
കൊച്ചി: കുടുംബത്തിന്റെ ഏകാശ്രയമാണെന്നും ശിക്ഷയിൽ ഇളവു വേണമെന്നും ശിക്ഷിക്കപ്പെട്ട പ്രതികൾ. ജയിലിലേക്ക് അയക്കുകയാണെങ്കിൽ കണ്ണൂരിലെ ജയിലിലേക്ക് അയക്കണമെന്നും പ്രതികളിൽ ചിലർ ആവശ്യമുന്നയിച്ചു.
കുറ്റക്കാരാണെന്നു കണ്ടെത്തിയശേഷം എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. പിതാവ് വി.വി. മോഹനനും തന്റെ അടുത്ത ബന്ധുവായ ദിനേശനും ഈ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഷിജിൻ മോഹൻ പറഞ്ഞു. ഭാര്യയും ചെറിയമകനും അമ്മയുമുണ്ട്. അവരെ സംരക്ഷിക്കാൻ മറ്റാരുമില്ല. മോഹനനും പിന്നീട് ഇതേ കാര്യങ്ങൾ പറഞ്ഞു.
വീട്ടിൽ ആസ്ത്മരോഗിയായ ഭാര്യ മാത്രമേയുള്ളൂവെന്നും സംരക്ഷിക്കാൻ മറ്റാരുമില്ലെന്നും പവിത്രൻ പ്രതികരിച്ചു. പ്രമേഹ രോഗിയാണെന്നും ഭാര്യയും രണ്ടുകുട്ടികളുമുണ്ടെന്ന് മനോഹരൻ പറഞ്ഞു. പ്രായമായ അമ്മയും ഭാര്യയും കുട്ടികളുമുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു എൻ.പി. ദിനേശൻ പറഞ്ഞത്. പിതാവും ഭാര്യാപിതാവും ജീവിച്ചിരിപ്പില്ലെന്നും പ്രായമായ അമ്മയെയും ഭാര്യാമാതാവിനെയും സംരക്ഷിക്കാൻ വേറെയാരുമില്ലെന്നും ബിജുമോൻ ബോധ്യപ്പെടുത്തി. ഭാര്യയും 13 വയസ്സുള്ള മകനുമുണ്ടെന്ന് ഇ.പി. രാധാകൃഷ്ണൻ പറഞ്ഞു. സജിതും കുടുംബത്തിന്റെ കാര്യമാണ് പറഞ്ഞത്.
കുടുംബത്തിന്റെ കാര്യവും പ്രമേഹരോഗവും ചൂണ്ടിക്കാട്ടി എം.വി. പുരുഷോത്തമൻ ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടു. ഭാര്യയും രണ്ട് പെൺമക്കളും പ്രായംചെന്ന അമ്മയുമുണ്ടെന്നും ജീവൻരക്ഷാ പ്രവർത്തകനായിരുന്നെന്നും പി.കെ. അജിത്കുമാർ പറഞ്ഞു. പ്രായമായ അമ്മയും കുടുംബവുമുള്ള കാര്യം പി.പി. സുരേശനും ചൂണ്ടിക്കാണിച്ചു.
അപൂർവത്തിൽ അപൂർവമെന്ന് പ്രോസിക്യൂഷൻ
അപൂർവത്തിൽ അപൂർവമായ കേസാണിതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രതികൾക്കെല്ലാം വധശിക്ഷ നൽകണം. കൊല്ലപ്പെടുമ്പോൾ ഷുക്കൂർ ചെറുപ്പമായിരുന്നു. കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാവാത്തതാണ്.
കുറ്റകൃത്യത്തിന്റെ ഗൗരവസ്വഭാവവും പരിഗണിക്കേണ്ടതുണ്ട്. വീട്ടിൽ അതിക്രമിച്ചുകടക്കലും തടഞ്ഞുവെക്കലും ഉൾപ്പെടെയുള്ള നടപടികൾ കണക്കാക്കുമ്പോൾ പ്രതികൾക്ക് ഏറ്റവുംകൂടിയ ശിക്ഷ നൽകണം. കരുതിക്കൂട്ടിയുള്ള ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും വാദിച്ചു. അപൂർവത്തിൽ അപൂർവമായ കേസല്ലെന്നും ടി.പി. കേസിൽപ്പോലും വധശിക്ഷ നൽകിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
Content Highlights: Convicts in the Ariyil Shukoor murder case asked the court for a reduced sentence, citing being the sole breadwinners of their families., Some convicts requested to be transferred to the Kannur jail., The prosecution argued that the crime was rarest of rare and demanded maximum punishment including the death penalty., The defense argued against the death penalty, citing precedents like the TP case.
Published: 20 Nov 2026, 04:28 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented