മുംബൈ: ഐപിഎല്ലിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഹാർദിക് പാണ്ഡ്യയുമായി മുംബൈ മാനേജ്‌മെന്റുമായി കൂടിക്കാഴ്ച നടത്തും. സീസണിലെ മുംബൈയുടെ മോശം പ്രകടനവും നായകനായ ഹാർദിക്കിന്റെ ഭാവിയും ചർച്ചയായേക്കുമെന്നാണ് വിവരം. ഹാർദിക്കിനെ സംബന്ധിച്ച് അതിനിർണായകമാണ് കൂടിക്കാഴ്ച. ഫ്രാഞ്ചൈസിയിൽ തുടരുമോ എന്നതിലടക്കം ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തത വന്നേക്കും.

To advertise here,

അടുത്തുതന്നെ താരവും മാനേജ്‌മെന്റുമായി ചർച്ച നടന്നേക്കുമെന്നാണ് ക്രിക്ക്ബസ്സിന്റെ റിപ്പോർട്ടിൽ പറയുന്നത്. സീസണിലെ ടീമിന്റെ പ്രകടനം വിശദമായി വിലയിരുത്തുകയാണ് ലക്ഷ്യം. എന്തുകൊണ്ടാണ് ഇത്രയും ദയനീയമായി ടൂർണമെന്റിൽ നിന്ന് പുറത്താകേണ്ടിവന്നത് എന്ന കാര്യം പരിശോധിക്കും. മാത്രമല്ല, ഹാർദിക്ക് വരും സീസണുകളിൽ ടീമിൽ തുടരുമോ എന്നതിലും ചർച്ചയിൽ അന്തിമതീരുമാനമെടുക്കും. ഹാർദിക്കിന്റേതുൾപ്പെടെ താരങ്ങളുടെ പ്രകടനമെല്ലാം വിലയിരുത്തും. ടീമിൽ അഴിച്ചുപണിക്കുള്ള സാധ്യതയുമുണ്ട്.

ഹാർദിക് നായകസ്ഥാനത്ത് തുടരുന്നതിൽ മാനേജ്‌മെന്റിന് താത്പര്യമില്ലെന്നും സീസണിലുടനീളം ഇതിന്റെ സൂചനകളുണ്ടായിരുന്നതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ടീം ക്യാമ്പിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതായാണ് വിവരം. മാത്രമല്ല, താരങ്ങൾ കോച്ചിങ് സ്റ്റാഫുകളുടെ നിർദേശം പാലിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. മുതിർന്ന താരങ്ങൾക്കടക്കം നിർദേശങ്ങൾ നൽകിയിട്ടും അത് കൃത്യമായി പിന്തുടരാൻ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഹാർദിക്കിന് പുറമേ സൂര്യകുമാർ യാദവിന്റെ കാര്യത്തിലും പരിശോധന നടന്നേക്കും. സീസണിൽ സൂര്യകുമാറിന്റേതും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. എന്നാൽ ഉടനടി കടുത്ത തീരുമാനത്തിലേക്ക് മാനേജ്മെന്റ് കടക്കില്ലെന്നാണ് സൂചന.

സീസണിൽ ഹാർദിക്കിന്റെ പ്രകടനം ദയനീയമായിരുന്നു. എട്ട് ഇന്നിങ്സുകളിൽ നിന്ന് ആകെ 146 റൺസാണ് ഹാർദിക്കിന്റെ സമ്പാദ്യം. മൂന്ന് വിക്കറ്റുകൾ മാത്രമാണ് നേടാനായത്. മുംബൈയാകട്ടെ ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. 14 മത്സരങ്ങളിൽനിന്ന് നാല് ജയം മാത്രമാണ് ടീമിന് നേടാനായത്. എട്ടുപോയന്റ് മാത്രമാണ് സ്വന്തമാക്കിയിരുന്നത്. ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിൽ നായകൻ ഹാർദിക് പാണ്ഡ്യക്കെതിരേ വൻ വിമർശനങ്ങളുയർന്നിരുന്നു.