സംസ്ഥാന നേതാക്കള്‍ കേസില്‍ നിന്നൊഴിവായെങ്കിലും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ് ശിക്ഷിക്കപ്പെട്ടത്

കണ്ണൂർ: സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജനും സംസ്ഥാന സമിതിയംഗം ടി.വി. രാജേഷും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും ഉൾപ്പെടെയുള്ളവർ കുറ്റവിമുക്തരായത് ആശ്വാസമെങ്കിലും നിഷ്ഠുരമായ രാഷ്ട്രീയ കൊലപാതകമെന്ന് വിശേഷിക്കപ്പെട്ട അരിയിൽ ഷുക്കൂർ വധത്തിലെ പാപക്കറ കഴുകാനാകാതെ സി.പി.എം. ഗൂഢാലോചന തെളിയിക്കാനാവാത്തതിനാൽ സംസ്ഥാന നേതാക്കളും ചില പ്രാദേശിക നേതാക്കളും കേസിൽ നിന്നൊഴിവായെങ്കിലും പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ് ശിക്ഷിക്കപ്പെട്ടത്.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമുതൽ ഡി.വൈ.എഫ്.ഐ. നേതാക്കൾവരെ ഇക്കൂട്ടത്തിലുണ്ട്. ക്വട്ടേഷൻ സംഘങ്ങൾ കൃത്യം നിർവഹിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ കൊലപാതക രീതിയിൽനിന്ന് മാറി പാർട്ടിനേതാക്കളും സാധാരണ പ്രവർത്തകരുമാണ് പ്രതിചേർക്കപ്പെട്ടതെന്ന സവിശേഷതയും ഷുക്കൂർ വധക്കേസിലുണ്ട്. വിധി തങ്ങൾക്ക് അനുകൂലമാണെന്ന പ്രതീതിയുണ്ടാക്കാൻ സി.പി.എം. ശ്രമിക്കുന്നുണ്ടെങ്കിലും പ്രവർത്തകരും പ്രാദേശിക നേതാക്കളും ശിക്ഷിക്കപ്പെട്ടത് പ്രതിസന്ധിയാണ്. ചില സാക്ഷികൾ കോടതിയിൽ എത്താതിരുന്നതോടെ ജയരാജനും രാജേഷിനുമെതിരായ ഗൂഢാലോചനക്കേസ് നിലനിൽക്കില്ലെന്ന് സൂചനയുണ്ടായിരുന്നു. ഗൂഢാലോചന തെളിയിക്കാനുള്ള പ്രാഥമിക തെളിവായ സാക്ഷിമൊഴിപോലുമില്ലാത്തത് സി.ബി.ഐ.യ്ക്കും പ്രോസിക്യൂഷനും പ്രതിസന്ധിയാകുകയും ചെയ്തു. അതോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിലാണ് ഗൂഢാലോചന നടന്നതെന്ന സി.ബി.ഐ.യുടെ പ്രധാന കണ്ടെത്തൽ നിലനിന്നില്ല. ഭീഷണി കാരണമാണ് സാക്ഷികൾ ഹാജരാകാതിരുന്നതെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആരോപിക്കുന്നുണ്ട്. കള്ളസാക്ഷികളെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്ന ആരോപണം ജയരാജനും രാജേഷുമുൾപ്പെടെയുള്ള നേതാക്കളും ആവർത്തിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ നടന്ന വിശാല സംസ്ഥാനസമിതി യോഗത്തിലാണ് പി. ജയരാജൻ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗമായത്.
കണ്ണൂരിലെ അണികൾക്കിടയിൽ ഏറെ സ്വാധീനമുള്ള ജയരാജൻ അതിനുശേഷം കൂടുതൽ സ്വീകാര്യത നേടുകയും ചെയ്തു. ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തെ ബാധിക്കുമായിരുന്നു. കുറ്റവിമുക്തനായതോടെ കണ്ണൂർ സി.പി.എമ്മിൽ പി. ജയരാജൻ കൂടുതൽ ശക്തനാകും. വിധിക്കുശേഷം സൈബറിടത്തിൽ അണികൾ നൽകുന്ന പിന്തുണ അതിലേക്കാണ് വിരൽചൂണ്ടുന്നത്. മകൻ കുറ്റവിമുക്തനായത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആശ്വാസമാകും. അണികൾ വൈകാരികമായി കാണുന്ന ഈ കേസിൽ മുഴുവൻ പേരും ശിക്ഷിക്കപ്പെട്ടില്ലെന്ന നിരാശ ലീഗിനുണ്ട്.
കേസ് ഇങ്ങനെ: ലീഗ്-സി.പി.എം. സംഘർഷമുണ്ടായ പട്ടുവം അരിയിൽ മേഖല സന്ദർശിക്കാനെത്തിയ പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന വാഹനം ലീഗ് പ്രവർത്തകർ ആക്രമിച്ചു. സംഘത്തിൽ ഉണ്ടായിരുന്നു എന്ന് ആരോപിച്ച് അബ്ദുൾ ഷുക്കൂർ, സക്കറിയ, അയുബ് എന്നിവരെ സി.പി.എമ്മുമാർ പിടിച്ചുനിർത്തി. പരസ്യവിചാരണചെയ്ത് ഷുക്കൂറിനെ കൊലപ്പെടുത്തി എന്നാണ് കേസ്.
Content Highlights: CPM state leaders P. Jayarajan and T.V. Rajesh acquitted in the Ariyil Shukoor murder case., Local party leaders and workers have been convicted by the court., CBI failed to prove the conspiracy due to lack of primary witness testimonies., The verdict brings relief to the leadership, but local convictions create challenges for the party.
Published: 20 Nov 2026, 04:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented