പ്രായം 38-ൽ എത്തി നിൽക്കുകയാണെന്ന വല്ല ബോധവും അയാൾക്കുണ്ടോ? കഴിഞ്ഞ ദിവസം ഓക്‌ലൻഡിൽ ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ വിരാട് കോലിയുടെ കളി കണ്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യമാണിത്. 50 ഓവറും ഫീൽഡ് ചെയ്ത്് ബാറ്റിങ്ങിനിറങ്ങുമ്പോൾ അതിന്റെ യാതൊരു തളർച്ചയുമില്ലാതെ വീണ്ടുമൊരു 50 ഓവറോളം ബാറ്റ് ചെയ്യാനുള്ള ഊർജം അയാളിലുണ്ടാകും. കഴിഞ്ഞ ദിവസം സ്ലിപ്പിൽ പറന്നെടുത്ത ആ ക്യാച്ച് നോക്കൂ. ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്യുമ്പോൾ ഓടിയെത്തി ബൗണ്ടറികൾ തടഞ്ഞിടാനുള്ള ആ ദാഹം നോക്കൂ. അയാളിൽ ഇനിയും ക്രിക്കറ്റ് എത്ര ബാക്കി കിടക്കുന്നു. 2026 നവംബർ അഞ്ചിന് 38-ാം ജന്മദിനം ആഘോഷിക്കുന്ന കോലി, അടങ്ങാത്ത റൺദാഹവുമായി ഇന്നും ക്രീസിലുണ്ട്.

To advertise here,

നിലവിൽ ടെസ്റ്റിലും ടി20-യിലും കോലി കളിക്കുന്നില്ല എന്നോർക്കണം. ഏകദിനത്തിൽ മാത്രമാണ് ഇന്ത്യയ്ക്കായി ജേഴ്‌സി അണിയുന്നത്. എന്നിട്ടും മത്സരങ്ങൾക്കിടെ ഇത്രയും വലിയ ഇടവേളകളുണ്ടായിരുന്നിട്ടും അതൊന്നും അയാളുടെ ഫോമിനെ തെല്ലും ബാധിക്കുന്നില്ല. ദീർഘകാലത്തെ ഇടവേളകൾക്ക് ശേഷവും കളത്തിലിറങ്ങി അതിവേഗം താളം കണ്ടെത്തുന്ന ശൈലി അയാൾ തുടരുകയാണ്.

ഇനി ഈ കണക്കുകൾ നോക്കുക. 2026-ൽ വെറും 10 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 69.55 ശരാശരിയിലും 120.61 സ്ട്രൈക്ക് റേറ്റിലും 626 റൺസാണ് കോലി നേടിയിരിക്കുന്നത്. ഇതിൽ രണ്ട് സെഞ്ചുറികളും നാല് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 2023-ൽ 99.13 ആയിരുന്ന അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 2026-ൽ 120.61 ആയി ഉയർന്നുവെന്നത്, സ്ഥിരത കൈവിടാതെ തന്നെ കൂടുതൽ റൺസ് വേഗത്തിൽ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ശൈലിമാറ്റത്തെ വ്യക്തമാക്കുന്നു.

സെഞ്ചുറികളും വിജയങ്ങളും മാത്രമല്ല വിരാട് കോലിയുടെ കഥ. പരാജയങ്ങളും വിമർശനങ്ങളും കരിയറിലെ പ്രതിസന്ധികളും അതിജീവിച്ച ഒരു മനുഷ്യന്റെ അസാധാരണമായ യാത്ര കൂടിയാണത്. ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറുടെ കാലഘട്ടം അവസാനിച്ചപ്പോൾ ഉയർന്നുവന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്ന്, ഇനി ആരെന്നതായിരുന്നു. സച്ചിന്റെ റെക്കോഡുകൾ ആരെങ്കിലും മറികടക്കുമോ? ഇന്ത്യൻ ബാറ്റിങ്ങിന്റെ പുതിയ മുഖം ആരാകും? ആ ചോദ്യങ്ങൾക്ക് കാലം നൽകിയ ഉത്തരമായിരുന്നു വിരാട് കോലി.

എന്നാൽ സച്ചിന്റെ പിൻഗാമിയായിമാത്രം കോലിയെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ കരിയറിനോട് നീതിപുലർത്തുന്നതാകില്ല. കാരണം കോലി സൃഷ്ടിച്ചത് സ്വന്തമായൊരു ക്രിക്കറ്റ് സംസ്‌കാരമാണ്. അതിൽ ആക്രമണോത്സുകതയുണ്ട്, അസാധാരണമായ ഫിറ്റ്‌നസുണ്ട്, വിട്ടുവീഴ്ചയില്ലാത്ത മത്സരബോധമുണ്ട്. അതിനൊപ്പം വ്യക്തിജീവിതത്തിലെ നഷ്ടങ്ങളും സമ്മർദങ്ങളും സ്വയം പുതുക്കിപ്പണിയാനുള്ള നിരന്തരശ്രമങ്ങളുമുണ്ട്.

1998-ൽ ഡൽഹിയിൽ വെസ്റ്റ് ഡൽഹി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോൾ അതിലെ ആദ്യകാല വിദ്യാർഥികളിലൊരാളായിരുന്നു കോലി. പരിശീലകൻ രാജ്കുമാർ ശർമയുടെ കീഴിലായിരുന്നു ക്രിക്കറ്റിന്റെ അടിസ്ഥാനപാഠങ്ങൾ അഭ്യസിച്ചത്. കോലിയുടെ ബാറ്റിങ്ങിലെ ആത്മവിശ്വാസവും മത്സരബോധവും എല്ലാവരും അന്നേ ശ്രദ്ധിച്ചിരുന്നു. എന്നാൽ ആ കഴിവിനെ രാജ്യാന്തര നിലവാരത്തിലേക്ക് വളർത്തിയത് കഠിനമായ പരിശീലനമായിരുന്നു.

 

2008 ഓഗസ്റ്റ് 18-ന് ശ്രീലങ്കയ്‌ക്കെതിരെ ദാംബുള്ളയിൽ നടന്ന ഏകദിനത്തിലൂടെയായിരുന്നു കോലിയുടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. ഓപ്പണറായി ഇറങ്ങിയ കോലിക്ക് അന്ന് നേടാനായത് 12 റൺസുമാത്രം. പിന്നീട് ലോകക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റർമാരിലൊരാളായി മാറിയ കോലിയുടെ രാജ്യാന്തര തുടക്കം ഒട്ടും ഗംഭീരമായിരുന്നില്ല. പക്ഷേ ഇന്ത്യൻ ടീമിൽ ലഭിച്ച അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ കോലി ശ്രമിച്ചു. 2009-ൽ ശ്രീലങ്കയ്‌ക്കെതിരേ കൊൽക്കത്തയിൽ നേടിയ ആദ്യ ഏകദിന സെഞ്ചുറി അദ്ദേഹത്തിന്റെ കരിയറിലെ നിർണായക വഴിത്തിരിവായി. പിന്നാലെ 2011-ലെ ലോകകപ്പ് ടീമിൽ ഇടം ലഭിക്കുകയും കിരീട വിജയത്തിൽ പങ്കാളിയാകുകയും ചെയ്തു.

ക്രിക്കറ്റിൽ പ്രതിഭാധനരായ ബാറ്റർമാർ നിരവധിയുണ്ട്. എന്നാൽ റൺചേസുകളിൽ കളിയുടെ ഗതി കൃത്യമായി കണക്കുകൂട്ടി ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവാണ് കോലിയെ വ്യത്യസ്തനാക്കിയത്. എതിരാളികൾ ഉയർത്തിയ വലിയ സ്‌കോർ പിന്തുടരുമ്പോഴും കോലി അനാവശ്യമായി പരിഭ്രമിച്ചിരുന്നില്ല. സിംഗിളുകളും ഡബിളുകളും ഉപയോഗിച്ച് സ്‌കോർബോർഡ് ചലിപ്പിക്കുക, മോശം പന്തുകളെ അതിർത്തി കടത്തുക, അവസാന ഓവറുകളിലേക്ക് ആവശ്യമായ റൺനിരക്ക് നിയന്ത്രിച്ചുകൊണ്ടുപോവുക ഇതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

2014-ൽ മഹേന്ദ്ര സിങ് ധോനി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചതോടെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നേതൃത്വം കോലിയുടെ കൈകളിലെത്തി. ധോണിയുടെ ശാന്തമായ നേതൃത്വശൈലിയിൽനിന്ന് വ്യത്യസ്തമായിരുന്നു കോലിയുടേത്. മൈതാനത്ത് വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലും എതിരാളികളെ നേരിട്ട് വെല്ലുവിളിക്കുന്നതിലും കോലി മടിച്ചിരുന്നില്ല. എതിരാളിയുടെ വിക്കറ്റ് വീഴുമ്പോൾ മുഷ്ടിചുരുട്ടിയുള്ള ആഘോഷം, ബൗളർമാരെ നിരന്തരം പ്രോത്സാഹിപ്പിക്കൽ, ജയത്തിനായി അവസാന നിമിഷംവരെ പോരാടുന്ന സമീപനം ഇതെല്ലാം കോലിയുടെ ക്യാപ്റ്റൻസിയുടെ അടയാളങ്ങളായി.

കോലിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് സമീപനത്തിലും മാറ്റങ്ങളുണ്ടായി. വിദേശ പിച്ചുകളിൽ ജയിക്കാൻ കഴിയുന്ന ബൗളിങ് ആക്രമണത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവരടങ്ങിയ സംഘത്തെ വിജയകരമായി ഉപയോഗിക്കാൻ കോലിക്ക് സാധിച്ചു. 2018-19ൽ ഓസ്‌ട്രേലിയയിൽ ഇന്ത്യ നേടിയ ചരിത്രപരമായ ടെസ്റ്റ് പരമ്പരവിജയം കോലിയുടെ നായകജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.

 

എന്നാൽ കോലിയുടെ ക്യാപ്റ്റൻസി കരിയർ പൂർണമായും വിജയങ്ങളുടേതായിരുന്നില്ല. 2017-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനോടേറ്റ തോൽവി, 2019-ലെ ഏകദിന ലോകകപ്പ് സെമിഫൈനൽ പരാജയം, 2021-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവി എന്നിവ വലിയ തിരിച്ചടികളായി. ഐസിസി കിരീടങ്ങൾ നേടാൻ കഴിയാത്തതിനെച്ചൊല്ലി അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്കെതിരേ വിമർശനങ്ങൾ ഉയർന്നു. പരാജിതനായ ക്യാപ്റ്റനെന്ന പഴി കേൾക്കേണ്ടി വന്നു കോലിക്ക്.

അങ്ങനെ 2021-ൽ ടി20 നായകസ്ഥാനം ഒഴിഞ്ഞ കോലി, പിന്നീട് ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റപ്പെട്ടു. 2022 ജനുവരിയിൽ ടെസ്റ്റ് നായകസ്ഥാനവും രാജിവച്ചു. ബിസിസിഐയുമായുള്ള ആശയവിനിമയത്തെക്കുറിച്ചും നായകസ്ഥാനമാറ്റത്തെക്കുറിച്ചും അന്നുയർന്ന പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചയായി.

കോലിയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ബാറ്റിങ് റെക്കോഡുകൾക്കൊപ്പം ചർച്ചചെയ്യേണ്ട മറ്റൊരു പ്രധാന വിഷയമാണ് ഫിറ്റ്‌നസ്. കരിയറിന്റെ ആദ്യഘട്ടത്തിൽ ഇന്നത്തെപ്പോലെ കായികക്ഷമതയ്ക്ക് പ്രാധാന്യം നൽകിയിരുന്ന താരമായിരുന്നില്ല കോലി. ഭക്ഷണക്രമവും പരിശീലനരീതിയും മാറ്റിയതോടെ ശരീരഘടനയിലും സ്റ്റാമിനയിലും വലിയ മാറ്റമുണ്ടായി. 2012-ന് ശേഷമുള്ള കാലഘട്ടത്തിൽ ഫിറ്റ്‌നസിനോടുള്ള അദ്ദേഹത്തിന്റെ സമീപനം കൂടുതൽ കർശനമായി.

ഇന്ത്യൻ ടീമിൽ യോ-യോ ടെസ്റ്റ് ഉൾപ്പെടെയുള്ള ഫിറ്റ്‌നസ് മാനദണ്ഡങ്ങൾ കൂടുതൽ ശ്രദ്ധ നേടിയത് കോലിയുടെ ക്യാപ്റ്റൻസി കാലഘട്ടത്തിലാണ്. കോലിയുടെ ഫിറ്റ്‌നസ് സംസ്‌കാരം യുവതാരങ്ങളെ വലിയ തോതിൽ സ്വാധീനിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ ബാറ്റിങ് മികവ് മാത്രമല്ല, ഫീൽഡിങ്ങും ഓട്ടവും കായികക്ഷമതയും ഒരു താരത്തിന്റെ മൂല്യം നിർണയിക്കുന്ന ഘടകങ്ങളായി കൂടുതൽ പ്രാധാന്യം നേടി.

പിന്നീട് 2019-നും 2022-നും ഇടയ്ക്ക് ഒരു രാജ്യാന്തര സെഞ്ചുറിയില്ലാതെ ആയിരത്തിലേറെ ദിവസങ്ങളിലൂടെയാണ് കോലിക്ക് കടന്നുപോകേണ്ടി വന്നത്. ചുറ്റുപാടു നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നപ്പോഴും അയാളിലെ പോരാളി തളരാതെ പോരാടി. ഒടുവിൽ 2022-ലെ ടി20 ലോകകപ്പിൽ അഫ്ഗാനിസ്താനെതിരേ ആ സെഞ്ചുറി വരൾച്ച കോലി അവസാനിപ്പിച്ചു. പിന്നീട് 2023 ലോകകപ്പിൽ സച്ചിന്റെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികളെന്ന റെക്കോഡും കോലി മറികടന്നു. ആ ടൂർണമെന്റിൽ 11 മത്സരങ്ങളിൽനിന്ന് 765 റൺസ് നേടി ഒരു ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസടിക്കുന്ന താരമായി. ന്യൂസീലൻഡിനെതിരായ സെമിഫൈനലിലായിരുന്നു 50-ാം ഏകദിന സെഞ്ചുറി. അതും മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ സച്ചിൻ ഗാലറിയിലിരിക്കെ.

 

2025-ൽ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം ആദ്യ ഐപിഎൽ കിരീടവും അദ്ദേഹം ഇക്കാലത്തിനിടയ്ക്ക് നേടി. 2026-ൽ തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടത്തിലും മുത്തമിട്ടു. 2016 ഐപിഎൽ സീസണിൽ കോലി നേടിയ 973 റൺസ് എന്ന റെക്കോഡിന് തൊട്ടടുത്ത് പോലും ഇന്നും ആർക്കും എത്താനായിട്ടില്ല. നാല് സെഞ്ചുറികളാണ് ആ സീസണിൽ താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

ഇനി 2027 ലോകകപ്പ് വിജയമാണ് കോലിയുടെ ലക്ഷ്യം. അതിനായി നിരന്തര പരിശീലനത്തിലാണ് താരം. 38-ാം വയസ്സിലും തുടരുന്ന മികച്ച ഫോം തന്നെയാണ് ആ കഠിനാധ്വാനങ്ങൾക്ക് തെളിവ്.