അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗുജറാത്തിനെതിരെ ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ കേരളം പൊരുതുന്നു. മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ്. ഗുജറാത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൻ കേരളത്തിന് ഇനിയും 213 റൺസ് വേണം.

To advertise here,

60 പന്തിൽ 29 റൺസോടെ അഭിഷേക് നായരും അക്കൗണ്ട് തുറക്കാതെ സച്ചിൻ ബേബിയുമാണ് ക്രീസിൽ. 22 പന്തിൽ ഏഴ് റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

നേരത്തെ ഗുജറാത്തിന്റെ 533 റൺസിനെതിരെ കേരളം ആദ്യ ഇന്നിങ്‌സിൽ 279 റൺസിന് പുറത്തായിരുന്നു. ഇതോടെ ഗുജറാത്തിന് 254 റൺസിന്റെ കൂറ്റൻ ലീഡ് നേടാനുമായി. നാല് വിക്കറ്റെടുത്ത അർസാനും മൂന്ന് വിക്കറ്റെടുത്ത ചിന്തൻ ഗജയുമാണ് കേരളത്തെ ചെറിയ സ്‌കോറിലൊതുക്കിയത്. അർദ്ധ സെഞ്ചുറി നേടിയ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവാതെ, 42 റൺസെടുത്ത സച്ചിൻ ബേബി എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. വരുൺ നായനാർ, ജലജ് സക്‌സനേ, വൈശാഖ് ചന്ദ്രൻ, എൻ ബേസിൽ എന്നിവരെല്ലാം പരാജയമായി.

ഇരട്ട സെഞ്ചുറിമായി കളം നിറഞ്ഞ ഉർവിൽ പട്ടേൽ, 95 റൺസ് അടിച്ച ആര്യ ദേശായ്, 77 റൺസെടുത്ത വിശാൽ ജയ്‌സ്വാൾ എന്നിവരുടെ പ്രകടനമാണ് ഒന്നാമിന്നിങ്‌സിൽ ഗുജറാത്തിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 227 പന്തിൽ 17 ഫോറും ആറ് സിക്‌സും സഹിതം 210 റൺസോടെ ഉർവിൽ പട്ടേൽ പുറത്താകാതെ നിന്നു. ആറാം വിക്കറ്റിൽ ഉർവിൽ പട്ടേലും വിശാൽ ജയ്‌സ്വാളും ചേർന്ന് 179 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കേരളത്തിനായി എൻ ബേസിൽ മൂന്നും ആദിത്യ സർവാതെ രണ്ടും വിക്കറ്റെടുത്തു.