ഓവല്‍: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം വെറും 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (1-0).
അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ടീമിനെ അനായാസം വിജയത്തിലെത്തിച്ചു. രോഹിത് 58 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറുമടക്കം 76 റണ്‍സെടുത്തു. ധവാന്‍ 54 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 31 റണ്‍സ് സ്വന്തമാക്കി രോഹിത്തിന് ഉറച്ച പിന്തുണ നല്‍കി. ഏകദിനത്തില്‍ ഇത് 18-ാം തവണയാണ് രോഹിത് - ധവാന്‍ കൂട്ടുകെട്ട് സെഞ്ചുറി പിന്നിടുന്നത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 25.2 ഓവറില്‍ വെറും 110 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. 7.2 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ട് ബാറ്റിങ് നിലംപരിശാക്കിയത്. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മൂന്നാമത്തെ മികച്ച ബൗളിങ് പ്രകടനമാണിത്. മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമി മികച്ച പിന്തുണ നല്‍കി. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റെടുത്തു.
32 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ട് നിരയില്‍ നാലു പേര്‍ പൂജ്യരായി മടങ്ങി. നാലു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
ടോസ് നേടി ഫീല്‍ഡ് ചെയ്യാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ പേസര്‍മാര്‍ പന്തെറിഞ്ഞത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ജേസന്‍ റോയിയെ (0) പുറത്താക്കി ബുംറ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. അതേ ഓവറിലെ അവസാന പന്തില്‍ ജോ റൂട്ടിനെയും (0) ബുംറ മടക്കി. മൂന്നാം ഓവറില്‍ ബെന്‍ സ്റ്റോക്ക്സ് ഷമിയുടെ പന്തില്‍ ഋഷഭ് പന്തിന്റെ ഉഗ്രനൊരു ക്യാച്ചില്‍ പുറത്തായി.
ആറാം ഓവറില്‍ ബുംറ ജോണി ബെയര്‍സ്റ്റോയേയും പന്തിന്റെ കൈയിലെത്തിച്ചു. 20 പന്തുകള്‍ നേരിട്ട് ഏഴു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. എട്ടാം ഓവറില്‍ ലിയാം ലിവിങ്സ്റ്റന്റെ (0) കുറ്റിയും ബുംറ പിഴുതതോടെ ഇംഗ്ലണ്ട് 7.5 ഓവറില്‍ അഞ്ചിന് 26 റണ്‍സെന്ന നിലയിലായി.
പിന്നാലെ മോയിന്‍ അലിയും ബട്ട്ലറും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തിയതിനു പിന്നാലെ അലിയെ പ്രസിദ്ധ് കൃഷ്ണ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. 18 പന്തില്‍ നിന്ന് 14 റണ്‍സെടുത്താണ് അലി മടങ്ങിയത്. പിന്നാലെ 15-ാം ഓവറില്‍ ബട്ട്ലറെ സൂര്യകുമാര്‍ യാദവിന്റെ കൈയിലെത്തിച്ച ഷമി ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും ഇല്ലാതാക്കി.
വാലറ്റത്ത് ഡേവിഡ് വില്ലി (21), ബ്രൈഡന്‍ കാര്‍സ് (15) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ട് സ്‌കോര്‍ 100 കടത്തിയത്. ഒരു ഘട്ടത്തില്‍ എട്ടിന് 68 റണ്‍സെന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ട് ഏകദിനത്തില്‍ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേട് മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് ഇംഗ്ലണ്ടിനെ ആ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 2001-ല്‍ ഓസ്ട്രേലിയക്കെതിരേ 86 റണ്‍സിനു പുറത്തായതാണ് ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്‌കോര്‍.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ വിരാട് കോലി കളിച്ചില്ല.
Content Highlights: England vs India 1st odi at Kennington Oval London Updates
Published: 12 Jul 2022, 09:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented