ചെന്നൈ: ഐപിഎൽ താര ലേലത്തിൽ ചെന്നൈ സ്വന്തമാക്കിയ ഓൾറൗണ്ടർ അമാൻ ഖാന് നാണക്കേടിന്റെ റെക്കോഡ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരമെന്ന മോശം റെക്കോഡാണ് അമാനെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം നടന്ന വിജയ് ഹസാരെ ട്രോഫിയിൽ ഝാർഖണ്ഡിനെതിരേ പത്തോവറിൽ 123 റൺസാണ് പുതുച്ചേരി ക്യാപ്റ്റൻ കൂടിയായ അമാൻ വഴങ്ങിയത്.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഝാർഖണ്ഡ് പുതുച്ചേരി ബൗളർമാരെ തകർത്തടിച്ചാണ് തുടങ്ങിയത്. കുമാർ കുശാഗ്രയുടെ സെഞ്ചുറിയും അൻകുൾ റോയ്‌യുടെ 98 റൺസിന്റെയും ബലത്തിൽ ടീം 368 റൺസിലെത്തി. പുതുച്ചേരിക്കായി പന്തെറിഞ്ഞ അമാൻ നന്നായി തല്ലുവാങ്ങി. പത്തോവറിൽ 123 റൺസാണ് താരം വഴങ്ങിയത്. ഒരു വിക്കറ്റുമെടുത്തു. അതോടെയാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരമായി അമാൻ മാറിയത്. മത്സരത്തിൽ ചേസ് ചെയ്ത പുതുച്ചേരിയാകട്ടെ 235 റൺസിന് പുറത്തായി.
ഇതിന് മുൻപ് അരുണാചൽ പ്രദേശ് പേസർ മോസുവിന്റെ പേരിലായിരുന്നു ഈ റെക്കോഡ്. ഒൻപത് ഓവറിൽ 116 റൺസാണ് താരം വഴങ്ങിയിരുന്നത്. കഴിഞ്ഞ മാസം ബിഹാറിനെതിരേ നടന്ന മത്സരത്തിലാണ് താരം 116 റൺസ് വഴങ്ങിയത്. ബിഹാറിനായി കൗമാരതാരം വൈഭവ് സൂര്യവംശി 190 റൺസ് അടിച്ചെടുത്ത മത്സരമായിരുന്നു അത്.
2021 ൽ മുംബൈക്കുവേണ്ടിയാണ് അമാന്റെ ലിസ്റ്റ് എ ക്രിക്കറ്റിലെ അരങ്ങേറ്റം. പിന്നീടാണ് പുതുച്ചേരിയിലേക്ക് കൂടുമാറിയത്. അടുത്തിടെ നടന്ന ഐപിഎൽ മിനി ലേലത്തിൽ 40 ലക്ഷം രൂപയ്ക്കാണ് ചെന്നൈ അമാനെ റാഞ്ചിയത്. ഐപിഎല്ലിൽ നേരത്തേ കൊൽക്കത്ത, ഡൽഹി ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
Content Highlights: CSK’s INR 40 lakh signing makes unwanted history, concedes 123 runs in 10 overs
Published: 30 Dec 2025, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented