മുംബൈ: പ്രായരേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാൾ ലെഗ് സ്പിന്നർ രോഹിത് യാദവിനെ ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടീമിൽ നിന്നും ഒഴിവാക്കി. കൂടാതെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് താരത്തിന് രണ്ടു വർഷത്തെ വിലക്കും ബിസിസിഐ ഏർപ്പെടുത്തിയിട്ടുണ്ട്. വൺ-ഡേ, മൾട്ടി-ഡേ പരമ്പരകളിൽ നിന്നാണ് രോഹിതിനെ ഒഴിവാക്കിയത്. രോഹിതിന് പകരക്കാരായി ജൂനിയർ ക്രിക്കറ്റ് കമ്മിറ്റി ആര്യൻ സവ്സാനി, തന്മയ് ബലോദ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

To advertise here,

അടുത്തിടെ ജൂലായിൽ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ അണ്ടർ-19 ടീമിൽ രോഹിത് യാദവ് അംഗമായിരുന്നു. ആ പര്യടനത്തിൽ ആറ് വിക്കറ്റുകൾ നേടിയ താരം, ഇന്ത്യ ഫൈനൽ ടെസ്റ്റ് ജയിച്ച മത്സരത്തിലും കളിച്ചിരുന്നു. തുടർന്ന് രാജ്കോട്ടിലും അഹമ്മദാബാദിലുമായി നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഹോം പരമ്പരയിലേക്കും രോഹിതിനെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ, ശ്രീലങ്കയിൽ വെച്ച് രേഖകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് രോഹിതിന്റെ പ്രായവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തുന്നത്.

ലഭ്യമായ വിവരങ്ങൾ പ്രകാരം രോഹിത്തിന് വ്യത്യസ്ത ജനനവർഷങ്ങൾ രേഖപ്പെടുത്തിയ മൂന്ന് ജനന സർട്ടിഫിക്കറ്റുകൾ ഉണ്ട്. ഇതിൽ 2007, 2009, 2010 എന്നീ വർഷങ്ങളാണ് ജനനതീയതിയായി കാണിച്ചിരിക്കുന്നത്. കൂടാതെ താരത്തിന്റെ ആധാർ കാർഡ് രേഖകളിലും വലിയ ക്രമക്കേടുകൾ ഉണ്ടായിരുന്നു.

ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിൽ രജിസ്റ്റർ ചെയ്തപ്പോൾ 2007 ആയിരുന്നു ജനനവർഷം. എന്നാൽ പിന്നീട് ആധാറിലെ വർഷം 2017-ലും 2020-ലും 2006 ആയി മാറ്റുകയും, വീണ്ടും 2021-ൽ അത് 2009 ആയി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു. ഈ രേഖകളിലെ പ്രശ്‌നങ്ങൾ മുൻനിർത്തി ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ മുൻപ് രോഹിതിനെ ജൂനിയർ ടീമുകളിൽ നിന്ന് മാറ്റിനിർത്തുകയും ബിസിസിഐയെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്നാണ് ബിസിസിഐ താരത്തിന് വിലക്ക് ഏർപ്പെടുത്തിയ കാര്യം അഫിലിയേറ്റ് ചെയ്ത സംസ്ഥാന അസോസിയേഷനുകളെ അറിയിച്ചത്.

രോഹിതിന് പകരക്കാരനായി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ ആര്യൻ സവ്സാനിയെ ഏകദിന ടീമിലും ഹരിയാണ ക്രിക്കറ്റ് അസോസിയേഷന്റെ തന്മയ് ബലോദയെ മൾട്ടി-ഡേ ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്യ റായ്ചന്ദാനി നയിക്കുന്ന ഏകദിന ടീമിൽ ആര്യവീർ സെവാഗും അൻവേ ദ്രാവിഡും കളിക്കുന്നുണ്ട്. യഷ്‌വർധൻ ചൗഹാനാണ് മൾട്ടി-ഡേ ടീമിനെ നയിക്കുന്നത്.

ജൂനിയർ ക്രിക്കറ്റ് താരങ്ങൾക്കിടയിലെ പ്രായതട്ടിപ്പുകൾക്കെതിരെ സിഎബി ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 62 ഓളം താരങ്ങളെയാണ് 2026-27, 2027-28 സീസണുകളിലെ ടൂർണമെന്റുകളിൽ നിന്നും സിഎബി അയോഗ്യരാക്കിയിരിക്കുന്നത്. അയോഗ്യരാക്കപ്പെട്ടവരിൽ 2022-ൽ ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് കിരീടവിജയത്തിൽ പങ്കാളിയായ രവി കുമാറും ഫസ്റ്റ് ക്ലാസ് താരം വിശാൽ ഭട്ടിയും ഉൾപ്പെടുന്നു. രവി കുമാറിന്റെ പ്രായരേഖകളിൽ 45 മാസത്തെ വ്യത്യാസമാണ് സിഎബി കണ്ടെത്തിയത്. പ്രായപരിധി വിഭാഗങ്ങളിലെ യോഗ്യതാ പരിശോധനകൾ അസോസിയേഷൻ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.