ന്യൂഡൽഹി: റെഡ് ബോൾ ക്രിക്കറ്റിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ഗൗതം ഗംഭീർ ഏതെങ്കിലും രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിക്കണമെന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. വൈറ്റ് ബോൾ ഫോർമാറ്റിൽ മികച്ച പ്രകടനം നടത്തുമ്പോഴും ടെസ്റ്റിൽ ഇന്ത്യൻ ടീം ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് പനേസറിന്റെ പ്രതികരണം.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ഗൗതം ഗംഭീറിനെ പരിശീലകസ്ഥാനത്തുനിന്ന് മാറ്റാൻ ബിസിസിഐ നീക്കം നടത്തിയതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുൻ താരം വി.വി.എസ് ലക്ഷ്മണിനെ ഗംഭീറിന് പകരം ടെസ്റ്റ് ടീം പരിശീലകനാക്കാനാണ് ക്രിക്കറ്റ് ബോർഡ് ആലോചിച്ചിരുന്നതെന്നുമാണ് പിടിഐ റിപ്പോർട്ട് ചെയ്തത്.

To advertise here,

"വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗൗതം ഗംഭീർ ഒരു നല്ല പരിശീലകനാണ്. കാരണം അദ്ദേഹം വിജയം നേടിയിട്ടുണ്ട്. എന്നാൽ രഞ്ജി ട്രോഫിയിൽ പരിശീലകനാകുന്നത് അദ്ദേഹത്തിന് പ്രയോജനകരമാകും. റെഡ്-ബോൾ ക്രിക്കറ്റിൽ ഒരു ടീം എങ്ങനെ കെട്ടിപ്പടുക്കണം എന്നതിനെക്കുറിച്ച് രഞ്ജി ട്രോഫിയിൽ പരിശീലനം നൽകിയവരുമായി അദ്ദേഹം സംസാരിക്കണം.- പനേസർ എഎൻഐയോട് പ്രതികരിച്ചു. നിലവിൽ ഇന്ത്യൻ ടീം ടെസ്റ്റ് ക്രിക്കറ്റിൽ ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് യാഥാർഥ്യം. വലിയ മൂന്ന് കളിക്കാർ വിരമിക്കുമ്പോൾ, ബാക്കിയുള്ള കളിക്കാരെ തയ്യാറാക്കി നിർത്താൻ ബുദ്ധിമുട്ടാകുമെന്നും പനേസർ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം ശുഭ്മാൻ ഗിൽ ഒരു സ്വാർത്ഥനായ ക്രിക്കറ്റ് കളിക്കാരനാണെന്നും പനേസർ പ്രതികരിച്ചു. അദ്ദേഹത്തിന് കഴിവുണ്ട്. പക്ഷേ അദ്ദേഹം അലസമായ ഷോട്ടുകൾ കളിക്കാൻ തുടങ്ങുന്നു. വിരാട് കോലിയുടെ തീവ്രതയും ആക്രമണോത്സുകതയും എല്ലാ ഫോർമാറ്റുകളിലും പ്രകടമാണ്. എന്നാൽ ശുഭ്മാൻ ഗില്ലിന് അത് ആവർത്തിക്കാൻ കഴിയില്ല. എല്ലാ ഫോർമാറ്റുകളിലും അദ്ദേഹത്തിന് ക്യാപ്റ്റനാകാനും കഴിയില്ല." പനേസർ കൂട്ടിച്ചേർത്തു.

ന്യൂസീലൻഡിനെതിരെ 3-0ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയെ സ്വന്തം മണ്ണിൽ തകർത്തത്. രണ്ട് മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ് ദക്ഷിണാഫ്രിക്ക 2-0ന് പരമ്പര തൂത്തുവാരിയത്. റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവികൂടിയാണ് രണ്ടാം ടെസ്റ്റിൽ ഗുവാഹാട്ടിയിൽ ഉണ്ടായത്. റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി ഇതിനുമുമ്പ് 2004-ൽ ഓസ്‌ട്രേലിയയോടായിരുന്നു. ഈ കനത്ത തോൽവിക്ക് പിന്നാലെയാണ് റെഡ്ബോൾ ഫോർമാറ്റിൽ ഗംഭീറിനെ മാറ്റാൻ ബിസിസിഐ ആലോചിച്ചത്. എന്നാൽ ലക്ഷ്മൺ ഓഫർ നിരസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരുവിൽ സെന്റർ ഓഫ് എക്സലൻസ് അക്കാദമിയിൽ ഹെഡ് ഓഫ് ക്രിക്കറ്റ് ചുമതല വഹിക്കുന്നതിൽ തൃപ്തനാണെന്ന് അദ്ദേഹം അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.

2027 ഏകദിന ലോകകപ്പ് വരെ ഗംഭീറിന് കരാറുണ്ട്. വൈറ്റ് ബോൾ ഫോർമാറ്റുകളിൽ ഗംഭീറിന്റെ കീഴിൽ ടീം മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്. എന്നാൽ ടെസ്റ്റ് പരമ്പരകളിലെ തോൽവിയാണ് ബിസിസിഐയെ മാറിചിന്തിപ്പിക്കുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ടീമിന്റെ പ്രകടനം ഗംഭീറിന് നിർണായകമാണ്. ടൂർണമെന്റിൽ ഇന്ത്യയുടെ പ്രകടനം തൃപ്തികരമായില്ലെങ്കിൽ പരിശീലകസ്ഥാനം തെറിച്ചേക്കും. അതേസമയം ടെസ്റ്റിൽ മാത്രം മറ്റൊരാളെ പരിശീലകനാക്കാനാണ് ബോർഡിന്റെ ആലോചനയെന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഒൻപത് ടെസ്റ്റുകൾ ബാക്കിയുണ്ട്.നിലവിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.