ചെന്നൈ: കളിക്കാരനെന്ന നിലയിൽ മാത്രമല്ല, ക്യാപ്റ്റനെന്ന നിലയിലുള്ള മഹേന്ദ്ര സിങ് ധോനിയുടെ നേതൃപാടവവും ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. താരങ്ങൾക്ക് കൃത്യമായ ഉപദേശങ്ങൾ നൽകാനും സാഹചര്യത്തിനനുസരിച്ച് പെരുമാറാനും ധോനി പുലർത്തുന്ന വൈഭവം എടുത്തുപറയേണ്ടതാണ്. ഇപ്പോഴിതാ അത്തരമൊരു സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ താരം ആകാശ് ചോപ്ര. വർഷങ്ങൾക്ക് മുൻപ് ചെന്നൈ സൂപ്പർ കിങ്‌സിലെ ഒരു താരം ധോനിയെ അധിക്ഷേപിച്ചെന്നും എന്നാൽ ധോനിയുടെ ശരിയായ രീതിയിൽ വിഷയത്തെ കൈകാര്യം ചെയ്‌തെന്നും ആകാശ് ചോപ്ര ഓർത്തെടുത്തു.

To advertise here,

വിരമിക്കലിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിന് ധോനി നൽകിയ സംഭാവനകളെക്കുറിച്ച് സംസാരിക്കവെയാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്. ചെന്നൈ സൂപ്പർ കിങ്‌സിലെ ഒരു കളിക്കാരൻ ക്യാപ്റ്റനായ ധോനിയോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതായി ചോപ്ര വെളിപ്പെടുത്തി. ആ സാഹചര്യം വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു. ആ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്നും വീട്ടിലേക്ക് തിരിച്ചയക്കണമെന്നും സഹതാരങ്ങൾ ധോനിയോട് ആവശ്യപ്പെട്ടിരുന്നതായും ചോപ്ര പറഞ്ഞു. എന്നാൽ ആ ആവശ്യം ധോനി നിരാകരിച്ചെന്നും മുൻ താരം വെളിപ്പെടുത്തി.

"അദ്ദേഹം ഒരു വിഡ്ഡിയെപ്പോലെയാണ് പെരുമാറുന്നത്, ഞാനാണ് ക്യാപ്റ്റൻ. പെട്ടിയെടുത്ത് അദ്ദേഹത്തെ വീട്ടിലേക്ക് പറഞ്ഞയക്കാൻ എനിക്ക് സാധിക്കും. എന്നാൽ അദ്ദേഹത്തെ കൊണ്ട് പ്രയോജനമുണ്ട്. ചെന്നൈയെ വിജയിപ്പിക്കാൻ സഹായിക്കും. അതിനാൽ കുഴപ്പമില്ല. എന്റെ അഭിമാനവും ഈഗോയും ഞാൻ വിഴുങ്ങും, അവനെ കളിപ്പിക്കുന്നത് തുടരും," ധോനി അന്ന് പറഞ്ഞതായി ചോപ്ര പ്രതികരിച്ചു.

ആ തീരുമാനം ഫലം കണ്ടുവെന്നും അതൊരു മികച്ച തീരുമാനമാണെന്നും ചോപ്ര കൂട്ടിച്ചേർത്തു. അതേസമയം ആ കളിക്കാരന്റെ പേര് വെളിപ്പെടുത്താൻ തയ്യാറായില്ല.

പുതിയ ഐപിഎൽ സീസണിന് മുന്നോടിയായി ടീമിൽ നിലനിർത്തേണ്ട താരങ്ങളുടെ പട്ടിക പ്രഖ്യാപിക്കേണ്ട അവസാന ദിനത്തിലാണ് ധോനി കളിക്കാരനായി ടീമിലുണ്ടാകില്ലെന്ന് ഫ്രാഞ്ചൈസി അറിയിച്ചത്. ഇനി മെന്റർ റോളിൽ ടീമിന്റെ ഭാഗമാകുമെന്ന് ചെന്നൈ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഒന്നര പതിറ്റാണ്ടിലധികം ചെന്നൈയ്‌ക്കൊപ്പമുണ്ടായിരുന്ന ഒരു കരിയറിനാണ് അതോടെ അവസാനമായത്. ടീമിൽ നിന്ന് തന്നെ നിലനിർത്തരുതെന്ന് ധോനി ആവശ്യപ്പെട്ടതായും അത് പ്രകാരമാണ് തീരുമാനമെടുത്തതെന്നും ചെന്നൈ ഉടമ രൂപ ഗുരുനാഥ് അറിയിച്ചു.

ചെന്നൈയുടെ ക്യാപ്റ്റനായിരുന്ന ധോനി അഞ്ച് തവണയാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. 2010, 2011, 2018, 2021, 2023 സീസണുകളിൽ ധോനിയുടെ ടീം കിരീടം ചൂടി. 278 മത്സരങ്ങളിൽ 38.30 ബാറ്റിങ് ശരാശരിയിൽ 5439 റൺസും സ്വന്തമാക്കി. ഇതിൽ 24 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. 158 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുകളുമായി വിക്കറ്റിന് പിന്നിലും തിളങ്ങി.