ചെന്നൈ: പ്രതിഭാധനരായ ഒട്ടേറേ ക്രിക്കറ്റ് താരങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ട നാടാണ് ഇന്ത്യ. എന്നാല്‍ സുനില്‍ ഗാവസ്‌ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, എം.എസ് ധോനി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ വമ്പന്‍ പേരുകാര്‍ക്കിടയില്‍ പലപ്പോഴും പല താരങ്ങളെയും ആളുകള്‍ മറന്നുപോകാറുമുണ്ട്. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ കാലഘട്ടത്തിന് ശേഷം ചേതേശ്വര്‍ പൂജാരയും കോലിയും അജിങ്ക്യ രഹാനെയും ടെസ്റ്റില്‍ ഇന്ത്യന്‍ മധ്യനിരയുടെ നട്ടെല്ലായി മാറുന്നതിന് വളരെ മുമ്പുതന്നെ ടീമിന്റെ പരിവര്‍ത്തന കാലത്ത് മികച്ച സംഭാവനകള്‍ നല്‍കിയ നിരവധി താരങ്ങളുണ്ടായിരുന്നു. 2008-നും 2014-നും ഇടയ്ക്ക് ധോനിയുടെ ക്യാപ്റ്റന്‍സിയുടെ സമയത്ത് ഏതാനും ചില കളിക്കാര്‍ ഉയര്‍ന്നുവരികയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ ഒരാളായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്.

To advertise here,

ഒരു കാലത്ത് സേവാഗിനൊപ്പവും പിന്നീട് ശിഖര്‍ ധവാനൊപ്പവും ടെസ്റ്റില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് പങ്കാളിയായിരുന്ന വിജയ് പിന്നീട് എപ്പഴോ ടീമില്‍ നിന്ന് പുറത്താകുകയായിരുന്നു. വിദേശ പിച്ചുകളിലടക്കം ഇന്ത്യയുടെ വിശ്വസ്ത ബാറ്ററായിരുന്ന താരം 61 ടെസ്റ്റുകളില്‍ 12 സെഞ്ചുറികളും 15 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 38.29 ശരാശരിയില്‍ 3982 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന വീരേന്ദര്‍ സെവാഗിന് ലഭിച്ച പിന്തുണയും സ്വാതന്ത്ര്യവും ആ സമയം ടീമിലുണ്ടായിരുന്ന തനിക്ക് ലഭിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിജയ്. സ്‌പോര്‍ട്‌സ് സ്റ്റാറിന് വേണ്ടി മുന്‍ താരം ഡബ്ല്യു.വി രാമന് അനുവദിച്ച അഭിമുഖത്തിലായിരുന്നു വിജയിയുടെ വെളിപ്പെടുത്തല്‍.

''സത്യസന്ധമായി പറയുകയാണെങ്കില്‍ വീരേന്ദര്‍ സെവാഗിന് ലഭിച്ച സ്വാതന്ത്ര്യം ടീമില്‍ എനിക്ക് ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന് ലഭിച്ചത് പോലുള്ള പിന്തുണയും തുറന്ന സംഭാഷണവും ലഭിച്ചിരുന്നെങ്കില്‍ ഞാനും എന്തെങ്കിലുമെല്ലാം ശ്രമിച്ച് നോക്കുമായിരുന്നു. രാജ്യാന്തര തലത്തില്‍ ടീമിനായി നല്‍കുന്ന സംഭാവനകളില്‍ ടീമിന്റെ പിന്തുണ വിലപ്പെട്ടതാണ്. രാജ്യാന്തര ക്രിക്കറ്റ് ഉയര്‍ന്ന തലത്തിലുള്ള ഒരു പോരാട്ടയിടമാണ്, അവിടെ നിങ്ങള്‍ക്ക് പരീക്ഷണങ്ങള്‍ക്കായി കൂടുതല്‍ അവസരമൊന്നും കിട്ടില്ല.'' - വിജയ് പറഞ്ഞു.

അതേസമയം സെവാഗ് തകര്‍ത്തടിച്ച് കളിക്കുമ്പോള്‍ മറുവശത്ത് സമാനമായ രീതിയില്‍ ആക്രമിച്ച് കളിക്കാനുള്ള ആവേശം നിയന്ത്രിക്കുന്നത് ശ്രമകരമായ കാര്യമായിരുന്നുവെന്നും വിജയ് പറഞ്ഞു. ആ ശൈലിയില്‍ കളിക്കാന്‍ സെവാഗിനു മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.