
റായ്പുര്‍: 2022 റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ ലെജന്‍ഡ്‌സ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യ ലെജന്‍ഡ്‌സ് ഫൈനലില്‍ ശ്രീലങ്ക ലെജന്‍ഡ്‌സിനെ തകര്‍ത്തു. അപരാജിത സെഞ്ചുറി നേടിയ നമന്‍ ഓജയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. തുടര്‍ച്ചയായ രണ്ടാം സീസണിലും കിരീടം നേടിക്കൊണ്ട് സച്ചിനും കൂട്ടരും ചരിത്രം കുറിച്ചു.
33 റണ്‍സിനാണ് ഇന്ത്യ ലെജന്‍ഡ്‌സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 18.5 ഓവറില്‍ 162 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ആറിന് 195. ശ്രീലങ്ക 18.5 ഓവറില്‍ 162 ന് ഓള്‍ ഔട്ട്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ലെജന്‍ഡ്‌സ്‌നുവേണ്ടി നമന്‍ ഓജ ഒറ്റയ്ക്ക് പോരാടുകയായിരുന്നു.വെറും 71 പന്തുകളില്‍ 15 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ പുറത്താവാതെ 108 റണ്‍സാണ് ഓജ അടിച്ചെടുത്തത്. നേരിട്ട ആദ്യ പന്തില്‍ തന്നെ സച്ചിന്‍ പുറത്തായത് ആരാധകരെ നിരാശയിലാഴ്ത്തിയെങ്കിലും ഓജയുടെ ബാറ്റിങ് മികവ് അതിനെയെല്ലാം മറികടന്നു. 21 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത വിനയ് കുമാറിന്റെ അപ്രതീക്ഷിത വെടിക്കെട്ട് ബാറ്റിങ്ങും ഇന്ത്യ ലെജന്‍ഡ്‌സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. 19 റണ്‍സെടുത്ത യുവരാജ് സിങ്ങും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സുരേഷ് റെയ്‌ന (4), ഇര്‍ഫാന്‍ പഠാന്‍ (11), യുസഫ് പഠാന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. രണ്ട് പന്തില്‍ നിന്ന് എട്ട് റണ്‍സുമായി സ്റ്റ്യുവര്‍ട്ട് ബിന്നി പുറത്താവാതെ നിന്നു. ശ്രീലങ്ക ലെജന്‍ഡ്‌സിനായി നുവാന്‍ കുലശേഖര മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഇസുരു ഉദാന രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാന്‍ ജയരത്‌നെ ഒരു വിക്കറ്റ് സ്വന്തമാക്കി.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ തുടക്കം തന്നെ പാളി. വെറും 41 റണ്‍സെടുത്തുന്നതിനിടെ സനത് ജയസൂര്യ, ദില്‍ഷന്‍ മുനവീര, തിലകരത്‌നെ ദില്‍ഷന്‍, ഉപുല്‍ തരംഗ എന്നീ പ്രധാന ബാറ്റര്‍മാര്‍ കൂടാരം കയറി. ഇതോടെ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അവസരത്തിനൊത്തുയര്‍ന്ന ഇഷാന്‍ ജയരത്‌നെ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ശ്രീലങ്കയെ മുന്നില്‍ നിന്ന് നയിച്ചു. 20 റണ്‍സെടുത്ത ജീവന്‍ മെന്‍ഡിസും 26 റണ്‍സ് നേടിയ മഹേല ഉദവത്തെയും താരത്തിന് മികച്ച പിന്തുണ സമ്മാനിച്ചതോടെ ഇന്ത്യന്‍ക്യാമ്പില്‍ ആശങ്കയുയര്‍ന്നു.
വെറും 22 പന്തുകളില്‍ നിന്ന് നാല് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 51 റണ്‍സാണ് ഇഷാന്‍ നേടിയത്. എന്നാല്‍ അവസാന ഓവറുകളില്‍ അവസരത്തിനൊത്തുയര്‍ന്ന ഇന്ത്യ വിജയം നേടി. 18-ാം ഓവറില്‍ അഭിമന്യു മിഥുനും 19-ാം ഓവറില്‍ വിനയ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ശ്രീലങ്ക 162 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യ ലെജന്‍ഡ്‌സിനുവേണ്ടി വിനയ് കുമാര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മിഥുന്‍ രണ്ട് വിക്കറ്റ് നേടി. രാജേഷ് പവാര്‍, സ്റ്റ്യുവര്‍ട്ട് ബിന്നി, രാഹുല്‍ ശര്‍മ, യൂസഫ് പഠാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlights: india legends, legends cricket final, road safety series final, india legends vs srilanka legends
Published: 02 Oct 2022, 09:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented