു. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് യൂസഫ് പഠാന്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. പിന്നീട് കൃത്യമായി ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ശ്രീലങ്ക പതറി.
ജയസൂര്യയ്ക്ക് പുറമേ 40 റണ്‍സെടുത്ത ചിന്തക ജയസിംഗെയും 38 റണ്‍സെടുത്ത കൗശല്യ വീരരത്‌നെയും മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നിട്ടും നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റിന് 167 റണ്‍സ് നേടാനെ ശ്രീലങ്കയ്ക്ക് കഴിഞ്ഞുള്ളൂ.
യൂസഫ് പഠാന്‍ കളിയിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ പരമ്പരയുടെ താരത്തിനുള്ള പുരസ്‌കാരം ശ്രീലങ്കന്‍ നായകന്‍ തിലകരത്‌നെ ദില്‍ഷന്‍ സ്വന്തമാക്കി.
Content Highlights: India Legends Beat Sri Lanka Legends In Final To Clinch Title
Published: 22 Mar 2021, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented