ന്യൂഡൽഹി: ഇതുവരെ തലയിൽവെച്ചുനടന്ന ഇന്ത്യൻ കോർപ്പറേറ്റുകളെ ഒറ്റദിവസംകൊണ്ട് താഴെയിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളുടെ മുനയെങ്ങോട്ടെന്ന ചർച്ചകൾ സജീവം. കോർപ്പറേറ്റുകളുടെ ലാഭേച്ഛയും സ്വയം നവീകരിക്കാനുള്ള വൈമുഖ്യവുമാണ് രാജ്യത്തിന്റെ വളർച്ചയ്ക്ക് വിഘാതമാകുന്നതെന്നാണ് മോദി തുറന്നടിച്ചത്. സത്യസന്ധതയാണോ സ്വയംസംരക്ഷണമാണോ ഇതിന്റെ ലക്ഷ്യമെന്നാണ് അറിയേണ്ടത്.

To advertise here,

മത്സരാധിഷ്ഠിത ലോകവിപണിയിലേക്ക് പ്രവേശിക്കാൻ സജ്ജരാകാതെ ആഭ്യന്തരവിപണിയുടെ സുരക്ഷിതത്ത്വത്തിൽ കോർപ്പറേറ്റുകൾ അടയിരിക്കുന്നു എന്നായിരുന്നു ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യോഗത്തിൽ പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യത്തിന്റെ യഥാർഥ സാമ്പത്തികസ്ഥിതി മനസ്സിലാക്കിയാണോ അതോ ഇടത്തരക്കാരിലും തൊഴിലാളികളിലും യുവാക്കളിലും അതൃപ്തി വളരുന്നത് അറിഞ്ഞാണോ ഈ നീക്കം എന്നതിലാണ് സംശയം.

സാമ്പത്തികമേഖലയിലെ പ്രശ്നങ്ങളിൽ സർക്കാരിനെ കുറ്റവിമുക്തമാക്കാനുള്ള മോദിയുടെ തന്ത്രമാണിതെന്നാണ് പലകോണിൽനിന്നുമുള്ള നിരീക്ഷണം. ‘മോദിയൻ സാന്പത്തികനയ’ത്തിന്റെ ചാലകശക്തിയായാണ് വൻകിട വ്യവസായരംഗത്തെ പ്രതിഷ്ഠിച്ചിരുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാത്ത വളർച്ചയാണ് ഇതെന്ന വിമർശനം പ്രതിപക്ഷത്തുനിന്ന് ഉയർന്നിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. അതിനാൽ ഇപ്പോഴത്തെ തുറന്നുപറച്ചിലിനെ കുറ്റസമ്മതമായാണ് കോൺഗ്രസുൾപ്പെടെ എടുക്കുന്നത്.

തൊഴിൽകോഡ് അടക്കമുള്ള കാര്യങ്ങളിലും വേതനവർധനയില്ലായ്മയിലും രാജ്യത്ത് പ്രതിഷേധം വളരുന്നു എന്ന തിരിച്ചറിവ് സർക്കാരിനുണ്ടെന്നുവേണം കരുതാൻ. തൊഴിൽ നയങ്ങളിൽ സംഘപരിവാർ സംഘടനയായ ബി.എം.എസ്. പോലും തൃപ്തരല്ല.

എ.ഐ.യുടെയുംമറ്റും വരവോടെ സാങ്കേതികരംഗത്ത് മനുഷ്യശേഷിയുടെ ആവശ്യം കുറയുന്നു, ഐ.ടി. രംഗത്ത് ഉൾപ്പെടെ കൂട്ട പിരിച്ചുവിടലുണ്ടാകുന്നു. പക്ഷേ, ഇതിന്റെയൊന്നും ഉത്തരവാദിത്വം തങ്ങൾക്കല്ല മറിച്ച് കോർപ്പറേറ്റുകൾക്കാണ് എന്ന്‌ വരുത്തിത്തീർക്കാനുള്ള ശ്രമമായി പ്രസംഗത്തെ വ്യാഖ്യാനിക്കുന്നവരുണ്ട്. ചുരുക്കത്തിൽ, കൈകഴുകി മാറിനിൽക്കാനുള്ള മോദിയുടെ ശ്രമം കൈയോടെ പിടികൂടപ്പെട്ടതായിവേണം കാണാൻ.

സ്ഥാനമൊഴിയേണ്ടിവരുമെന്ന് മോദി തിരിച്ചറിഞ്ഞതായി കോൺഗ്രസ്

ന്യൂഡൽഹി: താൻ ഉടൻ ‘സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി’ ആകുമെന്ന് മോദി തിരിച്ചറിഞ്ഞതായും സ്വന്തം നയങ്ങളുടെ പരാജയം മറച്ചുവെക്കാൻ മറ്റുള്ളവരെ പഴിചാരുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പരിഹസിച്ചു.

മോദി നടത്തിയത് കുറ്റസമ്മതമാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി പ്രതിപക്ഷ നേതാവെന്നപോലെ നടിക്കുകയാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. സർക്കാർ നയങ്ങളുടെ ദയനീയമായ പരാജയത്തിന്റെ കുറ്റസമ്മതമാണ് മോദിയുടേതെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി കുറ്റപ്പെടുത്തി.

എന്നാൽ, വ്യവസായപ്രമുഖരെ പ്രചോദിപ്പിക്കാനും സ്വയം വിലയിരുത്താൻ അവരെ പ്രേരിപ്പിക്കാനുമാണ് പ്രധാനമന്ത്രി ഇത്തരമൊരു പരാമർശം നടത്തിയതെന്ന് ജെ.ഡി.യു. നേതാവ് രാജീവ് രഞ്ജൻ പ്രസാദ് പറഞ്ഞു.