ഹരാരെ: വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരൻ തകർത്താടിയ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇംഗ്ലണ്ടിനെതിരേ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 411 റൺസെടുത്തു. വൈഭവ് സൂര്യവംശി വെടിക്കെട്ട് സെഞ്ചുറിയുമായി കത്തിക്കയറിയതോടെയാണ് കലാശപ്പോരിൽ ഇന്ത്യ റെക്കോഡ് സ്കോറിലേക്ക് കുതിച്ചത്. 80 പന്തിൽ നിന്ന് 175 റൺസെടുത്താണ് വൈഭവ് പുറത്തായത്. 32 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ടിനെ കീഴടക്കി ആറാം ലോകകപ്പ് കിരീടത്തിൽ മുത്തമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. പവർപ്ലേയിലെ ആദ്യ ഓവറുകളിൽ പതിയെ ആണ് ഇന്ത്യൻ ബാറ്റർമാർ സ്‌കോറുയർത്തിയത്. സെമിയിൽ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജ് വെറും ഒൻപത് റൺസ് മാത്രമെടുത്ത് പുറത്തായി. അതോടെ ഇന്ത്യ നാലോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 20 റൺസെന്ന നിലയിലായി. പിന്നീട് ക്രീസിലിറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് എട്ടോവറിൽ 53 റൺസിലെത്തിച്ചു.
പിന്നീട് വൈഭവ് സൂര്യവംശി ട്രാക്ക് മാറ്റിയതോടെ ഇന്ത്യൻ സ്‌കോർ ഉയർന്നു. ഒൻപതാം ഓവറിൽ 18 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 11-ാം ഓവറിൽ താരം അർധസെഞ്ചുറിയും തികച്ചു. 32 പന്തിൽ നിന്നാണ് താരത്തിന്റെ ഫിഫ്റ്റി. ആയുഷ് മാത്രെയും വൈഭവിന് പിന്തുണയുമായി ക്രീസിൽ നിലയുറപ്പിച്ചതോടെ 14-ാം ഓവറിൽ സ്‌കോർ നൂറുകടന്നു.
14 ഓവർ അവസാനിക്കുമ്പോൾ 107-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് വൈഭവ് കത്തിക്കയറി. ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. 15-ാം ഓവറിൽ 15 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. 17-ാം ഓവറിൽ വൈഭവ് 22 റൺസ് അടിച്ചെടുത്തു. മൂന്ന് സിക്‌സറുകളും ഒരു ഫോറും താരം നേടി. അതോടെ ഇന്ത്യൻ സ്കോർ 150 കടന്നു. എന്നാൽ അർധസെഞ്ചുറി തികച്ചതിന് പിന്നാലെ ആയുഷ് മാത്രെ കൂടാരം കയറി. 51 പന്തിൽ 53 റൺസെടുത്താണ് താരം പുറത്തായത്. പിന്നാലെ വൈഭവിന്റെ സെഞ്ചുറിയുമെത്തി. 55 പന്തിലാണ് വൈഭവ് മൂന്നക്കം തൊട്ടത്. 20 ഓവറിൽ 167-2 എന്ന നിലയിലായിരുന്നു ഇന്ത്യ.
സെഞ്ചുറിക്ക് പിന്നാലെയും വൈഭവ് കത്തിക്കയറി. 21-ാം ഓവറിൽ 19 റൺസും 22-ാം ഓവറിൽ 26 റൺസുമാണ് വൈഭവ് അടിച്ചെടുത്തത്. ഇംഗ്ലണ്ട് ബൗളർമാർക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. 23-ാം ഓവർ കഴിയുമ്പോഴേക്കും താരം 150 റൺസും തികച്ചു. എന്നാൽ 175 റൺസിൽ നിൽക്കേ വൈഭവ് പുറത്തായി. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന് കാഴ്ചവെച്ചാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരൻ മടങ്ങിയത്. 15 വീതം ഫോറുകളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. വൈഭവ് പുറത്താകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ.
പിന്നീട് നാലാം വിക്കറ്റിൽ ക്രീസിലൊന്നിച്ച വേദാന്ത് ത്രിവേദിയും വിഹാൻ മൽഹോത്രയും ടീമിനെ മുന്നൂറ് കടത്തി. പിന്നാലെ ഇരുവരും മടങ്ങി. വേദാന്ത് 32 റൺസും വിഹാൻ 30 റൺസുമെടുത്താണ് പുറത്തായത്. അഭിഗ്യാൻ കുൺഡു(40), ആർ.എസ്. ആംബ്രിഷ്(18), ഖിലാൻ പട്ടേൽ(3) എന്നിവർ പിന്നാലെ മടങ്ങി. കനിഷ്ക് ചൗഹാൻ 20 പന്തിൽ നിന്ന് 37 റൺസെടുത്തതോടെ ഇന്ത്യൻ സ്കോർ 411 ലെത്തി.
Content Highlights: England U19 vs India U19, Final, ICC Under 19 World Cup 2026
Published: 06 Feb 2026, 05:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented