വ്യക്തിജീവിതത്തിൽ, പ്രത്യേകിച്ച് ദാമ്പത്യത്തിൽ, ഹെലനും ആശാ ഭോസ്ലെയും നേരിട്ട പ്രതിസന്ധികളിൽ പോലുമുണ്ട് അത്ഭുതകരമായ സാമ്യങ്ങൾ. ആദ്യ പ്രണയത്തെ കുറിച്ച് കയ്പേറിയ ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കുന്നവരാണ് ഇരുവരും.

മനോഹരി സിംഗിന്റെ സാക്‌സഫോണും ചരൺജിത് സിംഗിന്റെ ബാസ് ഗിറ്റാറും ബുർജർ ലോർഡിന്റെ വൈബ്രഫോണും ചേർന്ന് സൃഷ്ടിച്ച അലൗകിക നാദപ്രപഞ്ചത്തിൽ നിന്നാണ് ഗാനത്തിന്റെ തുടക്കം. ശാന്തഗംഭീരമായ ആ ഒഴുക്കിന്റെ ഏതോ ഘട്ടത്തിൽ അർദ്ധരാത്രിയുടെ വരവറിയിച്ചു നൃത്തശാലയിലെ ക്‌ളോക്ക് ശബ്ദിച്ചു തുടങ്ങുന്നു. ആകാംക്ഷയും അക്ഷമയും ധ്വനിപ്പിക്കുന്ന പന്ത്രണ്ട് പിയാനോ നോട്ടുകൾ. തൊട്ടുപിന്നാലെ,കാത്തിരിപ്പിന്റെ അസ്വസ്ഥത നിഴലിക്കുന്ന ഹെലൻ ജയരാഗ് റിച്ചാർഡ്‌സന്റെ മുഖം വെള്ളിത്തിരയിൽ നിറയുന്നു. പശ്ചാത്തലത്തിൽ ഒരു നേർത്ത നിലവിളി പോലെ ജോർജ് ഫെർണാണ്ടസിന്റെ ട്രംപറ്റ്; അകമ്പടിക്ക് കേഴ്സി ലോർഡിന്റെ കീബോർഡ് നോട്ടുകൾ..
മൃദുവായ തുടക്കത്തിന് ശേഷം പശ്ചാത്തല സംഗീതം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ, കയ്യിലെ സ്ഫടിക ചഷകത്തിലെ മദ്യം ഒറ്റ വീർപ്പിന് അകത്താക്കിയ ശേഷം മുന്നിലെ മേശമേൽ ആലസ്യത്തോടെ കമിഴ്ന്നു വീഴുന്നു ഹെലൻ. വിറയാർന്ന ആ ചുണ്ടുകളിൽ കാമലോലമായ ഒരു ഗാനത്തിന്റെ പല്ലവി: പിയാ തൂ അബ് തോ ആജാ '(പ്രിയകാമുകാ നീ വരൂ). പാട്ടു പാടി നൃത്തചുവടുകളോടെ ഉന്മാദിനിയായി ഹെലൻ മേശയെ വലം വെക്കുമ്പോൾ വിദൂരതയിലെങ്ങു നിന്നോ അശരീരി പോലെ ഒരു ശബ്ദം: ``മൊണീക്കാ..'' പ്രണയാവേശത്തിന്റെ കൊടുമുടിയിൽ സ്വയം മറന്ന് ആ അജ്ഞാത ശബ്ദത്തിന്റെ ഉടമയെ ചുറ്റിലും തിരയുന്നു ഹെലന്റെ ലഹരി നിറഞ്ഞ കണ്ണുകൾ:``വോ ആഗയാ, ദേഖോ, ദേഖോ വോ ആഗയാ... 'വികാരതീവ്രമായ ആ ആത്മഗതത്തിൽ നിന്നാണ് ഇന്ത്യൻ സിനിമയിൽ കേട്ട എക്കാലത്തെയും ജനപ്രിയമായ മാദകനൃത്തഗാനത്തിന്റെ തുടക്കം: `പിയാ തൂ അബ് തോ ആജാ, ശോലാ സാ മൻ ദഹ്‌കേ ആകേ ബുജാ ജാ, തൻ കി ജ്വാലാ ഠണ്ഡി ഹോ ജാ, ഐസേ ഗലേ ലഗാ ജാ....''
ലൈംഗികതയെ കുറിച്ചുള്ള ഹിന്ദി സിനിമയുടെ പഴഞ്ചൻ കാഴ്ചപ്പാടുകൾ തിരുത്തിയ ഗാനം എന്ന് `കാരവാനി' (1971) ലെ ഈ സൂപ്പർ ഹിറ്റ് സൃഷ്ടിയെ വിശേഷിപ്പിക്കുന്നവരുണ്ട്. നീലാഞ്ജന ഭട്ടാചാര്യയെ പോലുള്ള സംഗീത സൈദ്ധാന്തികർ ഒരു പടി കൂടി മുന്നോട്ട് കടന്ന്, ആധുനിക ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തിലെ നാഴികക്കല്ലെന്ന് വാഴ്ത്തുന്നു ആ പാട്ടിനെ. ഹിന്ദി സിനിമയെ അതിന്റെ കപട നിഷ്‌കളങ്കതയിൽ നിന്ന് മോചിപ്പിച്ച ഗാനമായി പിയാ തൂവിനെ ഉദ്‌ഘോഷിക്കുന്ന ബുദ്ധിജീവികൾ വേറെ. നല്ലതോ ചീത്തയോ ആവട്ടെ, ശരാശരി ഇന്ത്യൻ പ്രേക്ഷകന്റെ ചലച്ചിത്ര ഗാനസങ്കൽപ്പങ്ങളെ അത് മാറ്റിമറിച്ചു എന്ന കാര്യത്തിൽ ഇവർക്കാർക്കുമില്ല സംശയം. മജ്രൂഹ് സുൽത്താൻപുരിയുടെ വരികളിൽ പോലുമുണ്ട് ഈ മാറ്റത്തിന്റെ അലയൊലി. ഉള്ളിലെ ജ്വലിക്കുന്ന തീ കെടുത്തി, ശരീരത്തെ തണുപ്പിച്ച് വാരിപ്പുണരാനാണ് കാത്തിരിക്കുന്ന കാമുകനോട് കാമുകിയുടെ അപേക്ഷ. ഒപ്പം ദാഹാർത്തമായ അവളുടെ ചുണ്ടുകൾക്ക് നൽകിയ നൂറു നൂറു വാഗ്ദാനങ്ങൾ ചുടുചുംബനങ്ങളിലൂടെ പാലിക്കുകയും വേണം. ഇത്രയും കാമോദ്ദീപകമായ വരികൾ അതിനു മുൻപ് എഴുതിയിരിക്കില്ല മജ്രൂഹ്. രാഹുൽ ദേവ് ബർമന്റെ ഈണവും ആശാ ഭോസ്ലെയുടെ വികാരദീപ്തമായ ആലാപനവും കൂടി ചേരുമ്പോൾ സിരകളെ ത്രസിപ്പിക്കുന്ന അനുഭവമാകുന്നു ആ ഗാനം. വരികൾക്കിടയിലുള്ള ആശയുടെ ഉച്ഛ്വാസ നിശ്വാസങ്ങളിൽ പോലുമുണ്ട് ആ ലഹരിയുടെ ഉന്മാദം. സംഭോഗ ശ്‌റുംഗാരം ഇത്രയും നിർലജ്ജം പ്രകടിപ്പിക്കുന്ന ഗാനങ്ങൾ ഹിന്ദി സിനിമയിൽ കേട്ടിട്ടില്ല എന്ന് പാട്ടു പുറത്തിറങ്ങിയ കാലത്ത് ചില യാഥാസ്ഥിതിക നിരൂപകരെക്കൊണ്ട് എഴുതിച്ചതും ഇതേ അനുഭൂതി വിശേഷം തന്നെയാകാം. ആകാശവാണിയിൽ `പിയാ തൂ' പ്രക്ഷേപണം ചെയ്യുന്നതിനെതിരെ വാളോങ്ങിയവർ പോലുമുണ്ടായിരുന്നു അക്കാലത്ത് എന്നോർക്കുക. എന്നിട്ടെന്ത്? വിമർശനങ്ങളെ അതിജീവിച്ചു പതിറ്റാണ്ടുകൾക്കു ശേഷവും പിയാ തു അതിന്റെ എല്ലാ വർണപ്പൊലിമയോടെയും ഇന്നും ജീവിക്കുന്നു. പുതുതലമുറ പോലും ആവേശത്തോടെ ഏറ്റുപാടുന്നു ആ ഗാനം. ഇത്രയേറെ അനുകരിക്കപ്പെട്ട, റീമിക്‌സ് ചെയ്യപ്പെട്ട ഗാനങ്ങൾ ഇന്ത്യൻ സിനിമയിൽ തന്നെ വേറെയുണ്ടോ എന്ന് സംശയം.
ദേവാനന്ദിന്റെ കൾട്ട് സിനിമയായ `ഹരേ രാമ ഹരേ കൃഷ്ണ' പുറത്തിറങ്ങുന്നതിന് തൊട്ടു മുൻപാണ് `കാരവാൻ' റിലീസായത് -1971 ഒക്ടോബറിൽ. എഴുപതുകളിലെ കൗമാര യൗവനങ്ങളുടെ ഹൃദയത്തുടിപ്പായി വളർന്ന ഹരേ രാമ ഹരേ കൃഷ്ണയിലെ `ദം മാരോ ദമ്മി'ലേക്ക് ഇന്ത്യൻ സംഗീതപ്രേമി യാത്ര തുടങ്ങിയത് പിയാ തുവിൽ നിന്നായിരുന്നു. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പോലും പരക്കെ ആസ്വദിക്കപ്പെട്ട ഗാനമാണതെന്നു സാക്ഷ്യപ്പെടുത്തുന്നു പഴയകാ ല ഗായിക അമ്പിളി. പുറത്തിറങ്ങിയ കാലത്ത് പിയാ തൂ എന്ന ഗാനം ഏറ്റവുമധികം വേദികളിൽ പാടി അവതരിപ്പിച്ചിരിക്കുക അമ്പിളിയാകണം. നൃത്തച്ചുവടുകളോടെയായിരുന്നു ആ അവതരണം എന്നത് മറ്റൊരു കൗതുകം. പാട്ടുകാർ വേദികളിൽ മൈക്കിന് മുന്നിൽ നിശ്ചലരായി മാത്രം നിന്ന് പാടുന്ന കാലമായിരുന്നു അത്. `ഒരിക്കലും മറക്കാനാവാത്ത അനുഭവം പാലക്കാട് ഒരു സ്റ്റാർ നൈറ്റിന്റെ ഭാഗമായി നടന്ന ഗാനമേളയായിരുന്നു.''അമ്പിളി. `പ്രശസ്ത ഗായകർ പലരുമുള്ള ഓപ്പൺ എയർ വേദി. പാലക്കാട് അതുവരെ കണ്ടിട്ടില്ലാത്ത വൻ ജനാവലി. പക്ഷേ തുടക്കം മുതലേ അന്തരീക്ഷം അത്ര ശുഭകരമായിരുന്നില്ല. ആര് പാടിയാലും ജനം കൂവും എന്ന അവസ്ഥ. എംഎസ് വിശ്വനാഥൻ സാർ ഹൃദയവാഹിനീ എന്ന പാട്ട് ഹാർമോണിയം വായിച്ചു പാടിയിട്ടു പോലും നിലക്കാത്ത കൂവലായിരുന്നു മറുപടി. അടുത്ത ഊഴം എന്റേതാണ്. മനസ്സ് നിറയെ ടെൻഷനോടെ ഞാൻ മൈക്കിന് മുന്നിൽ ചെന്നു നിൽക്കുന്നു. എല്ലാ ദൈവങ്ങളെയും ധ്യാനിച്ച് പിയാ തൂ പാടിത്തുടങ്ങിയതും കോലാഹലം മുഴുവൻ സ്വിച്ചിട്ട പോലെ നിന്നതും ഒരുമിച്ചായിരുന്നു. പാട്ടിനിടക്കുള്ള മൊണീക്കാ ഓ മൈ ഡാർലിംഗ് എന്ന വരിയും ഞാൻ തന്നെ ശബ്ദം മാറ്റി പാടുകയാണ് പതിവ്. നിലക്കാത്ത കയ്യടിയോടെ അന്ന് ആ വിളി ജനം വരവേറ്റത് മറക്കാനാവില്ല. എന്റെ ജീവിതത്തിൽ ഇത്തരം ഒരുപാട് മധുരാനുഭവങ്ങൾ കൊണ്ടുതന്നെ പാട്ടാണ് പിയാ തൂ. ഇന്നും, ഈ പ്രായത്തിലും ആ ഗാനം സ്റ്റേജിൽ പാടുമ്പോൾ കുട്ടികളും മുതിർന്നവരുമടങ്ങിയ സദസ്സ് ആവേശപൂർവം പ്രതികരിക്കാറുണ്ട്...''കോട്ടയം മാമ്മൻ മാപ്പിള ഹാളിലെ ഒരു ഗാനമേളയിലാണ് ആ ഗാനം ആദ്യം പാടിയത് എന്നോർക്കുന്നു അമ്പിളി. അന്നതു പുറത്തിറങ്ങി കഷ്ടിച്ച് ജനകീയമായി വരുന്നതേ ഉള്ളൂ. ` ചെറിയ നൃത്ത ചലനങ്ങളോടെയാണ് പാടിയത്. അക്കാലത്ത് അതൊരു പുതുമയാണ്. പരിപാടി കഴിഞ്ഞപ്പോൾ കാണികളുടെ ഇടയിൽ ഉണ്ടായിരുന്ന നടൻ ജോസ് പ്രകാശ് വേദിയിൽ കയറിവന്നു അഭിനന്ദിച്ചത് ഓർമ്മയുണ്ട്.''
എന്തായിരിക്കാം `പിയാ തൂ' എന്ന ഗാനത്തെ കാലാതിവർത്തിയായ ദൃശ്യ--ശ്രവ്യാനുഭവമായി നിലനിർത്തുന്ന ഘടകം? പ്രധാനമായും ആർഡി ബർമന്റെ ഐന്ദ്രജാലിക സംഗീത സ്പർശം തന്നെ. റോക്കൻ റോൾ ഉൾപ്പെടെ പാശ്ചാത്യ സംഗീതത്തിലെ സർവ ശാഖകളുടെയും ആരാധകനായ ബർമൻ ``ബ്ലൂസ്'' സ്‌കെയിലിൽ ചിട്ടപ്പെടുത്തിയ ഗാനമാണിത്. ഇതേ ശൈലി ജ്യുവൽ തീഫി (1967)ന്റെ പശ്ചാത്തല സംഗീതത്തിൽ സംഗീത സംവിധായകനായ പിതാവ് സച്ചിൻ ദേവ് ബർമ്മന്റെ അനുഗ്രഹാശിസ്സുകളോടെ തന്നെ മുൻപും പരീക്ഷിച്ചിട്ടുണ്ട് അദ്ദേഹം. ഗായിക ആശാ ഭോസ്ലെയും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന ഹെലനും തമ്മിലുള്ള അസാധാരണമായ `സ്‌ക്രീൻ കെമിസ്ട്രി'' കൂടി ചേർന്നപ്പോൾ എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന അനുഭവമായി മാറി ആ ഗാനം. ഷമ്മി കപൂറിന് മുഹമ്മദ് റഫി എന്ന പോലെ, രാജ് കപൂറിന് മുകേഷും രാജേഷ് ഖന്നയ്ക്ക് കിഷോർ കുമാറും എന്ന പോലെ അപൂർവമായ ആത്മൈക്യത്തിന്റെ പ്രതീകമായിരുന്നു ഹെലൻ-ആശ കൂട്ടുകെട്ട്. ഗായികയും നർത്തകിയും തമ്മിലുള്ള ആ ഹൃദയബന്ധത്തിൽ പിറന്ന ജനപ്രിയ ഗാനങ്ങൾ എത്രയെത്ര: ഓ ഹസീനാ ജുൽഫോംവാലി (തീസ്രി മൻസിൽ), ആവോ നാ ഗലേ ലഗ് ജാവോ നാ (മേരേ ജീവൻ സാഥി), , ഹുസൂർ ഏ വാലാ (യേ രാത് ഫിർ ന ആയേഗി), യമ്മാ യമ്മാ യമ്മാ (ചൈനാ ടൗൺ), മേരി ജവാനി തേരി ദീവാനി (ഹംഗാമ), ആജ് കി രാത് കോയി ആനേ (അനാമിക), തും അഭി കാസ്മിൻ ഹോ (മൻ മന്ദിർ), മെഹറുബാ മെഹബൂബ് (ആംസൂ ബൻ ഗയേ ഫൂൽ), മേരി ജവാനി പ്യാർ കോ (ഉപാസന), യാർ ബാദ്ഷാ യാർ (സി ഐ ഡി 909), തോരാ മൻ ബഡാ (ഗംഗാ ജമ്നാ), കാം നഹി ശരാബ് (ആഗ് ഔർ ദാഗ്), യേ മേരാ ദിൽ പ്യാർ കാ ദീവാനാ (ഡോൺ)... ഈ നിര ഇവിടെയെങ്ങും നിൽക്കില്ല. ഏഴു ഫിലിംഫെയർ അവാർഡുകൾ നേടിയിട്ടുണ്ട് ആശ. അതിൽ രണ്ടെണ്ണവും ഹെലൻ പാടി അഭിനയിച്ച പാട്ടുകളുടെ പേരിലായിരുന്നു: പിയാ തൂ അബ് തോ ആജാ (1972), യേ മേരാ ദിൽ (1979).
``എന്റെ സംഗീത ജീവിതം രൂപപ്പെടുത്തിയതിൽ അറിഞ്ഞോ അറിയാതെയോ നിർണായക പങ്കു വഹിച്ച വ്യക്തിയാണ് ഹെലൻ.''ഫിലിംഫെയർ സംഘടിപ്പിച്ച ഒരു ചടങ്ങിൽ ഇന്ത്യൻ സിനിമയിലെ നൃത്തറാണിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കേ ആശ പറഞ്ഞു. ``ഏതാണ്ട് ഒരേ കാലത്ത് സിനിമയിൽ കടന്നുവന്നവരാണ് ഞങ്ങൾ. ഞങ്ങളുടെ വളർച്ചയുടെ ഗ്രാഫും ഏതാണ്ട് ഒരേപോലെ തന്നെ. എന്റെ ഗാനങ്ങൾ പ്രശസ്തമാക്കിയതിൽ ഹെലന്റെ പങ്ക് മറക്കാൻ പറ്റില്ല. ഹെലന്റെ നൃത്തരംഗങ്ങൾക്ക് പൂർണ്ണതയേകിയത് എന്റെ ശബ്ദമാണെന്ന് പലരും പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം തോന്നും.'' ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് വന്ന വാക്കുകൾ. പക്ഷേ ആശാ ഭോസ്ലെ പറയാതെ പോയ ഒരു കാര്യമുണ്ട്. ഓർക്കാൻ ഇഷ്ടപ്പെടാത്തതിനാലാകാം. കടുത്ത അവഗണനകളും തിരിച്ചടികളും നിറഞ്ഞതായിരുന്നു ഈ രണ്ടു വിഖ്യാത കലാകാരികളുടെയും ജീവിതം. സിനിമയിലും സിനിമക്ക് പുറത്തും ഒരു പാട് വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടുള്ള ആ യാത്രകൾ ഇന്ന് ചരിത്രത്തിന്റെ ഭാഗം. പ്രശസ്തയായ സഹോദരിയുടെ നിഴലിൽ മറഞ്ഞിരിക്കുകയായിരുന്നു വർഷങ്ങളോളം ആശ. ഹെലനാകട്ടെ ഗുരുവും മാർഗദർശിയും എല്ലാമായ കുക്കൂ മോറെയുടെ നിഴലിലും. ``ഒരിക്കലും സിനിമയുടെ മുഖ്യധാരയിൽ എത്തിപ്പെടും എന്ന് വിചാരിച്ചിട്ടില്ല. എന്നെക്കാൾ കഴിവുള്ള നർത്തകിമാർ പോലും ആൾക്കൂട്ടത്തിന്റെ ഭാഗമായി ഒതുങ്ങിപ്പോയിട്ടുണ്ട് സിനിമയിൽ. എന്തോ, വിധി എന്നെ കൈപിടിച്ച് മുന്നിലേക്ക് നിർത്തി. ഞാൻ പോലും പ്രതീക്ഷിക്കാതെ...''ഹെലൻ.
പ്രണയപരാജിതർ
വ്യക്തിജീവിതത്തിൽ, പ്രത്യേകിച്ച് ദാമ്പത്യത്തിൽ, ഹെലനും ആശാ ഭോസ്ലെയും നേരിട്ട പ്രതിസന്ധികളിൽ പോലുമുണ്ട് അത്ഭുതകരമായ സാമ്യങ്ങൾ. ആദ്യ പ്രണയത്തെ കുറിച്ച് കയ്പേറിയ ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കുന്നവരാണ് ഇരുവരും. പ്രേംനാരായൺ അറോറ എന്ന സംവിധായകനുമായി ജീവിതം പങ്കിടാൻ തീരുമാനിക്കുമ്പോൾ ഹെലന് പ്രായം പതിനെട്ട്. പ്രഥമദർശനാനുരാഗമായിരുന്നു ഹെലന് അറോറയോട്. തന്നെക്കാൾ 27 വയസ്സിന് മുതിർന്ന കാമുകനുമായി 1957 ൽ ഹെലൻ ഒന്നിച്ചു താമസം തുടങ്ങുന്നു. ഇന്ത്യൻ സിനിമാ ലോകത്തെ ആദ്യത്തെ `ലിവ് - ഇൻ' ബന്ധങ്ങളിൽ ഒന്ന്. പക്ഷേ അധികകാലം നീണ്ടുനിന്നില്ല അവരുടെ മധുവിധു. 1960 കളുടെ അവസാനത്തോടെ സ്വത്തുതർക്കത്തിന്റെ പേരിൽ അറോറയിൽ നിന്ന് ഹെലൻ അകന്നു. സിനിമയിൽ നിന്നുള്ള ഹെലന്റെ വരുമാനത്തിലായിരുന്നു അറോറക്കും കുടുംബത്തിനും കണ്ണ്. വർഷങ്ങൾ നീണ്ട നിയമ യുദ്ധമായിരുന്നു പിന്നെ. 1974 ൽ ഔപചാരികമായ വേർപിരിയൽ. കൗമാര പ്രണയം നൽകിയ ആഘാതത്തിൽ തളർന്നുപോയ ഹെലൻ പതുക്കെ ഒരു ഏകാകിയുടെ ജീവിതത്തിലേക്ക് പിൻവാങ്ങുന്നു. ``സെറ്റുകളിൽ വന്നാൽ ഒരു പുസ്തകവുമായി ഒഴിഞ്ഞ ഏതെങ്കിലും കോണിൽ ചെന്നിരിക്കും ഹെലൻ. ആരോടും അധികം സംസാരിക്കില്ല. എല്ലാവരോടും ഹായ് ഹായ് ബന്ധം മാത്രം. അടുത്ത സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല അവർക്ക്'പഴയ സഹപ്രവർത്തകരിൽ ഒരാളായ ശർമിളാ ടാഗോർ ഓർക്കുന്നു. മാധ്യമക്കണ്ണുകളിൽ നിന്നും ക്യാമറാ ഫ്ളാഷുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ബോധപൂർവം ശ്രമിച്ചു അവർ. അപൂർവമായേ ഹെലന്റെ അഭിമുഖങ്ങൾ സിനിമാ പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്നുള്ളൂ. സുദീർഘമായ ഏകാന്ത ജീവിതത്തിനു വിരാമമിട്ട് 1981 ൽ ഹെലൻ പ്രശസ്ത തിരക്കഥാകൃത്ത് സലിം ഖാന്റെ ജീവിതപങ്കാളിയായി മാറിയപ്പോൾ ഹിന്ദി സിനിമാലോകം ഞെട്ടി. ഭാര്യയും നാല് കുട്ടികളുമുള്ള സലിം ഖാനുമായുള്ള ഹെലന്റെ ബന്ധം നിലനിൽക്കില്ലെന്നായിരുന്നു പലരുടെയും പ്രവചനം. പക്ഷെ ദോഷൈകദൃക്കുകളെ അമ്പരപ്പിച്ചുകൊണ്ട് ആ ദാമ്പത്യം മൂന്നര പതിറ്റാണ്ടു പിന്നിടുന്നു. സൽമാൻ ഖാൻ ഉൾപ്പെടെയുള്ള സലിം ഖാന്റെ മക്കളെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച ഹെലൻ ഇന്ന് അവരുടെ കുട്ടികൾക്ക് പ്രിയപ്പെട്ട മുത്തശ്ശിയാണ്.
പ്രണയം മധുരതരമായ ഓർമ്മയല്ല ആശ ഭോസ്ലെയ്ക്കും. തന്നെക്കാൾ 15 വയസ്സിനു മുതിർന്ന കാമുകൻ ഗണപത് ഭോസ്ലെയോടൊപ്പം (ലതാ മങ്കേഷ്‌കറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഭോസ്ലെ) വീട് വിട്ട് ഓടിപ്പോകുമ്പോൾ ആശയ്ക്ക് പ്രായം പതിനാറ്. മാനസികവും ശാരീരികവുമായ പീഡനങ്ങളുടെ പരമ്പരയാണ് ഭർതൃവീട്ടിൽ ആശയെ കാത്തിരുന്നത്. പണം തന്നെയായിരുന്നു അവിടെയും വില്ലൻ. ആശയിലെ സംഗീതജ്ഞ ഇത്രയേറെ അപമാനിതയായ കാലം വേറെയുണ്ടാവില്ല. അമ്മ അന്നനുഭവിച്ച ക്ലേശങ്ങളെ കുറിച്ച് ആശയുടെ പത്രപ്രവർത്തകയായ മകൾ വർഷ പിന്നീടൊരിക്കൽ എഴുതി; ബാല്യത്തെ കുറിച്ചുള്ള എന്റെ ഏറ്റവും പഴയ ഓർമ്മ, എന്നും രാത്രി വൈകി മാത്രം വീട്ടിലെത്തുന്ന അമ്മയുടേതാണ്. ക്ഷീണിതയായ അമ്മ. വിതുമ്പിക്കരഞ്ഞുകൊണ്ട് കുട്ടിയായ എന്നെ പുറത്തു തലോടി ഉറക്കാൻ ശ്രമിക്കുന്ന ആ അമ്മയുടെ ചിത്രം എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല.'പിതാവിന്റെ കാതടപ്പിക്കുന്ന അലർച്ചയുടെ ഓർമ്മ ഉൾക്കിടിലത്തോടെ ഓർമ്മയിൽ സൂക്ഷിച്ചിരുന്നു വർഷ; മരണം വരെ. (2012 ൽ സ്വയം വെടിവെച്ചു ജീവനൊടുക്കുകയായിരുന്നു വർഷ ഭോസ്ലെ) ``അടച്ചുപൂട്ടിയ വാതിലിനപ്പുറത്തു നിന്ന് തേങ്ങലടക്കിക്കൊണ്ട് പാടാൻ ശ്രമിക്കും അമ്മ. ഓടിച്ചെന്ന് വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ ബലിഷ്ഠമായ ഒരു കരം വന്ന് എപ്പോഴും എന്നെ നിർദയം പിടിച്ചുമാറ്റുമായിരുന്നു അച്ഛന്റെ കൈ.'വർഷ എഴുതി. മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച കാലത്താണ് ഇനിയും പീഡനം സഹിക്കാനാകില്ലെന്ന ഉറച്ച നിലപാടിൽ ആശ എത്തിച്ചേരുന്നത്. വർഷം 1960. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുമായി ഭർതൃവീട്ടിൽ നിന്ന് ആശ ഇറങ്ങിപ്പോരുന്നു. മുന്നിൽ അനന്തവിസ്തൃതമായ വീഥി. ആകെ സ്വന്തമെന്നു പറയാൻ ഉടുത്തിരുന്ന വസ്ത്രങ്ങൾ മാത്രം. ``തലതിരിഞ്ഞ'' ഒരു പ്രണയത്തിന്റെ പേരിൽ താൻ ഉപേക്ഷിച്ചു പോന്ന അമ്മയെയും സഹോദരിമാരെയും തേടിയായിരുന്നു ആശയുടെ തിരിച്ചുപോക്ക്. അന്ന് ആ തീരുമാനം എടുത്തിരുന്നില്ലെങ്കിൽ അമ്മ ആത്മഹത്യയിൽ അഭയം പ്രാപിച്ചേനെ എന്ന് വിശ്വസിച്ചു വർഷ. ഒപ്പം സ്വന്തം പിതാവിന്റെ മുഖം പോലും എന്നെന്നേക്കുമായി മനസ്സിൽ നിന്ന് തുടച്ചുനീക്കുകയും ചെയ്തു.
സംഗീത സംവിധായകൻ ഓംകാർ പ്രസാദ് നയ്യാർ ആണ് പിന്നീട് ആശയുടെ ജീവിതത്തിലേക്ക് കടന്നുവന്ന പുരുഷൻ. ആശയുടെ ശബ്ദത്തിന്റെ വലിയൊരു ആരാധകനായിരുന്നു നയ്യാർ. തിരിച്ചുമുണ്ടായിരുന്നു ആ ആരാധന. 1960കളിൽ തനിക്ക് എണ്ണമറ്റ സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച നയ്യാറിനെ എന്നിട്ടും ആശ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കാൻ മടിച്ചു. തീർത്തും പ്രൊഫഷണൽ ആയ ബന്ധത്തിനപ്പുറത്ത് ഒരു തരത്തിലുള്ള അനുരാഗവും തനിക്ക് നയ്യാറിനോട് ഉണ്ടായിരുന്നില്ല എന്ന് തുറന്നടിക്കാൻ മടിച്ചില്ല അവർ. ഏതാണ്ടതേ കാലത്താണ് ആർഡി ബർമ്മൻ ആശയുടെ ഹൃദയത്തിൽ ഇടം നേടിയതും. ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് തന്നെ പഠിപ്പിച്ചത് പ്രിയപ്പെട്ട `പഞ്ചം' ആണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട് ആശ. സുദീർഘമായ ഒരു സൗഹൃദത്തിനൊടുവിൽ 1980ൽ ആർ ഡിയുമായി ഒന്നിച്ചു ജീവിക്കാൻ ആശ തീരുമാനിക്കുന്നു. സംഗീതത്തിന്റെ ശക്തമായ അടിത്തറയിൽ പടുത്തുയർത്തിയ ആ ബന്ധം 1990 ൽ ആർ.ഡി. ബർമ്മന്റെ മരണം വരെ തുടർന്നു. ജീവിതത്തോടുള്ള പ്രണയം വീണ്ടെടുക്കാൻ ഹെലനെ സഹായിച്ചത് സലിം ഖാൻ ആയിരുന്നെങ്കിൽ ആശയുടെ ജീവിതത്തിൽ ആ റോൾ ആർ ഡിക്കായിരുന്നു.
എന്നെപ്പോലെ തകർച്ചകളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ കലാകാരിയാണ് ആശാജി. തിരിച്ചടികൾ ഞങ്ങളെ കരുത്തരാക്കിയിട്ടേയുള്ളൂ. എന്നിലെ നർത്തകിക്കും ആശാജിയിലെ പാട്ടുകാരിക്കും പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞത് അതുകൊണ്ടു കൂടിയാകാം..' ഹെലൻ ഒരിക്കൽ പറഞ്ഞു. ഹെലന് വേണ്ടി ആദ്യത്തെ ഹിറ്റ് ഗാനം 'ബാരിഷ്' (1957) എന്ന ചിത്രത്തിലെ മിസ്റ്റർ ജോൺ യാ ബാബാ ഖാൻ പാടുമ്പോൾ ആശക്ക് കഷ്ടിച്ച് 24 വയസ്സ്. അന്ന് പത്തൊൻപതു വയസ്സേ യുള്ളൂ തുടക്കക്കാരിയായ ഹെലന്. രണ്ടു പതിറ്റാണ്ടിനു ശേഷം സിനിമാജീവിതത്തിൽ ഹെലന്റെ അവസാനത്തെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൊന്ന് പാടിയതും ആശ തന്നെ ഡോൺ(1978) എന്ന ചിത്രത്തിലെ പ്രശസ്തമായ ``യേ മേരാ ദിൽ പ്യാർ കാ ദീവാനാ.'' 40 വയസ്സുകാരിയായ നർത്തകിക്ക് വേണ്ടി 45 കാരിയായ ഗായിക പാടിയ ആ ഗാനം അന്നത്തെ യുവതലമുറ എത്ര ആവേശപൂർവമാണ് ഏറ്റെടുത്ത് എന്നോർക്കുക. ഈ തലമുറയിൽ പോലുമുണ്ട് കല്യാൺജി ആനന്ദ്ജി ഈണമിട്ട ആ പാട്ടിന് ആരാധകർ. ``മധ്യവയസ്സിലും എന്റെ പാട്ടിന് നിത്യ യൗവനം നൽകിയത് ഹെലന്റെ ശരീരവടിവുകളാണ്.''ആശ പറഞ്ഞു. ``ആശ കുട്ടിയേപ്പോലെ പാടുമ്പോൾ എന്നിലെ കുട്ടിക്ക് എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും? എന്ന് ഹെലന്റെ മറുപടി. പരസ്പരമുള്ള ആദരവിൽ അധിഷ്ഠിതമായ ഗാഢമായ ഒരു സ്‌നേഹബന്ധത്തിൽ നിന്നുടലെടുത്ത വാക്കുകൾ.
അഭയാർത്ഥിയായി ഇന്ത്യയിൽ
ഒരു ബോളിവുഡ് സിനിമയുടെ മെലോഡ്രാമയും സസ്പെൻസും മുഴുവനുണ്ട് ഹെലന്റെ ജീവിതകഥയിൽ. ജനിച്ചത് മ്യാൻമറിലെ (അന്ന് ബർമ്മ) റംഗൂണിൽ. അച്ഛൻ ആംഗ്ലോ ഇന്ത്യനും അമ്മ ബർമ്മക്കാരിയും. അച്ഛന്റെ അപ്പൂപ്പൻ സ്പാനിഷ് വംശജൻ. അമ്മയുടെ അമ്മൂമ്മ പാതി ഫ്രഞ്ചുകാരി. ആദ്യഭർത്താവിന്റെ മരണശേഷം ഹെലന്റെ അമ്മ വിവാഹം ചെയ്തത് ഒരു ബ്രിട്ടീഷ് സൈനികനെയാണ് റോബർട്ട് റിച്ചാർഡ്‌സൺ. ഹെലനെയും സഹോദരങ്ങളെയും വളർത്തിയതും റിച്ചാർഡ്‌സൺ തന്നെ. രണ്ടാം ലോക മഹായുദ്ധത്തിൽ റിച്ചാർഡ്‌സൺ കൊല്ലപ്പെട്ടതോടെ അമ്മയും മൂന്ന് മക്കളുമടങ്ങിയ കുടുംബം അക്ഷരാർത്ഥത്തിൽ അനാഥമാകുന്നു. ബർമ്മയിൽ ജാപ്പനീസ് അധിനിവേശം നടക്കുന്ന കാലമാണ്. ജീവിത ക്ലേശങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷ നേടാനായി മറ്റു പല ബർമീസ് കുടുംബങ്ങളെയും പോലെ ഹെലന്റെ കുടുംബവും അതിർത്തിക്കപ്പുറത്തേക്കു പലായനം ചെയ്യുന്നു. ഒളിച്ചും പതുങ്ങിയുമുള്ള ആ കാൽനടയാത്രയായിരുന്നു ജീവിതത്തിലെ ആദ്യത്തെ അഗ്‌നിപരീക്ഷ എന്ന് പറയും ഹെലൻ. അപൂർവമായ ഒരഭിമുഖത്തിൽ (ഫിലിംഫെയർ) പിൽക്കാലത്ത് ആ അനുഭവം വികാരവായ്പോടെ വിവരിച്ചിട്ടുണ്ട് ഹെലൻ: ``കയ്യിൽ കിട്ടിയ സാധനങ്ങൾ ഒരു ഭാണ്ഡക്കെട്ടായി ചുമന്നുകൊണ്ടായിരുന്നു രാവും പകലുമില്ലാതെ ഞങ്ങളുടെ യാത്ര. ഒരമ്മയും പറക്കമുറ്റാത്ത മൂന്നു കുട്ടികളും. പുഴകളും കുന്നുകളും ചുട്ടുപൊള്ളുന്ന മണൽപ്പരപ്പുകളും ഇരുൾ നിറഞ്ഞ കാടുകളും വിജനമായ ഗ്രാമങ്ങളും താണ്ടി ഞങ്ങൾ നടന്നുകൊണ്ടേയിരുന്നു. കഷ്ടസ്ഥിതി കണ്ടു മനമലിഞ്ഞ ചിലരൊക്കെ ഭക്ഷണം തന്നു സഹായിച്ചു. മറ്റു ചിലർ അപഹസിച്ചു. ഉപദ്രവിക്കാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന അഭയാർത്ഥികളിൽ പലരും പട്ടിണി മൂലം വഴിയിൽ പിടഞ്ഞുവീണു മരിക്കുന്നതു നേരിട്ട് കണ്ടിട്ടുണ്ട്. പകർച്ചവ്യാധികളുടെ കാലമായിരുന്നു. അമ്മയുൾപ്പെടെ പലരും രോഗികളായി. യാത്രാ മധ്യേ ക്യാംപുകളിൽ കണ്ടുമുട്ടിയ ബ്രിട്ടീഷ് പട്ടാളക്കാരില്ലായിരുന്നെങ്കിൽ ഞങ്ങളും വഴിയിൽ കിടന്നു മരിച്ചേനെ. ദിബ്രുഗഡിലെ ഒരാശുപത്രിയിൽ എന്നെയും അമ്മയെയും അഡ്മിറ്റ് ചെയ്തു അവർ. അസുഖം ഭേദമായി അത്യാവശ്യം ആരോഗ്യം വീണ്ടെടുത്തപ്പോൾ കൊൽക്കത്തയിലേക്ക് വണ്ടി കയറ്റി വിട്ടതും ബ്രിട്ടീഷുകാർ തന്നെ.'' കൊൽക്കത്തയിൽ നിന്ന് അമ്മയോടും സഹോദരങ്ങളായ ജെന്നിഫറിനോടും റോജറിനോടും ഒപ്പം ഹെലൻ സിനിമയുടെ സ്വപ്നനഗരിയായ മുംബൈയിൽ എത്തിയത് 1943ൽ. ജീവിതത്തിലെ സംഭവ ബഹുലമായ ഒരു അധ്യായത്തിന്റെ തുടക്കം.
പട്ടിണി കൂടാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുക എന്നതിനപ്പുറത്ത് ഭാവിയെ കുറിച്ച് അധികം മോഹങ്ങൾ ഉണ്ടായിരുന്നില്ല അന്ന്. നിരന്തരമായ അലച്ചിലിനൊടുവിൽ ഹെലന്റെ അമ്മക്ക് ചെറിയ വരുമാനമുള്ള ഒരു നഴ്സിന്റെ ജോലി ലഭിക്കുന്നു. പ്രതീക്ഷകൾ പതുക്കെ തളിരിട്ടുതുടങ്ങിയ ഘട്ടം. ശമ്പളം തുച്ഛമായിരുന്നെങ്കിലും മക്കളെ അല്ലലും അലട്ടുമില്ലാതെ വളർത്തി ആ അമ്മ. ജീൻ കെല്ലിയും ആൻ മാർഗ്രറ്റുമാണ് അക്കാലത്ത് ഹെലന്റെ ആരാധനാപാത്രങ്ങൾ. സിനിമയിലെ ഹിറ്റ് ഗാനങ്ങൾക്കൊത്ത് തന്നിഷ്ടപ്രകാരം വീട്ടിനകത്ത് ചുവടുവെക്കുമെങ്കിലും അന്നൊന്നും അഭ്രലോകം ഒരു പ്രലോഭനമല്ല ഹെലന്. ഇന്ത്യൻ സിനിമ തന്നെ പിച്ചവെച്ചു തുടങ്ങിയിരുന്നതേയുള്ളൂ എന്നോർക്കുക. മാത്രമല്ല, സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ സമൂഹം മതിപ്പോടെ കണ്ടിരുന്ന കാലവുമല്ല. പക്ഷേ മുംബൈയിൽ വെച്ച് പരിചയപ്പെട്ട കുക്കൂ മോറെ എന്ന ആംഗ്ലോ ഇന്ത്യൻ സുന്ദരി ഹെലന്റെ തലക്കുറി തിരുത്തി. കുക്കുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് പന്തണ്ടുകാരിയായ മകളെ നൃത്തപഠനത്തിന് വിടാൻ ഹെലന്റെ അമ്മ സമ്മതിച്ചത്. ഹെലന്റെ ഒതുങ്ങിയ ശരീരഘടനയിലും ആകർഷകമായ ശരീര ചലനങ്ങളിലും കഴിവുറ്റ ഒരു നർത്തകിയെ അന്നേ കണ്ടിരിക്കണം കുക്കു. നൃത്തം ഇഷ്ടമായിരുന്നെങ്കിലും നൃത്തപരിശീലനം എളുപ്പം ദഹിക്കുന്ന ഏർപ്പാടായിരുന്നില്ല കുട്ടിയായ ഹെലന്. ``പൊതുവെ അലസയായിരുന്നു ഞാൻ. തരം കിട്ടിയാൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ പുറത്തേക്കോടും. അതിന്റെ പേരിൽ എനിക്ക് കിട്ടിയ ചീത്തക്ക് കണക്കില്ല. എങ്കിലും അന്നത്തെ കഠിന പരിശീലനം തന്നെയാണ് നൃത്തവേദിയിലെ വെല്ലുവിളികൾ അതിജീവിക്കാൻ എന്നെ പ്രാപ്തയാക്കിയത് എന്ന് വിശ്വസിക്കുന്നു ഞാൻ.'' പാശ്ചാത്യ നൃത്തത്തിൽ മാത്രമല്ല, ഭരതനാട്യത്തിലും കഥക്കിലും മണിപ്പുരിയിലുമെല്ലാം പ്രാവീണ്യം നേടി ഹെലൻ.
പാട്ടുകളും നൃത്തവും കുത്തിനിറച്ചു ഹിന്ദി സിനിമകൾ പുറത്തിറങ്ങിക്കൊണ്ടിരുന്ന കാലം. സംഘനൃത്തങ്ങളാണ് ആ മസാലക്കൂട്ടിലെ ചൂടുള്ള ഇനങ്ങളിൽ ഒന്ന്. സ്വാഭാവികമായും നൃത്തം പഠിച്ചവർക്ക് കോറസിലെങ്കിലും അവസരം കിട്ടും. കുക്കൂ മോറെയാണ് അന്ന് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നർത്തകി. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ആദ്യത്തെ ഗ്‌ളാമർ ഗേൾ. അതിനു മുൻപും അത്തരം നർത്തകികൾ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നല്ല. നിശബ്ദ സിനിമയുടെ കാലത്തേ കണ്ടുതുടങ്ങിയതാണ് അർദ്ധനഗ്‌നാംഗികളായ നർത്തകികളെ. അസൂരി, മീനു മുംതസ് തുടങ്ങിയവർ ഉദാഹരണം. പക്ഷേ കുക്കുവിനെ പോലെ നായികാതുല്യമായ പ്രശസ്തിയാർജിക്കാൻ കഴിഞ്ഞിരുന്നില്ല അവർക്കൊന്നും. ആരാധകരുടെ ``റബർ ഗേൾ'' ആയിരുന്നു അക്കാലത്ത് കുക്കു. 1946 ൽ അറബ് കാ സിതാര എന്ന ചിത്രത്തിലെ ഒരു സംഘനൃത്തത്തിൽ പങ്കാളിയായി സിനിമയിലെത്തിയ കുക്കു രണ്ടു വർഷം കഴിഞ്ഞു പുറത്തിറങ്ങിയ മെഹബൂബ് ഖാന്റെ അനോഖി ആദയിലാണ് മുഖ്യ നർത്തകിയായി സ്ഥാനക്കയറ്റം നേടിയത്. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല അവർക്ക്. മെഹബൂബ് ഖാന്റെ സിനിമകളും ഷംഷാദ് ബീഗത്തിന്റെ ഗാനങ്ങളും ചേർന്ന്
കുക്കുവിനെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ യുവതലമുറയുടെ ഹരമാക്കി മാറ്റുന്നു. വളരെ പെട്ടെന്ന് കുക്കുവിന്റെ ``ഐറ്റം ഡാൻസ്'' ഹിന്ദി സിനിമയുടെ ബോക്സാഫീസ് സമവാക്യങ്ങളുടെ ഭാഗമായി പാശ്ചാത്യ-പൗരസ്ത്യ ശൈലികളുടെ സമന്വയമായിരുന്നു ഈ നൃത്ത രംഗങ്ങൾ അധികവും. മാത്രമല്ല, പിൽക്കാല കാബറെ രംഗങ്ങളെ അപേക്ഷിച്ച് അശ്ളീലച്ചുവ കുറവുമായിരുന്നു അവയിൽ. ബർസാത്, ആവാര, ആൻ, ഹൽചൽ, മിസ്റ്റർ ആൻഡ് മിസ്സിസ് 55, യഹൂദി, ചൽതി കാ നാം ഗാഡി...അങ്ങനെ ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ ഒറ്റയ്ക്കും സഹനർത്തകിമാർക്കൊപ്പവും ചുവടുവെച്ചു കുക്കു.
സിനിമയുടെ വിസ്മയലോകത്തേക്ക് ഹെലനെ ആനയിച്ചതും കുക്കു തന്നെ . 1951 ൽ ആദ്യമായി സിനിമയിൽ നൃത്തം ചെയ്യുമ്പോൾ ഹെലന് പ്രായം കഷ്ടിച്ച് പതിമൂന്നു വയസ്സ്. ശ്യാമും നസീം ബാനുവും അഭിനയിച്ച ``ശാബിസ്താ''നിൽ മദൻ മോഹൻ ഈണമിട്ട ദേഖോ പ്യാലാ മേരാ ചൽക്കേ (ഷംഷാദ് ബീഗം) എന്ന പാട്ടിനൊത്ത് കുക്കുവിന്റെ നേതൃത്വത്തിൽ ചുവടുവച്ച ഒരു സംഘം നർത്തകിമാരിൽ കൊച്ചു സുന്ദരി ഹെലനും ഉണ്ടായിരുന്നു. ആവാര ഉൾപ്പെടെ കുറച്ചു പടങ്ങളിൽ കൂടി ആൾക്കൂട്ടത്തിൽ ഒരാളായി മിന്നിമറഞ്ഞ ശേഷം, അലിഫ് ലൈല (1953) യിൽ ഹെലൻ ആദ്യമായി സോളോ നർത്തകിയാകുന്നു. ആശാ ഭോസ്ലെയും സംഘവും പാടിയ രാതേം പ്യാർ കി (സംഗീതം: ശ്യാംസുന്ദർ) ആണ് ആദ്യം പാടി ചുവടുവെച്ച ഗാനം. ഹിന്ദി സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറാൻ പോകുന്ന ഒരു കൂട്ടുകെട്ടിന്റെ ജൈത്രയാത്ര ആ ഗാനത്തിൽ നിന്ന് തുടങ്ങുന്നു. അരങ്ങേറ്റം മോശമായിരുന്നില്ലെങ്കിലും മൂന്നു നാല് വർഷം കൂടി കുക്കുവിന്റെ നിഴലിൽ ഒതുങ്ങിക്കൂടാനായിരുന്നു ഹെലന് യോഗം. 1958 ൽ പുറത്തുവന്ന ചൽതി കാ നാം ഗാഡിയിൽ കഥ മാറി. ഗുരുവും ശിഷ്യയും ഒരുമിച്ചു നൃത്തം ചെയ്യുന്ന ഒരു രംഗമുണ്ടതിൽ. ഗാനം: ഹം തുമാരെ ഹേ (ആശ ഭോസ്ലെ, സുധാ മൽഹോത്ര). കഥക് ശൈലിയിലുള്ള ആ ``നൃത്ത മത്സര''ത്തിൽ ജയിച്ചുവന്നത് ശിഷ്യയാണ്. താരസിംഹസനത്തിലേക്കുള്ള ഹെലന്റെ ഉയർച്ചയും അവിടെ നിന്നുള്ള കുക്കുവിന്റെ വീഴ്ചയും ആരംഭിച്ചത് ഈ ഒരൊറ്റ ഗാനത്തിൽ നിന്നായിരുന്നു എന്നത് വിചിത്രമായി തോന്നാം. പക്ഷേ അതായിരുന്നു സത്യം.
ഒരൊറ്റ ഡാൻസ് നമ്പറിന് ആറായിരം രൂപ വരെ പ്രതിഫലമായി ഈടാക്കിയ ചരിത്രമുണ്ട് കുക്കുവിന്. മുഖ്യധാരാ നായികമാർക്ക് പോലും അപ്രാപ്യമായിരുന്ന തുക. ഒരേ സമയം മൂന്നു ലക്ഷ്വറി കാറിന്റെ ഉടമയായിരുന്നു ഈ സുന്ദരി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പക്ഷേ സ്വപ്നതുല്യമായ ആ യാത്ര അധികം നീണ്ടില്ല. അന്ധമായ ധൂർത്തും പരാജയപ്പെട്ട പ്രണയവും അതിരുകടന്ന മദ്യപാനവും ഒക്കെ ചേർന്ന് കുക്കുവിനെ മധ്യവയസ്സിലേ ഒരു വിഷാദരോഗിയാക്കി. നിനച്ചിരിക്കാതെ കടന്നുവന്ന അർബുദം കൂടിയായപ്പോൾ എല്ലാം തികഞ്ഞു. അനിവാര്യമായ ദുരന്തത്തിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു പഴയ സ്വപ്നറാണി. അസുഖബാധിതയായിരുന്ന കാലത്തുപോലും ആദായനികുതി വെട്ടിപ്പിന്റെ പേരിൽ കോടതി കയറിയിറങ്ങേണ്ടി വന്നു അവർക്ക്. ആർഭാട ജീവിതത്തിന്റെ മുദ്രകളായി കൊണ്ടുനടന്നിരുന്ന കാറുകളും ബംഗ്‌ളാവുകളും ആഭരണങ്ങളുമെല്ലാം കുക്കുവിന്റെ ജീവിതത്തിൽ നിന്ന് വഴിക്കുവഴിയായി അപ്രത്യക്ഷമായി. ഒടുവിൽ മുംബൈ തെരുവുകളിൽ ഗതികെട്ട് അലഞ്ഞുതിരിയുന്ന ഘട്ടം വരെ എത്തി ആ ദുരന്തയാത്ര. സിനിമാലോകം കുക്കുവിനെ തിരിഞ്ഞുനോക്കിയതേയില്ല. ഒടുവിൽ, 1981 ജനുവരിയിൽ നഗരത്തിലെ ഏതോ ആശുപത്രിവരാന്തയിൽ അനാഥയായി കിടന്നു മരിക്കുമ്പോൾ ബോളിവുഡിലെ ആദ്യത്തെ താരനർത്തകിക്ക് പ്രായം 52. ``ഭാവിയെ കുറിച്ച് ഓർക്കാതെ ജീവിതം ധൂർത്തടിച്ചതാണ് കുക്കുവിന് പറ്റിയ പിഴവ്. എങ്കിലും അന്ത്യനാളുകളിൽ പോലും അവരുടെ മുഖത്തു കണ്ട നിശ്ചയദാർഢ്യം അത്ഭുതകരമായിരുന്നു. ജീവിതം വഴിമുട്ടിയ ഘട്ടത്തിൽ പോലും ഒരു തുള്ളി കണ്ണീർ ഒഴുക്കിയില്ല അവർ. ചിരിച്ചുകൊണ്ട് തന്നെ മരണത്തെ വരവേറ്റു. ആ അസാമാന്യ ധീരത മറ്റാരിലും ഞാൻ കണ്ടിട്ടില്ല.''- സിനിമാജീവിതത്തിൽ തന്റെ വഴികാട്ടിയായിരുന്ന കുക്കുവിനെ കുറിച്ച് ഹെലൻ പിന്നീട് പറഞ്ഞു.
മേരാ നാം ചിൻ ചിൻ ചൂ ഫോക്--ശാസ്ത്രീയ നൃത്തശൈലികളോട് പൂർണ്ണമായിത്തന്നെ വിടപറഞ്ഞു പാശ്ചാത്യ ശൈലിയുടെ ഉപാസകയായി മാറുന്ന ഹെലനെയാണ് ``ബാരിഷ്''(1957) എന്ന ദേവാനന്ദ് ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. സി രാമചന്ദ്രയുടെ ഈണത്തിൽ ആശ പാടിയ മിസ്റ്റർ ജോൺ യാ ബാബാ ഖാൻ എന്ന റോക്കന്റോൾ ഗാനമായിരിക്കണം ഹെലന്റെ ആദ്യത്തെ `മദാലസ' നൃത്തരംഗം. രജീന്ദർ കിഷൻ എഴുതിയ പാട്ടിന്റെ വരികളിൽ തന്നെയുണ്ടായിരുന്നു പുതിയൊരു യുഗപ്പിറവിയുടെ വിളംബരം: ``ജോ കോയീ ദേഖേ മേരാ ജൽവാ/ ഹോ ജായേ ഖുർബാൻ'' (എന്റെ നേർക്ക് ഒരൊറ്റ നോട്ടം മതി ഏതു പുരുഷനും വീണുപോകാൻ..). പ്രലോഭനം കലർന്ന ആ വാക്കുകൾ തന്നെയായിരുന്നു പിന്നീടങ്ങോട്ട് കാൽ നൂറ്റാണ്ടോളം ഹിന്ദി സിനിമയിൽ ഹെലന്റെ ``വിസിറ്റിങ് കാർഡ്'' .
തൊട്ടു പിന്നാലെ ആ ഗാനത്തിന്റെ തുടർച്ചയെന്നോണം പുറത്തുവന്ന ഹൗറാ ബ്രിഡ്ജിലെ ``മേരാ നാം ചിൻ ചിൻ ചൂ''വോടെ ഹിന്ദി സിനിമയിൽ ഹെലൻ യുഗത്തിന് തുടക്കമാകുന്നു. പ്രിയഗായിക ആശാ ഭോസ്ലെക്ക് പാടാൻ വേണ്ടി ഓംകാർ പ്രസാദ് നയ്യാർ ചിട്ടപ്പെടുത്തിയ ഗാനം. പക്ഷേ പടത്തിലെ നായികയായ മധുബാലക്കു വേണ്ടി മറ്റൊരു നൃത്തരംഗത്ത് (ആയിയെ മെഹർബാൻ) ആശ പാടിക്കഴിഞ്ഞ സ്ഥിതിക്ക് ഹെലന് വേണ്ടി ശബ്ദം നൽകുന്നത് ഒരു വ്യത്യസ്ത ഗായികയാവണം എന്ന് സംവിധായകൻ ശക്തി സാമന്തക്ക് നിർബന്ധം. അങ്ങനെയാണ് ഗീതാ ദത്ത് ചിത്രത്തിൽ വരുന്നത്. പ്രതീക്ഷക്കൊത്ത് ഗീതയുടെ ആലാപനം ഉയർന്നില്ലെങ്കിൽ ആശ തന്നെ പാടും എന്നൊരു ``ഭീഷണി'' കൂടി ഉണ്ടായിരുന്നു അന്തരീക്ഷത്തിൽ. പക്ഷേ നയ്യാരുടെയും സാമന്തയുടെയും പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് ചിറകടിച്ചു പറന്നുയർന്നു ഗീതയിലെ ഗായിക. പിന്നീടുള്ളത് ചരിത്രമാണ്.
ചൈനയിലെ ഷാങ്ഹായിയിൽ നിന്നെത്തുന്ന നർത്തകിയുടെ റോളാണ് ഹൗറാ ബ്രിഡ്ജിൽ ഹെലന്. കഥാഗതിയിൽ അത്ര പ്രാധാന്യമൊന്നും ഇല്ലാത്ത വേഷം. പക്ഷേ ഒരൊറ്റ നൃത്തരംഗത്തിലൂടെ ഹൗറാ ബ്രിഡ്ജ് എന്ന മസാലചിത്രത്തെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റിക്കളഞ്ഞു ഹെലനും ഗീതയും. ഒപി നയ്യാറിന്റെ ഓർക്കസ്ട്രയിലെ ഹവായൻ ഗിറ്റാറിസ്റ്റായിരുന്ന സർദാർ ഹസാരാ സിംഗാണ് ഈ പാട്ടിന്റെ ആദ്യവരി എഴുതിയതും ചിട്ടപ്പെടുത്തിയതും എന്നത് നയ്യാർ പോലും അംഗീകരിച്ച വസ്തുത. (പിൽക്കാലത്ത് നയ്യാറിന്റെ തന്നെ മറ്റൊരു പ്രശസ്ത ഗാനത്തിനും പല്ലവി സൃഷ്ടിച്ചു നൽകിയ ചരിത്രമുണ്ട് ഹസാരാ സിംഗിന് കശ്മീർ കി കലിയിലെ താരീഫ് കരൂം ക്യാ). സിംഗിന്റെ ഗിറ്റാറും ഗീതയുടെ കുസൃതി നിറഞ്ഞ ആലാപനവും ഹെലന്റെ നൃത്ത ചലനങ്ങളിൽ എങ്ങനെ അലിഞ്ഞു ചേർന്നിരിക്കുന്നു എന്നറിയാൻ യു ട്യൂബിൽ ആ രംഗമൊന്നു കണ്ടുനോക്കുകയേ വേണ്ടൂ. നൃത്ത സംവിധായകൻ സൂര്യ കുമാർ ചിട്ടപ്പെടുത്തിയ ചുവടുകൾക്കൊപ്പം ഹെലന്റെ മനോധർമപ്രകടനം കൂടി ചേർന്നപ്പോൾ അതൊരു അവിസ്മരണീയ ദൃശ്യാനുഭവമായി. ആ സിനിമയോടെയാണ് ഹെലന്റെ പേര് പടത്തിന്റെ ടൈറ്റിൽ കാർഡിൽ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചു തുടങ്ങാൻ സിനിമാക്കാർ ധൈര്യം കാണിച്ചു തുടങ്ങിയതും. നടീനടന്മാരുടെ പട്ടികയ്‌ക്കൊടുവിലെ ``ആൻഡ് ഹെലൻ'' എന്ന ആ വരി പിന്നീടങ്ങോട്ട് ഹിന്ദി സിനിമയുടെ അവിഭാജ്യ ഘടകമായി; രണ്ടു പതിറ്റാണ്ടോളം. ഹെലന് വേണ്ടി പിൽക്കാലത്ത് ഗീതാ ദത്ത് പാടിയ പാട്ടുകൾ എണ്ണത്തിൽ കുറവായിരുന്നെങ്കിലും ഒട്ടും മോശമായിരുന്നില്ല: ദിൽ സേ ദിൽ തക്കരായേ (ലവ് മാര്യേജ്), കഹാം ഫിർ ഹം കഹാം (നൈറ്റ് ക്ലബ്), ആയേ ഹായേ ദിൽറുബാ (ഡോക്ടർ വിദ്യ), തോബാ തോബാ തോബാ (പാസ്‌പോർട്ട്)....
1962 ൽ പുറത്തുവന്ന `ആയേ ഹായേ ദിൽറുബാ' എന്ന ഗാനത്തിന് ഒരു സവിശേഷത കൂടിയുണ്ട് -- സിനിമയിലെ നൃത്ത മത്സരത്തിന് വേണ്ടി എസ് ഡി ബർമ്മൻ ചിട്ടപ്പെടുത്തിയ പാട്ടാണത്. മത്സരിക്കുന്നത് ശാസ്ത്രീയ സംഗീത വിദുഷിയായ വൈജയന്തിമാലയും റോക്ക് നർത്തകി ഹെലനും തമ്മിൽ. പൊരിഞ്ഞ മത്സരത്തിൽ സ്വാഭാവികമായും വിജയം നായികയായ വൈജയന്തിക്ക് തന്നെ. എങ്കിലും ആ രംഗം ഇന്ന് കാണുമ്പോൾ ഒരു പൊടി മുന്നിൽ നിന്നത് ഹെലന്റെ ചടുലമായ ചുവടുകളല്ലേ എന്ന് സംശയം തോന്നും. സിനിമയിൽ വേറെയും നൃത്ത മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട് ഹെലൻ. `പ്രിൻസി'ൽ (1969) വീണ്ടും വൈജയന്തിക്കൊപ്പവും ബാസി (1968) യിൽ വഹീദാ റഹ്‌മാനോടൊപ്പവും ശരീഫ് ബദ്മാശിൽ (1973) ഹേമമാലിനിയോടൊപ്പവും കാലാ സോന (1975) യിൽ പർവീൺ ബാബിയോടൊപ്പവും ചുവടുവെച്ചു അവർ. മിക്ക സിനിമകളിലും നായികമാരോട് നിരുപാധികം തോറ്റുകൊടുക്കാനായിരുന്നു വിധിയെങ്കിലും കയ്യടി നേടിയത് ഹെലനാണ്. ``ഇത്തരം രംഗങ്ങളിൽ ഒപ്പം മത്സരിക്കുന്ന നായികയുടെ ഒരു ചുവടു താഴെയേ നാം നിന്നുകൂടൂ. എന്നിട്ടും ഇടക്കൊക്കെ അറിയാതെ ശരിക്കും മത്സരിച്ചു പോയിട്ടുണ്ട്. എന്ത് ചെയ്യാം, ഉള്ളിലെ നർത്തകി അടങ്ങിയിരിക്കണ്ടേ?'' ഹെലൻ. രാഗിണി (ശിക്കാരി), മിനു മുംതസ് (ഹലാക്കു), കുക്കൂ (ഹീരാ മോത്തി), മധുമതി (യേ രാത് ഫിർ ന ആയേഗി), ലക്ഷ്മി ഛായ (ദുൽഹൻ ഏക് രാത് കി) .. എന്നിങ്ങനെ വിവിധ തലമുറകളിൽ പെട്ട അഭിനേത്രിമാരോടൊപ്പം വെള്ളിത്തിരയിൽ നൃത്തവേദികൾ പങ്കിട്ടിട്ടുണ്ട് ഹെലൻ. വിഖ്യാതനായ ഗോപീകൃഷ്ണയായിരുന്നു `ഘൂമ്ഘട്ടി'ലെ ദിൽ നാ കഹി ലഗാനാ എന്ന ഗാനരംഗത്ത് ഹെലന്റെ സഹനർത്തകൻ. മെഹമൂദ് (ഗുംനാമിലെ ഹം കാലേ ഹേ തോ ക്യാ ഹുവാ, ബഡ്കമ്മ ബഡ്കമ്മ എക്കഡ ബോട്ടോ രാ), കിഷോർ കുമാർ (ഹാഫ് ടിക്കറ്റിലെ വോ ഇക് നിഗാഹ് ക്യാ മിലി), ഷമ്മി കപൂർ (തീസ്രി മൻസിലിലെ ഓ ഹസീനാ സുൽഫോം വാലി)... ഹെലനോടൊപ്പം ചുവടുവെച്ച താരങ്ങളുടെ നിര ഇവിടെയെങ്ങും നിൽക്കില്ല. `` ആകെ ഭയം തോന്നിയിട്ടുള്ളത് ഹെലനൊപ്പം നൃത്തം ചെയ്യുമ്പോഴാണ്. ഏതു നിമിഷവും അത്ഭുതകരമായ ഒരു പുതിയ സ്റ്റെപ്പ് അവരിൽ നിന്ന് പ്രതീക്ഷിക്കാം.''- ഷമ്മി.
പ്രാദേശികതയുടെ പരിമിതികൾ അപ്രസക്തമാക്കിക്കൊണ്ട് കോസ്‌മോപോളിറ്റൻ സ്വഭാവത്തിലേക്ക് ഹിന്ദി സിനിമ മാറിത്തുടങ്ങിയ കാലമായിരുന്നു അത്. നായികമാരുടെ കാര്യത്തിലാണ് ഈ മാറ്റം ഏറെ പ്രകടമായത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ മുക്കിലും മൂലയിലും നിന്നെത്തിയ നടിമാരെ ഹിന്ദി സിനിമാലോകം ഹൃദയപൂർവം സ്വീകരിച്ചു. തമിഴ്നാട്ടിലെ ചെങ്കൽപെട്ടിലും (വഹീദാ റഹ്‌മാൻ), ട്രിപ്ലിക്കേനിലും (വൈജയന്തിമാല), പാകിസ്ഥാനിലെ റാവൽപിണ്ടിയിലും (നർഗീസ്), ലാഹോറിലും (ബീനാറായ്, കാമിനി കൗശൽ, കൽപ്പന കാർത്തിക്), കറാച്ചിയിലും (സാധന), ഗുജ്‌റൻവാലയിലും (സുരയ്യ), കിഴക്കൻ ബംഗാളിലും (സൂചിത്രാ സെൻ), ഹൈദരാബാദിലും (നിഗാർ സുൽത്താന), നേപ്പാളിലും (മാലാ സിൻഹ), ആഗ്രയിലും (നിമ്മി) ഡൽഹിയിലും (മധുബാല) തൊട്ട് ഇങ്ങു തെക്ക് തിരുവിതാംകൂറിൽ (പദ്മിനി) വരെ വേരുകളുള്ള സുന്ദരിമാർ സിനിമയുടെ മുഖ്യധാരയിൽ തികച്ചും സ്വാഭാവികമായി അലിഞ്ഞു ചേർന്നത് അങ്ങനെയാണ്. ബർമീസ് മുഖഛായയുള്ള ഹെലനെയും അവരിലൊരാളായി കാണാൻ പ്രയാസമുണ്ടായിരുന്നില്ല ശരാശരി പ്രേക്ഷകന്. നായികയായി ഹെലനെ തിരഞ്ഞുവന്ന പടങ്ങൾ നിർഭാഗ്യവശാൽ രണ്ടാംകിടയും മൂന്നാംകിടയും ആയിരുന്നു എന്നുമാത്രം. ചാ ചാ ചാ (1964) യിൽ ചന്ദ്രശേഖറായിരുന്നു നായകൻ. ആയാ തൂഫാനിൽ (1964) ദാരാ സിംഗും. രണ്ടു പടങ്ങളും ഓർക്കപ്പെടുന്നത് യഥാക്രമം ഇഖ്ബാൽ ഖുറേഷിയും ലക്ഷ്മികാന്ത് പ്യാരേലാലും അവയ്ക്കു വേണ്ടി സൃഷ്ടിച്ച ഗാനങ്ങളിലൂടെ മാത്രം. പിന്നെയും വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ കൂടി നായികയായി പ്രത്യക്ഷപ്പെട്ടെങ്കിലും ഹെലനെ ഒന്നോ രണ്ടോ രംഗങ്ങളിൽ മിന്നിമറയുന്ന നർത്തകിയായി കാണാനായിരുന്നു സാധാരണക്കാരനായ പ്രേക്ഷകന് ഇഷ്ടം. 1970 കളുടെ അവസാനത്തോടെ ഇത്തരം നൃത്ത രംഗങ്ങളോട് വിടവാങ്ങിയ ശേഷമാണ് അൽപ്പമെങ്കിലും അഭിനയ പ്രാധാന്യമുള്ള റോളുകൾ ഹെലനെ തേടി ചെന്നത്. ലഹു കേ ദോ രംഗ് (1979) എന്ന ചിത്രത്തിലെ അഭിനയത്തിന് ജീവിതത്തിലാദ്യമായി മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടുന്നതും ഇതേ നാളുകളിൽ തന്നെ. അതിനു മുൻപ് മൂന്ന് തവണ നാമനിർദേശം ചെയ്യപ്പെട്ടിട്ടും (ഗുംനാം - 1965, ശിക്കാർ - 1968, എലാൻ - 1971) കിട്ടാതെ പോയ അവാർഡ് ആയിരുന്നു അത്. പിന്നീടൊരിക്കലും മാദകനർത്തകിയുടെ റോളിലേക്ക് തിരിച്ചുപോയില്ല ഹെലൻ. യാദൃച്ഛികമാകാം, അത്തരം ഗാനങ്ങളിൽ നിന്ന് ആശാ ഭോസ്ലെ ബോധപൂർവം ഒഴിഞ്ഞുമാറാൻ തുടങ്ങിയതും ഏതാണ്ട് ഇതേ കാലത്തു തന്നെ. ``ഉമ്രാവ് ജാനി''ലെയും ``ഇജാസത്തി''ലെയും ഗാനങ്ങളിലൂടെ ആലാപനത്തിന്റെ വ്യത്യസ്തമായ മറ്റൊരു തലം കണ്ടെത്തിക്കഴിഞ്ഞിരുന്നു ആശ.
അശ്ലീലമില്ലാത്ത നൃത്തം
ലതാ മങ്കേഷ്‌കർ പിന്നണി സംഗീതത്തിലെ രാജ്ഞിയായി വിരാജിച്ച 1960 കളിലും 70 കളിലുമാണ് ഹെലന് വേണ്ടി ആശ ഏറ്റവുമധികം പാട്ടുകൾ പാടിയത് എന്നത് അത്ഭുതകരമായി തോന്നാം. ഒരൊറ്റ കാബറെ ഗാനമേ ഹെലന് വേണ്ടി ലത പാടിയിട്ടുള്ളൂ -- ഇന്ദഖാമിലെ ``ആ ജാനേ ജാ''. ആ ഗാനമാകട്ടെ സൂപ്പർ ഹിറ്റായിരുന്നു താനും. എന്തുകൊണ്ട് ആ ജനുസ്സിൽ പെട്ട ഗാനങ്ങൾ കൂടുതൽ പാടാൻ തയ്യാറായില്ല എന്നതിന് വ്യക്തമായ ന്യായമുണ്ട് ലതക്ക്: ``സിനിമയിൽ ലൈംഗിക ചുവയുള്ള പാട്ടുകൾ, പ്രത്യേകിച്ച് കാബറെ ഗാനങ്ങൾ, പാടാൻ എനിക്ക് അശേഷം താൽപര്യമുണ്ടായിരുന്നില്ല. അത്തരം പാട്ടുകൾക്ക് അനുയോജ്യമായ ആലാപന ശൈലി ആയിരുന്നില്ല എന്റേത്.'' എന്നിട്ടും എന്തുകൊണ്ട് ലക്ഷ്മികാന്ത് പ്യാരേലാൽ ഈണമിട്ട ഈ ഗാനം പാടാൻ സമ്മതിച്ചു എന്നതിനുമുണ്ട് ലതക്ക് ഉത്തരം. ``ലക്ഷ്മികാന്ത് നിർബന്ധിച്ചപ്പോൾ ഒരു ഉപാധി മുന്നോട്ടു വെച്ചു ഞാൻ. പാടാം, പക്ഷെ പാട്ടിന്റെ വരികളിൽ അശ്ളീല ധ്വനി കടന്നുവരരുത്. സാധാരണ കാബറെ ഗാനങ്ങളെ അപേക്ഷിച്ചു മന്ദഗതിയിലുള്ള പാട്ടാവണം അത്. രംഗത്തഭിനയിക്കുന്ന നർത്തകി കഴിയുന്നത്ര ശരീരം മറച്ചാവണം പാട്ടിനൊത്ത് ചുവടുവെക്കേണ്ടത്..'' സസന്തോഷം ഉപാധികളെല്ലാം സമ്മതിച്ചു ലക്ഷ്മികാന്ത്. അശ്ളീല ചുവയില്ലാതെ ഒരു കാബറെ ഗാനം എങ്ങനെ ചിത്രീകരിക്കണം എന്നോർത്ത് ഏറെ തലപുകച്ചിരിക്കണം പടത്തിന്റെ സംവിധായകൻ ആർ കെ നയ്യാറും കൊറിയോഗ്രാഫർ പി എൽ രാജൂം.അഭിനയിച്ച ഗാനരംഗങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാൽ മറുപടി പറയാൻ രണ്ടു വട്ടം ആലോചിക്കേണ്ടി വരാറില്ല ഹെലന്: ഗംഗാ ജംന (1961) യിലെ ``തോരാ മൻ ബഡാ പാപി'' എന്ന മുജ്റ നൃത്തം. നൗഷാദിന്റെ ഈണത്തിൽ ആശ പാടിയ ആ ഗാനത്തിന്റെ രംഗത്ത് ഹെലന്റെ തീർത്തും വ്യത്യസ്തമായ ഒരു മുഖം കാണുന്നു നാം. ``വൈജയന്തിമാലയെ പോലെ അതി പ്രഗത്ഭയായ ഒരു നൃത്ത വിദുഷി അഭിനയിക്കുന്ന പടമാണ്. എന്റെ സാന്നിധ്യം ഒട്ടും മോശമാകരുതല്ലോ. മാത്രമല്ല ചെറുപ്പത്തിൽ അഭ്യസിച്ച കഥക് നൃത്ത ചുവടുകൾ സിനിമയിൽ പരീക്ഷിക്കാൻ കിട്ടിയ ഒന്നാന്തരം അവസരവുമായി അത്.'' പ്രിയപ്പെട്ട മറ്റു സിനിമകളിൽ തമിഴിലെ ഉത്തമപുത്തിരനും (1958) ശ്രീവള്ളി (1962) യും ഉണ്ട്. ഉത്തമപുത്തിരനിലെ യാരടീ നീ മോഹിനി എന്ന ഗാനരംഗത്ത് ശിവാജി ഗണേശനൊപ്പം ചുവടുവെക്കുമ്പോൾ താരതമ്യേന തുടക്കക്കാരിയാണ് ഹെലൻ. തമിഴ് സിനിമയിലെ ആദ്യ റോക്കന്റോൾ രംഗമായി കണക്കാക്കപ്പെടുത്ത ഈ ഗാനം ചിത്രീകരിച്ചത് മലയാളിയായ ക്യാമറാമാൻ എ വിൻസന്റ്. എം ജി ആറിനൊപ്പവും നൃത്തരംഗത്ത് പ്രത്യക്ഷപ്പെടാൻ അവസരമുണ്ടായി ഹെലന്. ശംഖെ മുഴങ്ങൂ (1972) എന്ന ചിത്രത്തിലെ സിലർ കുടിപ്പത് (ടി എം സൗന്ദരരാജൻ, എൽ ആർ ഈശ്വരി) ആയിരുന്നു ഗാനം. മലയാളത്തിൽ ഒരൊറ്റ സിനിമയിലേ ഹെലൻ നൃത്തം ചെയ്തിട്ടുള്ളൂ - ഐ വി ശശി സംവിധാനം ചെയ്ത അലാവുദ്ദീനും അത്ഭുതവിളക്കും. ``ഇന്ത്യയിലെ ഏറ്റവും മികച്ച നർത്തകിക്ക് വേണ്ടിയുള്ള അന്വേഷണമാണ് ഹെലനിൽ ചെന്ന് നിന്നത്.'' ശശി ഓർക്കുന്നു. ചെന്നൈയിലെ സത്യാ സ്റ്റുഡിയോയിൽ സെറ്റിട്ട് ചിത്രീകരിച്ച ആ നൃത്തം `അലാവുദ്ദീ''ന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു.
ഷോലെയിലെ പ്രശസ്തമായ ``മെഹ്ബൂബ മെഹ്ബൂബ'' എന്ന നൃത്തരംഗത്തോടും ഉണ്ട് ഹെലന് നിർവചിക്കാനാവാത്ത ഒരു ആത്മബന്ധം. സലിം ഖാനോടുള്ള ആരാധന കത്തിനിൽക്കുന്ന കാലത്ത് ഹെലൻ അഭിനയിച്ച ഗാനരംഗമാണത്. ഷോലെയിൽ ആ രംഗം ഉൾപ്പെടുത്തിയത് തന്നെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ സലിമിന്റെ (സലിം - ജാവേദ്) നിർബന്ധത്തിലാണ് എന്നതാണ് സത്യം. പ്രാകൃതരായ ചമ്പൽ കൊള്ളക്കാരുടെ സങ്കേതത്തിൽ ബെല്ലി ഡാൻസ് ചെയ്യുന്ന തികച്ചും ``പരിഷ്‌കാരി''യായ ഒരു നർത്തകിയെ കുറിച്ച് സങ്കൽപ്പിക്കാൻ ആകുമായിരുന്നില്ല സംവിധായകന്. അരോചകമായി തോന്നുന്നുവെങ്കിൽ രംഗം സിനിമയിൽ നിന്ന് മുറിച്ചുമാറ്റാംഎന്ന ഉപാധിയിൽ മനസ്സില്ലാമനസ്സോടെ ഒടുവിൽ ഗാനം ചിത്രീകരിക്കാൻ സമ്മതിക്കുന്നു രമേഷ് സിപ്പി. പക്ഷേ, സിനിമ കണ്ടവരാരും ആ രംഗത്തെ തള്ളിപ്പറഞ്ഞില്ല. യുഗ്മഗാനമായി സിനിമയിൽ അതുപയോഗിച്ചാലോ എന്ന് ആദ്യം ആലോചിച്ചിരുന്നു സിപ്പി. ഹെലന് വേണ്ടി പാടുന്നത് ആശ; ജലാൽ ആഗക്ക് വേണ്ടി മന്നാഡേയും. പക്ഷേ ആർ ഡി ബർമ്മൻ ആ ഗാനം ചിട്ടപ്പെടുത്തി പാടിക്കേട്ടപ്പോൾ സിപ്പി മനസ്സ് മാറ്റി. ബർമ്മൻ തന്നെ അത് പാടിയാൽ മതി എന്നായി അദ്ദേഹം. ബോക്സാഫീസിൽ ചരിത്രം സൃഷ്ടിച്ച ഷോലെയിലെ ഏറ്റവും ആകർഷകമായ രംഗങ്ങളിൽ ഒന്നായി നിലനിൽക്കുന്നു മെഹ്ബൂബ. ``വിശ്വസിക്കാൻ പ്രയാസം തോന്നാം; ആ ഗാനത്തിനൊത്ത് ചുവടുവെക്കുമ്പോൾ 37 വയസ്സാണെനിക്ക്.''-- ഹെലൻ. `` ഇന്ന് ആ ഗാനരംഗം കാണുമ്പോൾ സങ്കടം തോന്നും. ഒപ്പം അഭിനയിച്ചവർ മിക്കവരും ഓർമ്മയായിരിക്കുന്നു. അംജദ് ഖാൻ, ജലാൽ ആഗ, മക്‌മോഹൻ.. പിന്നെ പാടിയ ആർ ഡിയും. പക്ഷേ, ആ പാട്ട് ഇന്നും ജീവിക്കുന്നു.''
പിന്തുടർന്നു വന്ന പദ്മാഖന്ന, അരുണാ ഇറാനി, ബിന്ദു, കൽപ്പന അയ്യർ തുടങ്ങിയ അസംഖ്യം സിനിമാ നർത്തകരിൽ നിന്ന് ഹെലനെ വേറിട്ട് നിർത്തിയ ഘടകം എന്തായിരുന്നു? ഹെലൻ ഒരിക്കലും `വൾഗർ' ആയിരുന്നില്ല എന്നത് തന്നെ. മാദകത്വവും അശ്ലീലതയും തമ്മിലുള്ള അതിർ വരമ്പ് എവിടെ തുടങ്ങുന്നുവെന്നും അവസാനിക്കുന്നുവെന്നും വ്യക്തമായി അറിയാമായിരുന്നു ഹെലന്. അങ്ങേയറ്റം സെക്‌സി ആകുമ്പോഴും സ്വന്തം ശരീരചലനങ്ങൾ ആഭാസത്തിലേക്ക് വഴുതിവീഴാതിരിക്കാൻ ശ്രദ്ധിച്ചു ഹെലൻ. അതുകൊണ്ടാവണം പുരുഷന്മാരോളം തന്നെ സ്ത്രീ പ്രേക്ഷകരും ഹെലന്റെ ആരാധകരായി മാറിയത്. ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്ന നേർത്ത ആവരണം അണിഞ്ഞുകൊണ്ടാണ് പ്രശസ്തമായ മിക്ക ഗാനരംഗങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടത്. സ്വർണ്ണനിറമുള്ള വിഗ്ഗുകളായിരുന്നു മറ്റൊരു ദൗർബല്യം; കൃഷ്ണമണിയുടെ നിറം മാറിവരുന്ന കോണ്ടാക്റ്റ് ലെൻസുകളും. സിനിമയിൽ ജ്വലിച്ചു നിൽക്കുന്ന കാലത്ത് മുംബൈയിലെ തിരക്കേറിയ വീഥികളിലൂടെ അജ്ഞാതയായി, ആൾക്കൂട്ടത്തിൽ ഒരാളായി നടന്നു പോകാൻ ഇഷ്ടപ്പെട്ടു ഹെലൻ . ``എന്നും ബുർഖ ധരിച്ചാണ് ഞാൻ പുറത്തിറങ്ങിയിരുന്നത്.'' ഹെലൻ ഓർക്കുന്നു. ``ഇടക്ക് മുഖപടം കാറ്റിൽ തെന്നി മാറുമ്പോൾ കണ്ടു നിൽക്കുന്നവരുടെ മുഖത്തു വിരിയുന്ന അവിശ്വസനീയ ഭാവം അറിഞ്ഞാസ്വദിക്കാറുണ്ട് ഞാൻ. ഇതൊക്കെയല്ലാതെ മറ്റെന്തുണ്ട് ജീവിതത്തിൽ നമുക്ക് ആസ്വദിക്കാൻ.''
ഈ പ്രായത്തിലും സംഗീതവും നൃത്തവും തന്നെ വല്ലാതെ മോഹിപ്പിക്കുന്നു എന്ന് പറയാൻ മടിക്കുന്നില്ല ഹെലൻ. എട്ടു വർഷം മുൻപൊരു അവാർഡ് നിശയിൽ കരീനാ കപൂറിനൊപ്പം ``യേ മേരാ ദിൽ'' എന്ന ഗാനത്തിനൊത്തു വേദിയിൽ ചുവടു വെക്കുമ്പോൾ ഹെലന് പ്രായം 70. നിറഞ്ഞ സദസ്സിന്റെ ഹർഷാരവം ഏറ്റുവാങ്ങവേ അറിയാതെ തുളുമ്പിപ്പോയ കണ്ണുകൾ തുടച്ചുകൊണ്ട് താൻ തന്നെ പാടി അഭിനയിച്ച ``ആ ജാനേജാ'' എന്ന പഴയ സൂപ്പർ ഹിറ്റ് ഗാനത്തിൽ നിന്നൊരു വരി മൂളി അവർ: ``ദൂർ സേ കിത്‌നി ആയീ ഹൂ, തൂ ജാനേ നാ''...( ഇവിടെ എത്താൻ ഞാൻ എത്ര ദൂരം സഞ്ചരിച്ചുവെന്ന് നിങ്ങൾക്കറിയില്ല...)
ഭൂതകാലത്തിന്റെ ഓർമ്മകൾ ഒരു നിമിഷം ഹെലന്റെ മനസ്സിനെ വന്നു മൂടിയിരിക്കാം, പട്ടിണിയും ദുരിതങ്ങളും സമ്പദ്‌സമൃദ്ധിയും പ്രണയവും പ്രണയഭംഗവും സ്‌നേഹവും സ്‌നേഹനിരാസവും എല്ലാം നിറഞ്ഞൊരു ജീവിതത്തിന്റെ കയ്പ്പും മധുരവും ഇടകലർന്ന ഓർമ്മകൾ.
Content Highlights: Asha Bhosle's early life of struggle and domestic abuse in her first marriage., Her courageous decision to leave an abusive environment in 1960 for her children., The professional and personal relationship with RD Burman that transformed her life., The iconic creative synergy between Asha Bhosle and the legendary dancer Helen., A legacy of musical resilience that continues to inspire audiences in 2026. Asha Bhosle's warmhearted relation with Helen Jairag Richardson
Published: 12 Apr 2026, 03:03 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented