കൊല്ലം: മറ്റുപാർട്ടികളിൽനിന്ന് വരുന്നവർ അതിവേഗം വിട്ടുപോകുന്നതിനെച്ചൊല്ലി ബി.ജെ.പി.യിൽ ഭിന്നസ്വരം. വരുന്നവരെ പിടിച്ചുനിർത്താൻ നേതൃത്വത്തിന് കഴിയാത്തത് വീഴ്ചയാണെന്നാണ് പ്രധാന വിമർശനം. മറ്റു കക്ഷികളിലെ പ്രമുഖ നേതാക്കൾ വരുമ്പോൾ ലഭിക്കുന്നതിലേറെ വാർത്താപ്രാധാന്യം പോകുമ്പോൾ ലഭിക്കുന്നതായി മുതിർന്ന നേതാക്കൾ തന്നെ പറയുന്നു. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് അവരുടെ പക്ഷം. പല നേതാക്കളെയും മറ്റു പാർട്ടികളിൽനിന്ന് കൊണ്ടുവരുന്നത്, പ്രാദേശിക നേതൃത്വം അറിയാതെയാണെന്നാണ് മറ്റൊരു വിമർശനം.

To advertise here,

സംസ്ഥാന ഘടകത്തോടുപോലും ആലോചിക്കാതെ ദേശീയ നേതൃത്വത്തിലുള്ള ചിലർ മാത്രമറിഞ്ഞ് നടന്ന കൂറുമാറ്റങ്ങൾ പോലുമുണ്ട്. പദ്മജാ വേണുഗോപാലിന്റെ ബി.ജെ.പി. പ്രവേശനത്തിന് ചരടുവലിച്ചത്, പ്രമുഖ ദേശീയ നേതാവായിരുന്നു. ഈ രീതിക്കെതിരേ ബി.ജെ.പി. സംസ്ഥാനതല യോഗങ്ങളിലും കമ്മിറ്റികളിലും വിമർശനമുയർന്നിരുന്നു. പദ്മജാ വേണുഗോപാലിന് മുൻപുതന്നെ കെ.പി.സി.സി. മുൻ സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബി.ജെ.പി. വിട്ടിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഇദ്ദേഹം ബി.ജെ.പി.യിലെത്തിയത്.

ചലച്ചിത്രമേഖലയിൽനിന്നടക്കം പല കാലങ്ങളിലായി ബി.ജെ.പി.യിലെത്തിയ ഒട്ടേറെപ്പേരുടെ ബാന്ധവം അധികകാലം നിലനിന്നില്ല. മറുകണ്ടം ചാടിയെത്തുന്നവർക്ക് ആദ്യം അർഹിക്കാത്ത സ്ഥാനങ്ങൾ നൽകുകയും പിന്നീട് നിലനിർത്താതിരിക്കുകയും ചെയ്യുന്നത് 'വിട്ടുപോകലി'ലാണ് കലാശിക്കാറുള്ളത്. തിരഞ്ഞെടുപ്പ് വേളയിൽ മറ്റു പാർട്ടികളിൽനിന്നെത്തി മത്സരിച്ചശേഷം അവർ വന്നവഴിക്കു പോകുമെന്നാണ് ബി.ജെ.പി.യിലെ രണ്ടാംനിര നേതാക്കൾ പറയുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് തിരഞ്ഞെടുപ്പുകളിൽ ഇങ്ങനെവന്നവരിൽ വളരെക്കുറച്ചുപേരേ സജീവമായി പാർട്ടിയിൽ തുടരുന്നുള്ളൂവെന്ന, കണക്കും അവർ നിരത്തുന്നു.

എന്നാൽ, മറ്റു പാർട്ടികളിൽ നിന്നെത്തുന്നവരെ ഉൾക്കൊള്ളാനും ഒപ്പംനിർത്താനും വിശാലമനസ്സ് കാണിക്കണമെന്നാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം കേരള നേതാക്കളോട് നിർദേശിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മക്കൾ, എ.പി. അബ്ദുള്ളക്കുട്ടിയെപ്പോലെ ഇടതു വിദ്യാർഥിസംഘടനയുടെ തലപ്പത്ത് പ്രവർത്തിച്ചവർ, സിനിമാതാരങ്ങൾ, ന്യൂനപക്ഷ മുഖങ്ങൾ എന്നിവർ ബി.ജെ.പി.യിലെത്തുന്നതിലൂടെ ദേശീയതലത്തിൽ ലഭിക്കുന്ന സ്വീകാര്യതയിലാണ് അവരുടെ കണ്ണ്.